

“ദൈവമില്ലെന്ന് ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു” എന്ന സങ്കീര്‍ത്തന വചനം ഇന്നത്തെ കാലത്തും പ്രസക്തമാണ്. ദൈവത്തെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് കേവലം ഒരു സിദ്ധാന്തമല്ല, മറിച്ച് അത് സാമൂഹികമായ അഴിമതിയിലേക്കും അനീതിയിലേക്കും നയിക്കുന്നു. ദൈവത്തിന്റെ കാരുണ്യവും സ്‌നേഹവും വിസ്മരിക്കപ്പെടുമ്പോള്‍, മനുഷ്യര്‍ പരസ്പരം ആദരിക്കുന്നതിനു പകരം മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിക്കാനും അടിച്ചമര്‍ത്താനുമാണ് ശ്രമിക്കുന്നത്. ഇത് ലോക മെമ്പാടും ദരിദ്രരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനും കാരണമാകുന്നു.
ഡിജിറ്റല്‍ ലോകം ദരിദ്രരോടുള്ള മുന്‍വിധികളെ വര്‍ദ്ധിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങളോട് അങ്ങേയറ്റത്തെ നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്നു. ദരിദ്രരുടെ ശബ്ദം കേള്‍ക്കാത്ത വിധം സാങ്കേതിക വിദ്യകള്‍ അവയെ മറയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ദരിദ്രര്‍ക്ക് ദൈവത്തില്‍ മാത്രമേ ആശ്രയിക്കാന്‍ കഴിയുകയുള്ളൂ. ദൈവം വിശ്വസ്തനും കരുണാമയനുമായതുകൊണ്ട് അവന്‍ ദരിദ്രരുടെ നിലവിളി കേള്‍ക്കുന്നു. ദൈവത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ മാത്രമാണ് ദരിദ്രര്‍ക്ക് തങ്ങളുടെ അന്തസ്സ് തിരിച്ചുപിടിക്കാനും പ്രതീക്ഷ യോടെ മുന്നോട്ടു പോകാനും കഴിയുന്നത്.
അതിനാല്‍, ദൈവം മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിലൂടെയാണ് ദരിദ്രര്‍ക്ക് യഥാര്‍ത്ഥ സങ്കേതം ലഭിക്കുന്നത്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കായി സ്വയം ചെറുതാക്കിയ ക്രിസ്തു, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ക്ഷീണിതര്‍ക്കും ആശ്വാസദായകനുമാണ്. ആധുനിക സമൂഹത്തില്‍, ദരിദ്രര്‍ എന്നത് കേവലം ഭക്ഷണമില്ലാത്തവര്‍ മാത്രമല്ല, മറിച്ച് മുഖവും ശബ്ദവും നഷ്ടപ്പെട്ടവരും കൂടിയാണ്. അതിനാല്‍, സഭയിലൂടെ അവര്‍ക്ക് യേശുവിന്റെ സ്‌നേഹവും കരുതലും നല്‍കേണ്ടത് ഏവരുടെയും കടമയാണ്. സഭ ദരിദ്രരുടെ സഭയായി രിക്കണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടര്‍ക്ക് അവിടെ മുന്‍ഗണന നല്‍കണമെന്നും ‘ദിലെക്‌സി തേ’യില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
സഭയും വിശ്വാസികളും ദരിദ്രര്‍ക്ക് സങ്കേതമാകു ന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുവാന്‍ നാം തയ്യാറാകണം. ദരിദ്രരുടെ അരികിലേക്ക് നാം കടന്നു ചെല്ലണം, അവരുടെ ചിന്തകള്‍ക്കും ആഗ്രഹങ്ങൾ ക്കും കാതോര്‍ക്കണം. ദരിദ്രരെ സഹായിക്കുന്നവരും സഹായം സ്വീകരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുകയും ഓരോ വ്യക്തിയും ദൈവത്തിന്റെ ദാനമാണെന്നത് തിരിച്ചറിയുകയും വേണം. ദരിദ്രരോടൊപ്പം ആയിരിക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സന്തോഷം കണ്ടെത്താന്‍ കഴിയൂ.
(2026 നവംബര്‍ 15-ന് ആചരിക്കുന്ന, പത്താം ആഗോള ദരിദ്ര ദിനത്തോടനുബന്ധിച്ച്, ‘കര്‍ത്താവ് ദരിദ്രരുടെ സങ്കേതമാണ്’ (സങ്കീര്‍ത്തനം 14:6) എന്ന വചനത്തെ ആസ്പദമാക്കി പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്നും.)