
നോമ്പ് അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണമാണ്. പാപത്തിന്റെ അടിമത്തത്തില്‍ നിന്നു ദൈവവുമായുള്ള അനുരഞ്ജനം നല്‍കുന്ന സ്വാതന്ത്ര്യത്തിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള അവസരം. മാതൃഭൂമിയില്‍ മടങ്ങിയെത്താന്‍ നാല്‍പതു വര്‍ഷം ദൈവജനം മരുഭൂമിയിലൂടെ നടത്തിയ ദുഷ്‌കരയാത്രയെ ഓര്‍മ്മിപ്പിക്കുന്നു നോമ്പ്.
മരുഭൂമിയില്‍ അലഞ്ഞ നാല്‍പതു വര്‍ഷത്തിനിടെ നിരവധി പ്രലോഭനങ്ങള്‍ ഇസ്രായേല്‍ക്കാര്‍ നേരിട്ടു. അതുകൊണ്ട്, പ്രലോഭനങ്ങള്‍ നമുക്കൊപ്പവും ഉണ്ടാകും. ദൈവത്തിലേയ്ക്കുള്ള നമ്മുടെ യാത്രയെ നമ്മുടെ അനാരോഗ്യകരമായ ബന്ധങ്ങള്‍ തടയുന്നു. നമ്മുടെ പാപങ്ങളും പണത്തിന്റെ വ്യാജസുരക്ഷിതത്വങ്ങളും നമ്മെ പിന്നോട്ടു വലിക്കുന്നു. ഈ പ്രയാണം ആരംഭിക്കുന്നതിനു നമ്മുടെ മതിഭ്രമങ്ങളെ നാം വലിച്ചു മാറ്റേണ്ടതുണ്ട്.
ഈ പ്രയാണം നമ്മുടെ സ്വന്തം ശക്തി കൊണ്ടു നമുക്കു നടത്താനാവില്ല. ആത്മാര്‍ത്ഥമായ മാനസാന്തരവും അതു പ്രകടമാക്കുന്നതിനുള്ള പ്രവൃത്തികളും കര്‍മ്മങ്ങളും ഇതിനാവശ്യമാണ്. നമ്മുടെ കഴിവിനാലോ യോഗ്യതയാലോ അല്ല മറിച്ച് അവിടുത്തെ കൃപയാലാണ് ഈ മടക്കയാത്ര സാദ്ധ്യമാകുന്നത്.
(വിഭൂതി ബുധനാഴ്ച ദിവ്യബലിയര്‍പ്പണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)