ആഗമനകാലം: വീക്ഷണങ്ങളെ മാറ്റിമറിക്കാനും അത്ഭുതപ്പെടാനുമുള്ള കാലം

ആഗമനകാലം: വീക്ഷണങ്ങളെ മാറ്റിമറിക്കാനും അത്ഭുതപ്പെടാനുമുള്ള കാലം

നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാനും ദൈവത്തിന്റെ കരുണയുടെ മഹത്വത്താല്‍ അത്ഭുതപ്പെടാനുമുള്ള കാലമാണ് ആഗമനകാലം. ഉണ്ണീശോയുടെ പുല്‍ക്കൂടുകള്‍ ഒരുക്കുമ്പോള്‍ നമ്മുടെ കര്‍ത്താവ് ആരാണെന്നു നാം വീണ്ടും പഠിക്കുന്നു. ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും കുറിച്ചുള്ള ചില മനോഭാവങ്ങളും മുന്‍വിധികളും പിന്നിലുപേക്ഷിക്കാനുള്ള കാലവുമാണിത്. നമുക്കു കിട്ടേണ്ട സമ്മാനങ്ങളെ കുറിച്ചു ചിന്തിക്കാതെ ചുറ്റും മുറിവേറ്റു കഴിയുന്നവര്‍ക്ക് സമാശ്വാസത്തിന്റെ വാക്കുകളും കര്‍മ്മങ്ങളും നമുക്കു സമ്മാനിക്കാം. അന്ധരോടും ബധിരരോടും മുടന്തരോടും യേശു ചെയ്തിരുന്നതു പോലെ. ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക്, വിശേഷിച്ചും യുദ്ധം ദുരന്തപൂര്‍ണമാക്കിയിരിക്കുന്ന ജീവിതങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി പുല്‍ക്കൂടുകള്‍ക്കു മുമ്പില്‍ നിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.

അധികാരം കൊണ്ടു പാപികളെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന കര്‍ക്കശക്കാരനായ ഒരു മിശിഹായെ ആണു സ്‌നാപകന്‍ വിഭാവനം ചെയ്തത്. എന്നാല്‍, എല്ലാവരോടും അനുകമ്പയോടെയാണ് യേശു സംസാരിക്കുകയും പെരുമാറുകയും ചെയ്തത്. യേശു യഥാര്‍ത്ഥത്തില്‍ മിശിഹായാണോ അതോ മറ്റൊരു പ്രവാചകന്‍ മാത്രമോ എന്ന് സ്‌നാപകന്‍ തന്നെ ചോദിക്കുന്നുണ്ട്. യേശുവിനു ജ്ഞാനസ്‌നാനം നല്‍കുകയും ദൈവത്തിന്റെ കുഞ്ഞാടെന്നു വിളിക്കുകയും ചെയ്ത സ്‌നാപകന്‍ തന്നെ ഈ സന്ദേഹം അനുഭവിക്കുന്നു. ഏറ്റവും മഹാനായ വിശ്വാസി പോലും സംശയത്തിന്റെ തുരങ്കത്തിലൂടെ കടന്നു പോകുന്നു. അതൊരു മോശം കാര്യമല്ല. മറിച്ച്, ആത്മീവളര്‍ച്ചയ്ക്ക് അവശ്യമായ കാര്യം തന്നെ. ദൈവം നമുക്കു ഭാവന ചെയ്യാന്‍ കഴിയുന്നതിനെല്ലാം അതീതനാണെന്നു മനസ്സിലാക്കാന്‍ ഈ സന്ദേഹം നമ്മെ സഹായിക്കുന്നു. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കെല്ലാം അതീതവും നമ്മുടെ പ്രതീക്ഷകളെ അതിലംഘിക്കുന്നതുമാണ് യേശുവിന്റെ പ്രവൃത്തികള്‍. അതുകൊണ്ട് യേശുവിനായുള്ള നമ്മുടെ അന്വേഷണവും അവിടുത്തെ യഥാര്‍ത്ഥ മുഖം ലക്ഷ്യമാക്കിയുള്ള മാനസാന്തരവും നാമൊരിക്കലും നിറുത്തരുത്.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org