
രക്തസാക്ഷിത്യം ആവശ്യപ്പെടുന്നത് ചുരുക്കം പേരില്‍ നിന്നാണ്. പക്ഷേ മനുഷ്യര്‍ക്കു മുമ്പില്‍ ക്രിസ്തുവിനെ ഏറ്റുപറയാന്‍ ഒരുങ്ങിയിരിക്കേണ്ടവരാണ് എല്ലാവരും. പീഡനങ്ങള്‍ക്കിടയില്‍ പോലും വിശ്വാസം പ്രഘോഷിക്കാന്‍ നാം സജ്ജരായിരിക്കണം. കുരിശിന്റെ വഴി പിന്തുടര്‍ന്നുള്ള പീഡനങ്ങളാകട്ടെ ഒരുകാലത്തും അവസാനിക്കുകയുമില്ല. ക്രൈസ്തവപീഡനം കഴിഞ്ഞ കാലത്തിന്റെ കാര്യമല്ല. രക്തച്ചൊരിച്ചിലോളം എത്തുന്നില്ലെങ്കില്‍ പോലും യേശുവിനെ അനുകരിച്ചുകൊണ്ട് ദൈവത്തിനും മറ്റുള്ളവര്‍ക്കുമായി സ്വയം സമ്മാനമായി നല്‍കാന്‍ എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ് രക്തസാക്ഷികള്‍ നമ്മോടു പറയുന്നത്.
ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ വൈയക്തികതലത്തിലുള്ള വീരവ്യക്തിത്വങ്ങളല്ല. അവര്‍ ക്രിസ്തുവിന്റെ മുന്തിരിത്തോട്ടമായ സഭയിലെ മൂത്തു വിളഞ്ഞ ഫലങ്ങളാണ്. വി.കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിലൂടെ പരിശുദ്ധാത്മാവ് അവരെ നയിക്കുന്നത് ജീവിതം സ്‌നേഹത്തിന്റെ രഹസ്യത്തില്‍ അധിഷ്ഠിതമാക്കാനാണ്. അതായത്, യേശു തന്റെ ജീവന്‍ അവര്‍ക്കായി നല്‍കിയതിനാല്‍ അവരും സ്വന്തം ജീവന്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി നല്‍കേണ്ടവരാണ്.
രക്തസാക്ഷിത്വത്തെ ഒരു അപൂര്‍വ ദാനമായും സ്‌നേഹത്തിന്റെ പരിപൂര്‍ണ്ണ തെളിവുമായാണ് സഭ കരുതുന്നതെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓര്‍മ്മിപ്പിക്കുന്നു. രക്തസാക്ഷിത്വത്തിലൂടെ ഒരു വിശ്വാസി തന്റെ ഗുരുവിന്റെ പ്രതിച്ഛായയിലേക്ക് ഉയരുകയാണ്. ലോകത്തിന്റെ രക്ഷയ്ക്കായി മരണത്തെ സ്വതന്ത്രമായി സ്വീകരിക്കുന്നതിലൂടെയാണത്.
(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)