

തെറ്റായ ലക്ഷ്യങ്ങളോടെ ക്രിസ്തുവിനെ തേടുന്നവരുണ്ട്. വിശേഷിച്ചും ക്രിസ്തുവിനെ വെറുമൊരു ഗുരുവോ ഒരു ഭാഗ്യചിഹ്നമോ ആയി കരുതുന്നവര്‍. ലോകത്തിന്റെ എല്ലാ ഭാഗത്തും സഭ ജീവിക്കുന്നത് ക്രിസ്തുവിന്റെ ശിഷ്യര്‍ എന്ന നിലയിലാണ്. അവിടുന്ന് നമ്മുടെ സഹോദരനും രക്ഷകനും ആണ്. ഉത്ഥിതനായ ക്രിസ്തു പിതാവിലേക്കുള്ള നമ്മുടെ പാതയില്‍ വെളിച്ചമാകുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയോടെ അവിടുന്ന് നമ്മെ വിശുദ്ധീകരിക്കുന്നു. നമ്മുടെ ജീവിതയാത്രയെ തന്റെ സ്‌നേഹം കൊണ്ട് അവിടുന്ന് പരിവര്‍ത്തനം ചെയ്യുന്നു. നമ്മുടെ ഞരമ്പുകളിലൂടെ രക്തം പോലെ ഒഴുകുന്ന സുവിശേഷമാണിത്.
ദൈവത്തിന്റെ പുത്രന്‍ മനുഷ്യനായി തീര്‍ന്നപ്പോള്‍ അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നത് ശരിയാണ്. പിതാവിന്റെ ഹിതം നിറവേറ്റുന്നതിന് വേണ്ടിയായിരുന്നു അത്. അന്ധര്‍ക്കു കാഴ്ച നല്‍കിക്കൊണ്ട് അന്ധകാരത്തില്‍ അവിടുന്ന് പ്രകാശം പരത്തി. മൂകരുടെ നാവിന്റെ കെട്ടഴിച്ചുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അവിടുന്ന് ശബ്ദം നല്‍കി. ദരിദ്രര്‍ക്കും ക്ഷീണിതര്‍ക്കും വേണ്ടി അപ്പം വര്‍ദ്ധിപ്പിച്ചു കൊണ്ട് നീതിക്കുവേണ്ടിയുള്ള നമ്മുടെ ദാഹത്തെ ശമിപ്പിച്ചു. ഈ കര്‍മ്മങ്ങളെക്കുറിച്ച് കേട്ടവരെല്ലാം യേശുവിനെ തേടി പുറപ്പെട്ടു. അതേസമയത്ത് കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നമ്മോട് ചോദിക്കുകയാണ്, നാം അവിടുത്തെ തേടുന്നത് കൃതജ്ഞത കൊണ്ടാണോ, സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടാണോ, സ്‌നേഹം കൊണ്ടാണോ എന്ന്.
കര്‍ത്താവ് തന്നെ പറയുന്നുണ്ട്, നിങ്ങള്‍ എന്നെ തേടുന്നത് അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, മറിച്ച് അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടാണ് എന്ന്. ക്രിസ്തുവിനെ അഭിമുഖീകരിക്കാനല്ല, മറിച്ച് വസ്തുക്കള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ പദ്ധതികളെ അവിടുത്തെ വാക്കുകള്‍ വെളിപ്പെടുത്തുന്നു. ആള്‍ക്കൂട്ടം ക്രിസ്തുവിനെ കാണുന്നത് കാര്യങ്ങള്‍ നടത്തി കിട്ടാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ്. അവിടുന്ന് അവര്‍ക്ക് എന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുത്തിരുന്നില്ലെങ്കില്‍ അവിടുത്തെ കര്‍മ്മങ്ങളും പ്രബോധനങ്ങളും അവരില്‍ താല്‍പര്യം ഉണ്ടാക്കുമായിരുന്നില്ല.
യഥാര്‍ത്ഥ വിശ്വാസം അന്ധവിശ്വാസത്തിന് വഴിമാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവം ഒരു വിഗ്രഹമായി മാറുന്നു. ദൈവത്തിന്റെ മനോഹരമായ ദാനങ്ങളെ വിലപേശലില്‍ ലഭിച്ച പ്രതിഫലമായി മാത്രം വ്യാഖ്യാനിക്കുന്നു. പക്ഷേ ആത്മാര്‍ത്ഥതയില്ലാത്ത ഈ അന്വേഷണത്തെ ക്രിസ്തു തിരസ്‌കരിക്കുന്നില്ല. മറിച്ച് അതിന്റെ മനഃപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടുന്ന് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് വിളിക്കുന്നു. ക്രിസ്തുവിനാവശ്യം ദാസരെയോ ഉപഭോക്താക്കളെയോ അല്ല. മറിച്ച്, സഹോദരീ സഹോദരന്മാരെയാണ്.
അക്രമത്തില്‍ നിരാശരായ, അധികാരികളുടെ ചൂഷണത്തിന് വിധേയരായ, സമ്പന്നരുടെ വഞ്ചനയ്ക്ക് പാത്രമായ മനുഷ്യരെ നമ്മള്‍ ഇന്ന് കാണുന്നു. അനീതി ഹൃദയങ്ങളെ ദുഷിപ്പിക്കുമ്പോള്‍ സകലര്‍ക്കും വേണ്ടിയുള്ള ആഹാരം ഏതാനും പേരുടെ കയ്യില്‍ ഒതുങ്ങുന്നു. ഈ തിന്മകളുടെയെല്ലാം മുഖത്ത് ക്രിസ്തു ജനത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നു, എല്ലാ വീഴ്ചകളില്‍ നിന്നും നമ്മെ പിടിച്ചുയര്‍ത്തിക്കൊണ്ട് ചരിത്രത്തെ അവിടുന്ന് നവീകരിക്കുന്നു. എല്ലാ സഹനങ്ങളിലും നമ്മെ ആശ്വസിപ്പിക്കുന്നു. നമ്മുടെ ദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
(ആഫ്രിക്കന്‍ രാജ്യമായ അങ്കോളയില്‍ അവിടുത്തെ മെത്രാന്മാര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ചു നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)