ജനനന്മയ്ക്കായി വിട്ടുവീഴ്ച കൂടാതെ പ്രവര്‍ത്തിക്കുക

Work without compromise for the good of humanity.
Published on

കഷ്ടപ്പാടുകളും, തെറ്റിദ്ധാരണകളും, പരിഹാസങ്ങളുമൊക്കെ ജീവിതത്തില്‍ നേരിടേണ്ടി വരുമ്പോഴും, ജനത്തിന്റെ നന്മയ്ക്കായി യാതൊരു വിട്ടുവീഴ്ചയും കൂടാതെ അവസാനംവരെ പ്രവര്‍ത്തിക്കുവാനുള്ള വിളിയാണ്, ജറെമിയ പ്രവാചകനെ പോലെ നാമേവരും സ്വീകരിച്ചിരിക്കു ന്നത്. അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പുരുഷന്മാര്‍ക്ക് ഭക്ഷണം വിളമ്പിയതും, ഏഴ് അപ്പവും ഏതാനും ചെറിയ മീനുകളും കൊണ്ട് നാലായിരം പേരുടെ വിശപ്പടക്കിയതുമൊക്കെ വലിയ അത്ഭുതപ്രവൃത്തികള്‍ ആയിരുന്നുവെങ്കിലും, യേശു തന്റെ മഹത്വം പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നത് സ്വമേധയാ തന്റെ ജീവന്‍ സമര്‍പ്പിക്കുന്നതിലൂടെ ആയിരുന്നു. തന്റെ ദൗത്യം തുടരാന്‍ ആഗ്രഹിക്കുന്ന ഏവരും ഇതുതന്നെ ചെയ്യണമെന്നാണ് കര്‍ത്താവ് വ്യക്തമാക്കുന്നത്.

‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹി ക്കുന്നുവെങ്കില്‍, അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശ് എടുത്തുകൊണ്ട് എന്നെ അനുഗമി ക്കട്ടെ’ എന്ന യേശുവിന്റെ വാക്കുകള്‍, സ്‌നേഹം മാത്രമാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്നത് വെളിപ്പെടുത്തുന്നു. മനുഷ്യനായി നമ്മുടെ ഇടയിലേക്ക് വരികയും, നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തുകൊണ്ട് നമ്മോട് കാണിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രതിനന്ദിയായി, അവിടുത്തോടും സഹോദരീസഹോദരന്മാരോടും നമ്മെ തന്നെ സമര്‍പ്പിച്ചുകൊണ്ട് സ്‌നേഹം പ്രകടമാക്കണം.

ദൈവത്തിന്റെ സഹായത്തോടെ, അവിടുത്തെ അനന്തമായ സ്‌നേഹത്തിന്റെ വിത്തുകള്‍ ലോക മെങ്ങും, ഒരിക്കലും ക്ഷീണിക്കാതെയും അളവില്ലാ തെയും വിതയ്ക്കണം. അപ്രകാരം അപരന് അതില്‍ നിന്നും ഫലങ്ങള്‍ കൊയ്തുകൊണ്ട് സന്തോഷം കണ്ടെത്തുവാന്‍ സാധിക്കണം. സ്‌നേഹത്തിന്റെ വഴിയാണ് ജീവിതത്തിലേക്കുള്ള ഏക വഴി. വിദ്വേഷവും അക്രമവും ഒരിക്കലും നന്മ കൊണ്ടുവരുന്നില്ല; അവ എല്ലായ്‌പ്പോഴും നാശവും മരണവും മാത്രമാണ് വിതയ്ക്കുന്നത്. മുറിവ് എത്ര വലുതായാലും, അപമാനം എത്ര ഗുരുതരമായാലും, തിന്മ നമ്മുടെ മാനവികതയെ വികൃതമാക്കാനും നമ്മുടെ ഹൃദയത്തെ ദുഷിപ്പിക്കാനും നാം അനുവദിക്കരുത്.

ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുമ്പോള്‍ നിരുത്സാഹപ്പെടരുത്. നമ്മുടെ ശക്തി കര്‍ത്താവിലാണ്; അവിടുത്തെ സഹായത്തോടെ എല്ലാം സാധ്യമാണ്. എല്ലാവര്‍ക്കും ദൈവത്തിന്റെ രക്ഷ എത്തിച്ചേരേണ്ടതിനായി, യേശുവിന്റെ തന്റെ ഉദരത്തിലും നസറത്തിലെ ഭവനത്തിലും സ്വീകരിച്ച മറിയത്തെപ്പോലെ, ദൈവസാന്നിധ്യത്തിന്റെ സമാധാനം പകരുന്ന ഒരു പ്രതിഫലനമായും, സ്‌നേഹിക്കാന്‍ നമ്മെ ക്ഷണിക്കുന്ന അവിടുത്തെ പ്രതിധ്വനിയായും മാറുവാന്‍ ഏവര്‍ക്കും സാധിക്കട്ടെ.

  • (ഗണ്ടോള്‍ഫോ കൊട്ടാരത്തിലെ ദേവാലയത്തില്‍, ഓഗസ്റ്റ് 29 ന്, ദിവ്യബലി മദ്ധ്യേ നല്‍കിയ വചന സന്ദേശത്തില്‍ നിന്ന്)

logo
Sathyadeepam Online
www.sathyadeepam.org