നാട്യം സഭയുടെ വിശ്വാസ്യത തകര്‍ക്കും
ഇരട്ടജീവിതം നയിക്കുന്നത് ആധികാരികമായ ക്രൈസ്തവസാക്ഷ്യത്തിനും സഭയുടെ വിശ്വാസ്യതയ്ക്കും അപകടമുണ്ടാക്കും. നിയമജ്ഞരും ഫരിസേയരും മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടി മാത്രമാണ് എല്ലാം ചെയ്തത്. അവര്‍ക്കെതിരെ വളരെ കഠിനമായ വാക്കുകളാണ് യേശു ഉപയോഗിച്ചത്. സഭാനേതൃത്വത്തിലുള്ളവര്‍ ഇതു ചെയ്യുമ്പോള്‍ അവര്‍ക്കു മാത്രമല്ല അതു പ്രശ്‌നമാകുന്നത്. ഉത്തരവാദിത്വത്തിലേക്കു വിളിക്കപ്പെട്ട എല്ലാവര്‍ക്കുമാണ്. ക്രിസ്തു നല്‍കിയ ഈ നിയമം പുരോഹിതനോ സഭാപ്രവര്‍ത്തകനോ രാഷ്ട്രീയക്കാരനോ അധ്യാപകനോ മാത്രമല്ല ബാധകമായിരിക്കുന്നത്. മറ്റുള്ളവരോടു പുറയുന്നത് സ്വയം ചെയ്യുക.
വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധമില്ലായ്മ വ്യക്തികളെന്ന നിലയ്ക്കും ക്രൈസ്തവരെന്ന നിലയ്ക്കും നമ്മുടെ വിശ്വാസ്യത തകര്‍ക്കുന്നു. മനുഷ്യാവസ്ഥയുടെ ബലഹീനതകളെ അംഗീകരിക്കുമ്പോള്‍ തന്നെ, കാപട്യമുള്ള ഹൃദയമുണ്ടായിരിക്കുക എന്നത് മറ്റൊരു വിഷയമാണ്. ഇത് ക്രൈസ്തവരെന്ന നിലയ്ക്കുള്ള സാക്ഷ്യത്തിനു മാത്രമല്ല ആന്തരികജീവിതത്തിനും ഹാനികരമാകുന്നു. പുറത്തു ഭംഗിയും അകത്തു ഹീനതയും ഉണ്ടായിരിക്കുക എന്ന കുതന്ത്രം വളരെ സാധാരണമാണ്. പക്ഷേ ക്രൈസ്തവരെ സംബന്ധിച്ച് അതു ഭയജനകമായ രോഗമാണ്. സഭയില്‍ പോലും മുഖം രക്ഷിക്കാന്‍ നാം പ്രലോഭിതരാകുമ്പോള്‍ ഈ ആന്തരികതയെക്കുറിച്ച് കരുതലുള്ളവരാകണം.
(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)