ജീവവാഹകരായ സ്ത്രീകള്‍ക്ക് ജീവന്റെ ദാനം സ്വീകരിക്കാനുള്ള അവശ്യ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക സാമൂഹ്യവും രാഷ്ട്രീയവുമായ എല്ലാ സ്ഥാപനങ്ങളുടെയും അടിസ്ഥാനപരമായ കടമയാണ്. സ്ത്രീകള്‍ക്ക് തുല്യ അന്തസ്സ് ശരിയായ രീതിയില്‍ ലഭിക്കുന്നതിന് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ക്രിസ്തുവിനു മുമ്പില്‍ രഹസ്യങ്ങള്‍ ഒന്നുമില്ല. അവിടുന്ന് എല്ലാം മനസ്സിലാക്കുന്നു. പക്ഷേ അതുവച്ച് നമ്മെ വിധിക്കുന്നില്ല. താന്‍ കണ്ടുമുട്ടുന്ന ആളുകളുടെ മനസ്സ് അറിയാനുള്ള അത്ഭുതകരമായ ശക്തിയുണ്ടെങ്കിലും കാരുണ്യരഹിതമായ വിധിപ്രസ്താവങ്ങള്‍ നടത്താന്‍ കര്‍ത്താവ് അത് ഉപയോഗിക്കുന്നില്ല. നമ്മെക്കുറിച്ചുള്ള തന്റെ അറിവ് അവിടുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ആരും രക്ഷ നേടുകയില്ലായിരുന്നു. നമ്മെക്കുറിച്ചുള്ള അറിവ് നമുക്ക് നേരെ വിരല്‍ ചൂണ്ടാനല്ല മറിച്ച് നമ്മുടെ ജീവിതങ്ങളെ ആശ്ലേഷിക്കാനും പാപങ്ങളില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കാനുമാണ് അവിടുന്ന് ഉപയോഗിക്കുന്നത്.
നമുക്കു നേരെയുള്ള ക്രിസ്തുവിന്റെ ദൃഷ്ടി നമ്മുടെ കണ്ണഞ്ചിപ്പിക്കുകയും ബുദ്ധിമുട്ടിലാക്കുകയും അല്ല ചെയ്യുന്നത്. മറിച്ച് നമ്മില്‍ തന്നെയുള്ള നന്മ കാണാനും തിന്മയെക്കുറിച്ച് അവബോധം നേടാനുമുള്ള സൗഹൃദ പൂര്‍ണ്ണമായ ഒരു വെളിച്ചമായി നില്‍ക്കുകയാണ്. അവിടുത്തെ കൃപയുടെ സഹായത്തോടെ നമുക്ക് മാനസാന്തരപ്പെടുകയും സൗഖ്യം കരസ്ഥമാക്കുകയും ചെയ്യാം.
(മാര്‍ച്ച് 10 നു സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)