റഷ്യന്‍ - ഉക്രെയ്‌നിയന്‍ യുദ്ധം ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ആഗോള തരംഗത്തെ അഴിച്ചുവിട്ടു. എന്തുമാത്രം ഇരകള്‍, പരിക്കുകള്‍, നാശനഷ്ടങ്ങള്‍, വേദനകള്‍, കണ്ണീര്‍! ഇത് ഭയാനകമായ വിധത്തില്‍ നീണ്ടു പോകുന്നു. ഒരു അന്ത്യം അടുത്തെങ്ങും കാണുന്നില്ല. പീഡിതരായ ഉക്രെയ്‌നിയന്‍ ജനതയോട് എന്റെ ഗാഢമായ സ്‌നേഹം ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. നിരപരാധികളായ അസംഖ്യം ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. നീതിനിഷ്ഠവും സുസ്ഥിരവുമായ സമാധാനത്തിനായുള്ള ഒരു നയതന്ത്ര പരിഹാരം കണ്ടെത്താന്‍ ആവശ്യമായ മാനവികത നമുക്കെല്ലാമുണ്ടാകണം.
ദൈവം പ്രകാശമാണെന്നാണ് മലയിലെ രൂപാന്തരീകരണം നമ്മെ പഠിപ്പിക്കുന്നത്. ഈശോയുടെ പ്രകാശമാനമായ മുഖം നമുക്ക് എപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് മുമ്പില്‍ സൂക്ഷിക്കാം. ഈശോയുടെ പ്രകാശത്തില്‍നിന്ന് നമ്മുടെ ദൃഷ്ടിയെ വ്യതിചലിപ്പിക്കാതിരിക്കാം.
ജീവിക്കുന്ന ദൈവവുമായിട്ടുള്ള കണ്ടുമുട്ടല്‍ പ്രധാനമായും നടക്കുന്നത് പ്രാര്‍ത്ഥനയിലൂടെയും ദൈവവചന ശ്രവണത്തിലൂടെയും കൂദാശകളിലൂടെയുമാണ്. വിശേഷിച്ചും കുമ്പസാരത്തിലൂടെയും വിശുദ്ധ കുര്‍ബാനയിലൂടെയും. അപരനില്‍ ദൈവത്തെ കാണാന്‍ വിശ്വാസികള്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ പ്രകാശത്തിന്റെ അന്വേഷകരാകാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു നോമ്പുകാല തീരുമാനം ആകട്ടെ അത്. മനുഷ്യരെ അവരുടെ കണ്ണുകളിലേക്കു നോക്കാന്‍ അത് നമ്മെ സഹായിക്കുന്നു. എല്ലാവരിലും ദൈവത്തിന്റെ പ്രകാശം കാണാന്‍ പഠിക്കുക. ഓരോരുത്തരിലും തിളങ്ങുന്ന ദൈവസൗന്ദര്യത്തെ ആസ്വദിക്കാനുള്ള കഴിവ് വളര്‍ത്തുക. നമ്മോട് അടുപ്പമുള്ളവരില്‍ മാത്രമല്ല നമുക്ക് അറിയാത്തവരിലും നാം ദൈവത്തെ കാണണം. സന്തുഷ്ടരായിരിക്കുന്നവരിലും ദുഃഖിക്കുന്നവരുടെ കണ്ണീരിലും നാം ദൈവത്തെ കാണണം. ജീവിതാശ നഷ്ടപ്പെട്ടവരുടെ നിസംഗമായ കണ്ണുകളില്‍, നമ്മുടെ മുഖത്തേക്ക് നോക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവരുടെ കണ്ണുകളില്‍ നാം ദൈവത്തെ കാണണം.
(ഫെബ്രുവരി 25 ഞായറാഴ്ച, സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)