കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലാളികളെ അവഗണിക്കരുത്

കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലാളികളെ അവഗണിക്കരുത്

പകര്‍ച്ചവ്യാധി മൂലം തൊഴില്‍ വിപണിയുടെ പാര്‍ശ്വങ്ങളിലേയ്ക്കു പുറന്തള്ളപ്പെട്ട തൊഴിലാളികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയും വേണം. 2020-ല്‍ അഭൂതപൂര്‍വകമായ തൊഴില്‍ നഷ്ടം ലോകമെങ്ങും നാം കണ്ടു. കോവിഡ് ഭീഷണി തീരുന്നതോടെ വര്‍ദ്ധിച്ച സാമ്പത്തിക ഇടപാടുകളിലേയ്ക്കു മടങ്ങി വരാനുള്ള ധൃതിയില്‍ നാം ലാഭത്തെക്കുറിച്ച് അമിതമായി ചിന്തിക്കരുത്. ഒഴിവാക്കാന്‍ കഴിയുന്നവരായ സഹോദരങ്ങള്‍ക്കെതിരെ വിവേചനം കാണിക്കരുത്. നേരെ മറിച്ച്, മാന്യവും അന്തസ്സുള്ളതുമായ തൊഴില്‍ സാഹചര്യങ്ങളിലധിഷ്ഠിതമായ ഒരു പുതിയ ഭാവി പടുത്തുയര്‍ത്താനുള്ള മാര്‍ഗങ്ങളാണു നാം തേടേണ്ടത്. പിന്നിലായിപ്പോയവരെ 'പുരോഗതിയുടെ അള്‍ത്താരയില്‍' നാം ബലി കൊടുക്കരുത്.

1931-ലെ വാള്‍സ്ട്രീറ്റ് പ്രതിസന്ധിക്കു ശേഷവും മഹാമാന്ദ്യത്തിന്റെ സമയത്തും ചെയ്ത കാര്യങ്ങള്‍ നാം പിന്തുടരണം. തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കുമിടയിലെ അസമത്വങ്ങള്‍ നിരാകരിക്കപ്പെടണമെന്നു അന്നു പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു. തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റാനുള്ള തുക മാത്രം കൂലിയായി ലഭിച്ചാല്‍ പോരാ എന്നതായിരുന്നു അന്നത്തെ സാഹചര്യത്തില്‍ പോലും സഭ സ്വീകരിച്ച നിലപാട്. മറിച്ച് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും കഴിയുന്ന തരത്തില്‍ നിക്ഷേപം നടത്താന്‍ ഉള്ളതു കൂടി വേണം.
ആരോഗ്യ പരിചരണം, ഭക്ഷണം, അടിസ്ഥാനാവശ്യങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്നുവെന്നുറപ്പാക്കുന്ന സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണം. സാമൂഹ്യസുരക്ഷാസംവിധാനങ്ങളുടെ അഭാവമാണ് ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ച ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും നിയമവിരുദ്ധ തൊഴിലുകള്‍ക്കും സാഹചര്യമൊരുക്കിയത്. കോവിഡ് മൂലം ഇപ്പോഴും ദുരിതമനുഭവിക്കുന്നവരും തൊഴില്‍ വിപണിയുടെ പാര്‍ശ്വങ്ങളിലുള്ളവരുമായ അവിദഗ്ദ്ധ തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍, കുടിയേറ്റത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു നാം പ്രത്യേകമായ മുന്‍ഗണന നല്‍കണം.

(അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഉച്ചകോടിക്കു നല്‍കിയ വീഡിയോ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org