വിശ്വാസം സന്തോഷത്തോടെ ജീവിക്കുക

വിശ്വാസം സന്തോഷത്തോടെ ജീവിക്കുക

സഭ സന്തോഷം കൊണ്ടു നിറയട്ടെ. ആഹ്ലാദിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ തന്നെത്തന്നെ നിഷേധിക്കുകയാണു സഭ ചെയ്യുന്നത്. കാരണം, തന്നെ രൂപപ്പെടുത്തിയ സ്‌നേഹത്തെ അവള്‍ മറന്നു പോകുന്നു. പക്ഷേ, മുറുമുറുപ്പും വിമര്‍ശനവും ഇല്ലാതെ വിശ്വാസത്തെ സന്തോഷത്തോടെ ജീവിക്കുവാന്‍ നമ്മിലെത്ര പേര്‍ക്കു കഴിയുന്നു? യേശുവുമായി സ്‌നേഹത്തിലുള്ള സഭയ്ക്ക് ശണ്ഠകള്‍ക്കോ പരദൂഷണത്തിനോ തര്‍ക്കങ്ങള്‍ക്കോ സമയമുണ്ടാകില്ല. അസഹിഷ്ണുതയുടെയും കോപത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും പിടിയില്‍ നിന്നു ദൈവം നമ്മെ സ്വതന്ത്രരാക്കട്ടെ. ഇതൊരു ശൈലിയുടെയല്ല, മറിച്ചു സ്‌നേഹത്തിന്റെ കാര്യമാണ്. സ്‌നേഹിക്കുന്ന എല്ലാവരും, വി.പൗലോസ് ശ്ലീഹാ പറയുന്നതു പോലെ മുറുമുറുപ്പില്ലാതെ എല്ലാം ചെയ്യുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ശുദ്ധമായ സ്‌നേഹസ്രോതസ്സുകളിലേയ്ക്കു നമുക്കു മടങ്ങാം. കൗണ്‍സിലിന്റെ തീക്ഷ്ണത നമുക്കു വീണ്ടും കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യാം.

സാത്താന്‍ നമുക്കിടയില്‍ വിഭാഗീയതയുടെ വിത്തുകള്‍ വിതയ്ക്കുന്നു. അവന്റെ തന്ത്രങ്ങള്‍ക്കു നമുക്കു വഴങ്ങാതിരിക്കാം. ധ്രുവീകരണത്തിന്റെ പ്രലോഭനങ്ങള്‍ക്കു കീഴ്‌പ്പെടാതിരിക്കാം. സഭയില്‍ ഏതെങ്കിലുമൊരു പക്ഷം പിടിക്കുന്നവര്‍ സഭാമാതാവിന്റെ ഹൃദയം കീറുകയാണ്. എല്ലാവരുടേയും ശുശ്രൂഷകരാകേണ്ടതിനു പകരം സ്വന്തം ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവരായി എത്രയോ തവണ മാറിയിരിക്കുന്നു. പുരോഗമനവാദികളും യാഥാസ്ഥിതികരുമായും വലതുവാദികളും ഇടതുവാദികളുമായും മാറിയിരിക്കുന്നു. എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളും നമ്മുടെ സഹോദരങ്ങളുമാണ്. ധ്രുവീകരണത്തെ നമുക്കു മറികടക്കുകയും കൂട്ടായ്മയെ സംരക്ഷിക്കുകയും ചെയ്യാം. നമുക്കു കൂടുതല്‍ കൂടുതലായി 'ഒന്നായി' മാറാം.

(രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ സെ.പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org