യാഥാര്‍ത്ഥ സൗഹൃദം സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു

യാഥാര്‍ത്ഥ സൗഹൃദം സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു

യുദ്ധത്തിന്റെയും, വിഭജനങ്ങളുടെയും ഭയം മനുഷ്യമനസ്സുകളെ കാര്‍ന്നു തിന്നുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ സൗഹൃദം സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതാണ്. ഓരോ വ്യക്തിയും വ്യതിരിക്തരാണ്, എന്നാല്‍ ഈ വ്യത്യാസങ്ങള്‍ ശത്രുതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നത് ഏറെ ദയനീയമാണ്. ഏകാന്തതയും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന നിസ്സംഗത മുഖമുദ്രയായിരിക്കുന്ന ഒരു കാലഘട്ടത്തില്‍, സൗഹൃദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥവത്താണ്.

ആര്‍ക്കും ഒരിക്കലും സ്വയം രക്ഷിക്കുക സാധ്യമല്ല. അതിനാലാണ് ചരിത്രത്തില്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം തന്റെ സ്വന്തം പുത്രനെ ഈ ലോകത്തിലേക്ക് അയയ്ക്കുന്നത്. അതിലൂടെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഒരു പാത തുറക്കുകയായിരുന്നു അവിടുന്ന്. ഏകാന്തതയുടെ നിശ്ശബ്ദതയെയും, നിസ്സംഗതയേയും ഒഴിവാക്കുന്ന പ്രത്യാശയുടെ വചനമാണ് ഇത്.

യേശു, സുഹൃത്തെന്ന നിലയിലാണ് തന്നെ അവതരിപ്പിക്കുന്നത്. ഇത് അവന്റെ വാത്സല്യത്തിന്റെയും സാന്ത്വനത്തിന്റെയും സ്‌നേഹ സാന്നിദ്ധ്യത്തിന്റെയും പ്രതിഫലനമായി ഇന്നും നാം അനുഭവിക്കുന്നു. ഇപ്രകാരം സൗഹൃദം നമ്മുടെ ഉള്ളു തുറക്കുവാനും മനസ്സിലാക്കുവാനും മറ്റുള്ളവരെ പരിപാലിക്കുവാനും ഒറ്റപ്പെടലില്‍നിന്നും പുറത്തുകടന്നുകൊണ്ട് ആശ്വാസപ്രദമായ ഒരു ജീവിതം പങ്കുവയ്ക്കുവാനും നമ്മെ സഹായിക്കുന്നു.

അതിനാല്‍ സ്‌നേഹത്തില്‍ അധിഷ്ഠിതവും സ്വാതന്ത്ര്യത്തില്‍ വളരുന്നതുമായ ഒരു സൗഹൃദം വളര്‍ത്തിയെടുക്കുവാനും, അനുരഞ്ജനത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാര്‍ഗത്തിലൂടെ ഇനിയും അനേകരെ ഏകാന്തതയില്‍ നിന്നും രക്ഷിക്കുവാനും നമുക്കു സാധിക്കണം.

('വ്യക്തികള്‍ക്കിടയിലെ സൗഹൃദം' പ്രമേയമായി ഇറ്റലിയിലെ റിമ്‌നി രൂപതയില്‍ നടന്ന സമ്മേളനത്തിനയച്ച സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org