ആഘോഷിക്കാതെ ക്ഷമ നല്‍കുവാന്‍ ദൈവത്തിനറിയില്ല!

ആഘോഷിക്കാതെ ക്ഷമ നല്‍കുവാന്‍ ദൈവത്തിനറിയില്ല!

ആഘോഷിക്കാതെ ക്ഷമ നല്‍കുന്നതെങ്ങിനെയെന്നു ദൈവത്തിനറിയില്ല! പുത്രന്‍ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവ് ആഘോഷിക്കുന്നത്. എപ്പോഴും അനുകമ്പയോടെയും ആര്‍ദ്രതയോടെയും ക്ഷമിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിലേയ്ക്കാണ് ഈ ഉപമ നമ്മെ നയിക്കുന്നത്. ദൈവം എല്ലായ്‌പോഴും ക്ഷമിക്കുന്നു. നമുക്കാണു ക്ഷമ ചോദിക്കുന്നതില്‍ മടുപ്പുണ്ടാകുന്നത്.

ദൈവം നമ്മെ തിരികെ ക്ഷണിക്കുക മാത്രമല്ല, ആഹ്ലാദിക്കുകയും നമുക്കായി വിരുന്നൊരുക്കുകയും ചെയ്യുന്നു. പിതാവായ ദൈവം നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നതും നമുക്കായി കാത്തിരിക്കുന്നുവെന്നതും ഹൃദയസ്പര്‍ശിയാണ്.

പിതാവിനോടു കൂറു പുലര്‍ത്തുന്ന മൂത്ത പുത്രന്‍ ഒരു പ്രതിസന്ധിയിലേയ്ക്കു നീങ്ങുന്നതു നമുക്കു കാണാം. തെറ്റു ചെയ്തവരോടുള്ള പിതൃനിര്‍വിശേഷമായ സമീപനം നമ്മെയും പ്രതിസന്ധിയിലാക്കാവുന്നതാണ്. മൂത്ത പുത്രന്റെ പക്ഷം ചേരുവാന്‍ നമുക്കും പ്രലോഭനമുണ്ടാകും. കാരണം, അവന്‍ എപ്പോഴും തന്റെ കടമ ചെയ്തവനാണ്, വീടുപേക്ഷിക്കാത്തവനാണ്. ''അങ്ങയുടെ ഈ പുത്രന്‍'' എന്നു വിരല്‍ ചൂണ്ടിക്കൊണ്ടാണ് പിതാവിന്റെ ആഘോഷത്തെ മൂത്ത പുത്രന്‍ എതിര്‍ക്കുന്നത്. പിതാവിനെ മനസ്സിലാക്കുകയില്ലെന്ന് അവന്‍ പ്രഖ്യാപിക്കുന്നു. ഈ വാക്കുകളിലുണ്ട് അവന്റെ പ്രശ്‌നം. കല്‍പനകള്‍ നിറവേറ്റുന്നതിലും ഉത്തരവാദിത്വബോധത്തിലും മാത്രം അധിഷ്ഠിതമാണ് പിതാവിനോടുള്ള അവന്റെ ബന്ധം. നമുക്കും ഈ പ്രശ്‌നം ഉണ്ടായേക്കാം. ദൈവം പിതാവാണെന്ന കാഴ്ച നഷ്ടപ്പെടുകയും അരുതുകളും കടമകളും കൊണ്ടു നിര്‍മ്മിച്ച ഒരു മതാനുഷ്ഠാനം മാത്രമായി ജീവിതം മാറുകയും ചെയ്‌തേക്കാം. ഇത് അയല്‍ക്കാരോടു നമ്മെ കര്‍ക്കശക്കാരാക്കുകയും അവരെ സഹോദരങ്ങളായി കാണാത്ത സ്ഥിതിയുണ്ടാക്കുകയും ചെയ്‌തേക്കാം.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org