
നടക്കാന്‍ പഠിക്കുന്ന കുഞ്ഞുങ്ങളെ പോലെയാകാന്‍ ശ്രമിക്കുക: നിങ്ങളുടെ കൈ പിടിക്കാന്‍ ദൈവത്തെ അനുവദിക്കുക. അപ്പോള്‍ വീഴുകയോ നിരാശരാകുകയോ ചെയ്താലും നിങ്ങള്‍ ഒറ്റയ്ക്കായിരിക്കുകയില്ല. നേരെമറിച്ച്, അത്തരം നിമിഷങ്ങളിലാണു ദൈവം നിങ്ങളോടു കൂടുതല്‍ അടുത്തു വരിക.
എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് ലാസറിന്റെ വീട്ടില്‍ യേശു വരുന്നത്. പുറത്തേക്കു വരിക എന്ന് ലാസറിനോട് അവിടുന്ന് ആവശ്യപ്പെടുന്നു. ലാസറിനോടെന്ന പോലെ നമ്മോടും യേശു ഇത് ആവര്‍ത്തിക്കുന്നുണ്ട്. ''എഴുന്നേല്‍ക്കുക, യാത്ര തുടരുക, വിശ്വാസം വീണ്ടെടുക്കുക!''
നിരാശരാകാന്‍ എളുപ്പമാണ്. വേര്‍പാടോ രോഗമോ വഞ്ചനയോ അബദ്ധമോ ഒക്കെ നമ്മെ നിരാശരാക്കുന്നു. അത്തരം നിമിഷങ്ങളില്‍ ജീവിതം അടഞ്ഞ കല്ലറ പോലെ തോന്നിക്കുന്നു. ചുറ്റും ഇരുട്ടും ദുഃഖവും നിരാശയും മാത്രം. പക്ഷേ യേശു നമ്മുടെ കല്ലറകളെ സമീപിച്ചിട്ടു പറയുന്നു, ''ആ കല്ലെടുത്തു മാറ്റുക!'' വേദനയുടെ തടവില്‍ സ്വയം അടച്ചിടാതിരിക്കുക, പ്രത്യാശ മരിക്കാന്‍ അനുവദിക്കാതിരിക്കുക, ജീവിതത്തിലേക്കു മടങ്ങിവരിക എന്നാണ് എല്ലാവരോടും അവിടുന്നു പറയുന്നത്.
എല്ലാവരും അവരവരുടെ ഹൃദയങ്ങളില്‍ ചില ഭാരങ്ങളോ സഹനങ്ങളോ ഒക്കെ വഹിക്കുന്നവരായിരിക്കാന്‍ സാദ്ധ്യതയുണ്ട്. അവര്‍ ലാസറിന്റെ അനുഭവം ഓര്‍ക്കണം. നമ്മുടെ ഹൃദയങ്ങളെ യേശുവിലേക്കു തുറക്കുകയും നമ്മുടെ ആകുലതകള്‍ അവനെ ഭരമേല്‍പിക്കുകയും വേണം. പ്രശ്‌നങ്ങളുടെ കല്ലറ തുറന്ന് കവാടത്തില്‍ അവന്റെ പ്രകാശത്തിലേയ്ക്കു നോക്കുക. അതോടൊപ്പം ദൈവസ്‌നേഹത്തിന്റെ പ്രകാശം ചുറ്റുമുള്ളവരിലേക്കു പ്രതിഫലിപ്പിക്കുകയും ചെയ്യുക.
(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)