
മാമ്മോദീസ നമ്മെ ക്രിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് ആനയിക്കുകയും ജീവന്‍ പ്രദാനം ചെയ്യുകയും നമ്മുടെ സമൂഹത്തില്‍ അത്യധികം സന്നിഹിതമായിരിക്കുന്ന മരണ സംസ്‌കാരത്തെ നിരസിക്കാന്‍ നമ്മെ പ്രതിജ്ഞാബദ്ധരാക്കുകയും ചെയ്യുന്നു.
ഉദാസീനത, മറ്റുള്ളവരോടുള്ള അവജ്ഞ, മയക്കുമരുന്ന്, അനായാസ ജീവിതത്തിനുള്ള അന്വേഷണം, വിനോദമായി മാറുന്ന ലൈംഗികത, മനുഷ്യവ്യക്തിയെ പദാര്‍ഥ വല്‍ക്കരിക്കല്‍, അനീതി മുതലായവയിലൂടെ ഇന്ന് മരണസംസ്‌കാരം നമ്മുടെ സമൂഹത്തില്‍ പ്രകടമാക്കപ്പെടുന്നു.
മാമ്മോദീസ നമ്മെ ദൈവത്തിന്റെ മഹത്തായ കുടുംബത്തിലെ പൂര്‍ണ്ണമായ അംഗങ്ങളാക്കുന്നു. അതിന് മുന്‍കൈയെടുക്കുന്നത് ദൈവമാണ്. മാമ്മോദീസ സ്വീകരിക്കുന്നതിനുവേണ്ടിയുള്ള മതബോധനം മാമ്മോദീസയിലൂടെ അവസാനിക്കാത്തതും ജീവിതത്തില്‍ ഉടനീളം തുടരുന്നതുമായ വിശ്വാസയാത്രയാണ്.
കൂടുതല്‍ വളരാനും സഹായം ആവശ്യമുള്ള എല്ലാവരുമായും അടുത്ത് ഇടപഴകാനും പുതുതായി മാമ്മോദീസ സ്വീകരിക്കുന്നവരുടെ മനോഹരമായ വിശ്വാസ സാക്ഷ്യം സഭയ്ക്ക് ആവശ്യമാണ്. ക്രിസ്തുവിന്റെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുവാനും പ്രേഷിത ശിഷ്യരാകുവാനും വിശ്വാസ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പുതുതായി മാമ്മോദീസ സ്വീകരിക്കുന്നവര്‍ വിളിക്കപ്പെട്ടിരിക്കുന്നു.
(പുതുതായി മാമ്മോദീസ സ്വീകരിക്കുന്നതിന് തയ്യാറെടുക്കുന്ന ഫ്രഞ്ചുകാരായ യുവതീയുവാക്കളുടെ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജൂലൈ 29 ന് വത്തിക്കാനില്‍ നടത്തിയ സംഭാഷണം)