ഭൂമിയുടെ പരിപാലനം ദൈവമക്കളുടെ ഉത്തരവാദിത്വം

ഭൂമിയുടെ പരിപാലനം ദൈവമക്കളുടെ ഉത്തരവാദിത്വം

കാലാവസ്ഥാവ്യതിയാനം ഇനിയൊരിക്കലും മാറ്റിനിറുത്താന്‍ സാധിക്കാത്തത്ര വലിയൊരു പ്രതിഭാസമായി മാറിയിരിക്കുകയാണ്. എല്ലാ മനുഷ്യരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിതത്തെ മോശമായ രീതിയില്‍ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാലാവസ്ഥാവ്യതിയാനം നമ്മെ കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ ലോകത്തിന് മുന്‍പില്‍ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വെല്ലുവിളികകളാണുള്ളത്. നിലവിലെ മാലിന്യപ്രസാരണം കുറച്ചുകൊണ്ട് കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്ന അപകടസാദ്ധ്യതകള്‍ കുറയ്ക്കുക, കാലാവസ്ഥാവ്യതിയാനം മൂലം മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയോട് പൊരുത്തപ്പെടാന്‍ ആളുകളെ സഹായിക്കുക എന്നിവയാണ് അവ.

ദൈവമക്കളെന്ന നിലയില്‍, ഈ ഭൂമിയുടെ പരിപാലനം ഓരോ മനുഷ്യരുടെയും ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്. നിലവിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതഫലങ്ങള്‍ കുറയ്ക്കുന്നതിനായി ലോക മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതൃനിര ഒരുമിച്ച് പ്രവര്‍ത്തിക്കണം. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ മാലിന്യപ്രസരണം കുറയ്ക്കുകയും, മറ്റു രാജ്യങ്ങളെ അതിനായി, സാമ്പത്തികവും, ശാസ്ത്രപരവുമായ രീതികളില്‍ സഹായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ലോകത്ത് ജൈവവൈവിധ്യത്തിലുണ്ടാകുന്ന കുറവും വിവിധ ഭാഗങ്ങളില്‍ തുടരുന്ന യുദ്ധങ്ങളും ചേര്‍ന്ന് മനുഷ്യന്റെ ക്ഷേമത്തിനെതിരായ ഫലങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് ഇത് ഭക്ഷ്യസുരക്ഷ, വര്‍ദ്ധിച്ചുവരുന്ന മലിനീകരണനിരക്ക് എന്നിവയ്ക്കും കാരണമാകുന്നുണ്ട്. പ്രപഞ്ചത്തില്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നാണ് ഇത് വെളിവാക്കുന്നത്.

ആര്‍ജ്ജവത്വമുള്ള മനുഷ്യര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് നമുക്ക് മുന്നിലുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ നേരിടുവാന്‍ നമുക്ക് സാധിക്കും. അതുവഴി മാനവകുലത്തെയും, ദൈവദാനമായ സൃഷ്ടലോകത്തെയും അതിതീവ്രകാലാവസ്ഥാവ്യതിയാനങ്ങളില്‍നിന്ന് സംരക്ഷിക്കാനും, നീതിയും സമാധാനവും ശക്തിപ്പെടുത്തുവാനും സാധിക്കും.

(ശാസ്ത്രവിഷയങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി വത്തിക്കാനില്‍ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചു സംഘടിപ്പിച്ച ദ്വിദിനസമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org