
ചരിത്രവും, പാരമ്പര്യങ്ങളും, ശീലങ്ങളും പല മൂല്യങ്ങളും നമുക്കു കൈമാറിയത് മുത്തശ്ശീമുത്തച്ഛന്‍മാരാണ്. നമ്മള്‍ മുത്തശ്ശീമുത്തച്ഛന്മാരിലേക്ക് തിരിച്ചു പോകണം. ഒരു മരം അതിന്റെ വേരില്‍ നിന്ന് ശക്തി ശേഖരിച്ച് പുഷ്പിക്കുന്നതും ഫലമണിയുന്നതും പോലെ യുവാക്കള്‍ തങ്ങളുടെ വേരുകളായ മുത്തശ്ശീമുത്തച്ഛന്മാരില്‍ നിന്ന് ശക്തി സംഭരിക്കണം. ഭാവി പൂവണിയുന്നതിലും ഫലം നല്‍കുന്നതിലും ഉത്തരവാദികളായ മുത്തശ്ശീമുത്തച്ഛന്മാരെ നാം ആദരിക്കണം.
ഒരു സന്യാസി എന്ന നിലയില്‍ വൃദ്ധരായ സന്യാസിനി സന്യാസികളെ, സമര്‍പ്പിത ജീവിതത്തിന്റെ മുത്തശ്ശീമുത്തച്ഛന്മാരെ ഓര്‍മ്മിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവരെ മറച്ചു പിടിക്കരുത് കാരണം അവരാണ് ഒരു സന്യാസകുടുംബത്തിന്റെ വിജ്ഞാനം. യുവ സന്യാസികള്‍, പ്രത്യേകിച്ച് നവസന്യാസികള്‍ അവരുമായി ബന്ധമുള്ളവരായിരിക്കണം. അവര്‍ നമുക്ക് മുന്നോട്ടുപോകാന്‍ വളരെ സഹായകരമാകുന്ന എല്ലാ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കും. നമ്മുടെ മരണമടഞ്ഞ മുത്തശ്ശീമുത്തച്ഛമാരെയും നാം പ്രത്യേകം അനുസ്മരിക്കുകയും അവരില്‍ നിന്ന് ലഭിച്ച ധാരാളം നന്മകളെ ഓര്‍ക്കുകയും വേണം.
(കാനഡയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ചു പത്രക്കാരോടു നടത്തിയ സംഭാഷണത്തില്‍ നിന്ന്.)