

ആഹാരം വെറുമൊരു വില്‍പനച്ചരക്കു മാത്രമായി കാണരുത്. ആഹാരം നഷ്ടപ്പെടുത്തുന്നതും പാഴാക്കുന്നതും കുറയ്ക്കാനുള്ള നടപടികള്‍ ആവശ്യമാണ്. അതിനൊരു സമൂലമായ വീക്ഷണമാറ്റവും ആവശ്യമായിരിക്കുന്നു. എല്ലാത്തിനെയും സാമ്പത്തികത്തിന്റെയോ ലാഭത്തിന്റെയോ കണ്ണുകളിലൂടെ മാത്രം കാണരുത്.
ആഹാരത്തിന് ഒരു ആധ്യാത്മികാടിസ്ഥാനമുണ്ട്. അതു ശരിയായി കൈകാരര്യം ചെയ്യുന്നതിന് ഒരു ധാര്‍മ്മികത സ്വീകരിക്കണം. ആഹാരത്തെ കുറിച്ചു പറയുമ്പോള്‍,ജീവിക്കാനുള്ള മൗലികാവകാശത്തിന്റെയും ഓരോ വ്യക്തിയുടെയും അന്തസ്സാര്‍ന്ന നിലനില്‍പിനെയും കുറിച്ചു ചിന്തിക്കണം. ഭക്ഷ്യോത്പാനത്തിന്റെ പിന്നിലുള്ള സാമൂഹ്യവും മാനവീകവുമായ എല്ലാത്തിനെയും അവഗണിക്കുന്ന അഹങ്കാരത്തെയാണ് ഭക്ഷണം പാഴാക്കുന്നവര്‍ കാണിക്കുന്നത്. ആഹാരം വലിച്ചെറിയുന്നത് അതിന്റെ പിന്നിലുള്ള അധ്വാനത്തെയും ഊര്‍ജത്തെയും വിലമതിക്കാന്‍ കഴിയാത്തതുകൊണ്ടാണ്.
എല്ലാവര്‍ക്കും മതിയായ ആഹാരം കൊടുക്കാന്‍ കഴിയാത്തതിന്റെ കാരണം ജനസംഖ്യാവര്‍ദ്ധനവ് ആണെന്ന് ഇനിയും പറയാനാവില്ല. ഭൂമിയുടെ വിഭവസ്രോതസ്സുകള്‍ പുനഃവിതരണം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവാണ് ആഗോള വിശപ്പിന്റെ അടിസ്ഥാനപരമായ കാരണം. പാഴാക്കുന്ന ഭക്ഷണം വിശക്കുന്നവരുടെ പക്കല്‍ നിന്നെടുത്തതാണ്.
(ആഹാരം പാഴാക്കുന്നതിനെതിരെയുള്ള ദിനാചരണം നടത്തുന്ന ലോക ഭക്ഷ്യ കൃഷി സംഘടനയ്ക്കയച്ച കത്തില്‍ നിന്ന്)