
നാം പ്രതികരിക്കുന്നതുവരെ ദൈവം തന്റെ ക്ഷണം നമുക്കു നല്‍കിക്കൊണ്ടിരിക്കും. പക്ഷേ അവിടുന്ന് ആരേയും നിര്‍ബന്ധിക്കുന്നില്ല. ഒന്നും അടിച്ചേല്‍പിക്കുന്നില്ല. സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരായിരുന്നതുകൊണ്ട് ദൈവത്തിന്റെ ക്ഷണം സ്വീകരിക്കുന്നതില്‍ എത്ര തവണ നാം പരാജയപ്പെട്ടു? എങ്കിലും ദൈവം മടുപ്പു ഭാവിക്കുന്നില്ല. നാം സ്വീകരിക്കുന്നതുവരെ അവിടുന്ന് ക്ഷണിച്ചുകൊണ്ടേയിരിക്കും.
നമ്മുടെ ഉദാസീനതക്കുള്ള മറുമരുന്ന് യേശുവാണ്. അവിടുന്ന് നമ്മെ സ്വതന്ത്രരാക്കുകയും ദൈവത്തിനു സമര്‍പ്പിക്കാനായി സമയം കണ്ടെത്താന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഈ വിമോചനം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്നു. തിന്മയില്‍ നിന്നും ഏകാന്തതയില്‍ നിന്നും അര്‍ത്ഥശൂന്യതയില്‍ നിന്നും അതു നമ്മെ രക്ഷിക്കുന്നു.
കര്‍ത്താവിനോടൊപ്പമായിരിക്കുന്നതും അവിടുത്തേക്കായി സ്ഥലമൊരുക്കുന്നതും നല്ലതാണ്. വി.കുര്‍ബാനയില്‍, ദൈവവചനശ്രവണത്തില്‍, പ്രാര്‍ത്ഥനയില്‍, ഉപവിപ്രവര്‍ത്തനങ്ങളില്‍, ഏകാകികളോടൊപ്പമായിരിക്കുന്നതില്‍, വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നതില്‍ എല്ലാം നാം ഇതാണു ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതെല്ലാം സമയം പാഴാക്കലാണെന്നു ചിന്തിക്കുന്നവരുണ്ടാകാം. അവര്‍ സ്വന്തം സ്വാര്‍ത്ഥതയുടെ ലോകത്തില്‍ അടച്ചിരിക്കുന്നു. അതു ദുഃഖകരമാണ്.
(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)