നാം ചടഞ്ഞു കൂടിയിരിക്കുന്ന ഒരു സഭ ആകാന്‍ പാടില്ല. മറിച്ച് ലോകത്തിന്റെ കരച്ചില്‍ കേള്‍ക്കുകയും കര്‍ത്താവിനെ സേവിക്കുന്നതിനിടയില്‍ കയ്യില്‍ അഴുക്കുപുരളുകയും ചെയ്യുന്ന സഭയാകണം.
ഇന്നത്തെ സ്ത്രീ പുരുഷന്മാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍, നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍, സുവിശേഷ പ്രഘോഷണത്തിന്റെ അടിയന്തര പ്രാധാന്യത്തിനു മുമ്പില്‍, മനുഷ്യരാശിയെ ബാധിച്ചിരിക്കുന്ന നിരവധി മുറിവുകളുടെ മുമ്പില്‍ സഭയ്ക്ക് നിശ്ചലമായിരിക്കാന്‍ കഴിയില്ല.
നമ്മുടേത് മൗനമായിരിക്കുന്ന ഒരു സഭയല്ല. മറിച്ച് മനുഷ്യരാശിയുടെ കരച്ചിലിനെ ആശ്ലേഷിക്കുന്ന സഭയാണ്. അന്ധമായ ഒരു സഭയല്ല, മറിച്ച് ക്രിസ്തുവിനാല്‍ പ്രകാശിതമായിരിക്കുന്ന ഒരു സഭയാണ്. മറ്റുള്ളവരിലേക്ക് സുവിശേഷത്തിന്റെ പ്രകാശത്തെ സഭ കൊണ്ടുവരുന്നു. നമ്മുടേത് ചലനമറ്റ സഭയല്ല, മറിച്ച് ലോകത്തിന്റെ തെരുവുകളിലൂടെ തന്റെ കര്‍ത്താവിനൊപ്പം നടന്നു നീങ്ങുന്ന ഒരു മിഷനറി സഭയാണ്.
യാഥാര്‍ത്ഥ്യത്തിന്റെ അരികുകളില്‍ സ്വയം തളച്ചിടുന്ന സഭ, അന്ധത ബാധിച്ച സഭയാകാന്‍ സാധ്യതയുണ്ട.് ഈ അന്ധതയില്‍ നാം തുടര്‍ന്നാല്‍ ലോകത്തിന്റെ നിരവധി പ്രശ്‌നങ്ങളോടു പ്രതികരിക്കുന്നതില്‍ നാം പരാജയപ്പെടും. ഇരിക്കുന്നിടത്തുനിന്നും വീണുകിടക്കുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ കര്‍ത്താവ് നമ്മെ വിളിക്കുന്നു.
എന്നിട്ട് ലോകത്തിന്റെ ആകുലതകളെയും സഹനങ്ങളെയും സുവിശേഷ വെളിച്ചത്തില്‍ നാം നോക്കിക്കാണണം. ഒറ്റയ്‌ക്കോ ലോകത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചോ അല്ല നാം നടക്കേണ്ടത്. ഈ പാതയില്‍ യേശുവിനെയാണ് നാം അനുഗമിക്കേണ്ടത്.
(ഒക്‌ടോബര്‍ 27 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സിനഡിന്റെ സമാപന ദിവ്യബലിക്കിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്നും)