അപരിചിതരില്‍ സഹോദരങ്ങളെ കാണാന്‍ ദൈവസ്‌നേഹം ഇടയാക്കുന്നു

അപരിചിതരില്‍ സഹോദരങ്ങളെ കാണാന്‍ ദൈവസ്‌നേഹം ഇടയാക്കുന്നു
Published on

നമ്മുടെ എല്ലാ ജീവ കാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ഉത്ഭവം ക്രിസ്തു തന്നെയാണ്. ദൈവസ്‌നേഹത്തിന്റെ അടയാളവും ഉപകരണവുമായിക്കൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും നമ്മോടുള്ള ദൈവത്തിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയും. ക്രിസ്തുവിന്റെ സ്‌നേഹത്തിനു പ്രത്യുത്തരമായി നാം സ്വയം മറ്റുള്ളവര്‍ക്ക് ഒരു ദാനമായി മാറുകയും നമുക്ക് ലഭിച്ചത് എല്ലാം മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നതിലൂടെയല്ലാതെ ദിവ്യകാരുണ്യത്തിന്റെ അര്‍ത്ഥം നാം മനസ്സിലാക്കുന്നുവെന്ന് ദൈവത്തെ ബോദ്ധ്യപ്പെടുത്താന്‍ മറ്റൊരു മാര്‍ഗ്ഗമില്ല. നാം ദൈവസ്‌നേഹത്തെ പുണരുകയും അവനില്‍ പരസ്പരം സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ വ്യക്തികള്‍ എന്ന നിലയിലും സഭ എന്ന നിലയിലും നമ്മുടെ അസ്തിത്വത്തിന്റെ അര്‍ത്ഥമാണു നാം കണ്ടെത്തുന്നത്.

ഔദാര്യത്തിന്റെ വീരോചിതമായ പ്രവര്‍ത്തികളും പട്ടിണിയില്‍ കിടക്കുന്നവരെ സഹായിക്കാന്‍ തനിക്കുള്ളതെല്ലാം വിട്ടുകൊടുക്കുന്നതുപോലുള്ള ഏറ്റവും അസാധാരണമായ പ്രവര്‍ത്തികള്‍ പോലും, സ്‌നേഹം കൂടാതെ ചെയ്താല്‍ ഒരു പ്രയോജനമുണ്ടാവില്ല. സ്‌നേഹം നമ്മുടെ കണ്ണുകള്‍ തുറക്കുകയും നമ്മുടെ നോട്ടത്തെ വിപുലമാക്കുകയും ചെയ്യുന്നു. നാം കണ്ടുമുട്ടുന്ന അപരിചതനില്‍ പേരും ചരിത്രവുമുള്ള ഒരു സഹോദരന്റെ, ഒരു സഹോദരിയുടെ മുഖം തിരിച്ചറിയാന്‍ ദൈവസ്‌നേഹം നമുക്കിടയാക്കുന്നു. ദൈവസ്‌നേഹത്തിന്റെ വെളിച്ചത്തില്‍ അപരന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നിഴലില്‍ നിന്ന് തെളിച്ചത്തിലേക്കു വരികയും അയല്‍ക്കാരന്റെ ആവശ്യങ്ങള്‍ നമ്മെ വെല്ലുവിളിക്കുകയും ബുദ്ധിമുട്ടിക്കുകയും നമ്മില്‍ ഉത്തരവാദിത്വബോധം ഉണര്‍ത്തുകയും ചെയ്യും.

ഒരു ക്രിസ്ത്യാനി സ്‌നേഹത്തിലാണോ ജീവിക്കുന്നതെന്നറിയാന്‍ മുഖത്തു പുഞ്ചിരിയോടെ, സൗജന്യമായി, പിറുപിറുക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ അവന്‍ സന്നദ്ധനാണോ എന്ന് നോക്കിയാല്‍ മതി.

(കാരിത്താസ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org