
ഐക്യപ്പെട്ട സഭയാകുക എന്നതാകണം നമ്മുടെ ആദ്യത്തെ വലിയ ആഗ്രഹം എന്ന് ഞാന്‍ കരുതുന്നു. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ഒരു അടയാളമായി സഭ മാറണം. അനുരഞ്ജിതമായ ലോകത്തിന്റെ പുളിമാവ് ആകാന്‍ ആ സഭയ്ക്ക് സാധിക്കും.
വിദ്വേഷം, അക്രമം, മുന്‍വിധി, വ്യത്യസ്തതകളെക്കുറിച്ചുള്ള ഭയം, വിഭവസ്രോതസ്സുകളെ ചൂഷണം ചെയ്യുകയും ദരിദ്രരെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്ന സാമ്പത്തിക വീക്ഷണം തുടങ്ങിയ ധാരാളം മുറിവുകള്‍ ഈ കാലത്ത് നാം കാണുന്നു. ഈ ലോകത്തില്‍ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും ചെറിയ പുളിമാവായി മാറുക എന്നതാണ് നാം ചെയ്യേണ്ടത്.
'ക്രിസ്തുവിനെ നോക്കുക, അവനോട് അടുത്തു വരിക' എന്ന് വിനയത്തോടെയും ആനന്ദത്തോടെയും നാം ഈ ലോകത്തോട് പറയണം. അവന്റെ സ്‌നേഹവാഗ്ദാനം ശ്രവിക്കുക, അവന്റെ ഏക കുടുംബമായി മാറുക. നാം ഒന്നാണ്. നമുക്കിടയില്‍ മാത്രമല്ല സഹോദരീ സഭകള്‍ക്കിടയിലും നാം അനുവര്‍ത്തിക്കേണ്ട പാത ഇതാണ്.
മാത്രമല്ല, ദൈവാന്വേഷണം നടത്തുന്ന മറ്റ് മത പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരോടും സമാധാനം നടമാടുന്ന ഒരു നവലോകത്തിനായി പരിശ്രമിക്കുന്ന സന്മനസ്സുള്ള സകലരോടും നമ്മുടെ സമീപനം ഇതായിരിക്കണം.
ഇതാണ് നമ്മെ നയിക്കേണ്ട മിഷനറി ചൈതന്യം. നാം നമ്മുടെ ചെറു സംഘങ്ങളില്‍ സ്വയം അടച്ചിടരുത്.
ലോകത്തേക്കാള്‍ ഉപരിയാണെന്ന് സ്വയം കരുതുകയും അരുത്. ദൈവത്തിന്റെ സ്‌നേഹം സകലര്‍ക്കും നല്‍കാനായി വിളിക്കപ്പെട്ടിട്ടുള്ളവരാണ് നാം. വൈജാത്യങ്ങളെ റദ്ദാക്കാതെ, ഓരോ വ്യക്തിയെയും ഓരോ സാമൂഹ്യ - മത സംസ്‌കാരങ്ങളെയും വിലമതിക്കുന്ന ഒരു ഐക്യം കരസ്ഥമാക്കാന്‍ ഇത് ആവശ്യമാണ്.
സഹോദരങ്ങളെ, ഇത് സ്‌നേഹത്തിന്റെ മണിക്കൂറാണ്. നമ്മെ സഹോദരീ സഹോദരന്മാര്‍ ആക്കുന്ന ദൈവസ്‌നേഹമാണ് സുവിശേഷത്തിന്റെ കാതല്‍. ദൈവസ്‌നേഹത്തില്‍ അടിത്തറ ഇട്ട, ഐക്യത്തിന്റെ അടയാളമായ, ലോകത്തിലേക്ക് കരങ്ങള്‍ തുറന്നുവച്ചിരിക്കുന്ന മിഷനറിയായ, വചനം പ്രഘോഷിക്കുന്ന, മാനവരാശിക്കു സാഹോദര്യത്തിന്റെ പുളിമാവായി മാറുന്ന ഒരു സഭയെ, പരിശുദ്ധാത്മാവിന്റെ പ്രകാശത്തോടെയും കരുത്തോടെയും നമുക്കു പടുത്തുയര്‍ത്താം.
ഏക ജനതയായി, സഹോദരീ സഹോദരന്മാരായി നമുക്ക് ദൈവത്തിലേക്ക് നടക്കുകയും പരസ്പരം സ്‌നേഹിക്കുകയും ചെയ്യാം.
(മെയ് 18 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്ക യില്‍ വിശുദ്ധ പത്രോസിന്റെ 266-ാം പിന്‍ഗാമിയായി സ്ഥാനമേറ്റുകൊണ്ട് അര്‍പ്പിച്ച ദിവ്യബലിക്കിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്നും)