ആഗമനകാലം നിഷ്‌ക്രിയമായ കാത്തിരിപ്പല്ല

ആഗമനകാലം നിഷ്‌ക്രിയമായ കാത്തിരിപ്പല്ല
Published on

കാലത്തിന്റെ അടയാളങ്ങളിന്മേല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്ന ആഗമനകാലത്തേക്ക് നാം പ്രവേശിച്ചിട്ട് അധികമായില്ല. യേശുവിന്റെ ആദ്യ വരവിനെ നാം ഓര്‍ക്കുന്നു, ദൈവം നമ്മോടൊപ്പമുണ്ട്. അവന്‍ വരുമ്പോഴെല്ലാം അവനെ തിരിച്ചറിയാനും, അവന്‍ മടങ്ങിവരുമ്പോള്‍ അതിനായി സ്വയം ഒരുങ്ങിയിരിക്കാനും നാം പഠിക്കുന്നു. അപ്പോള്‍ നാം എന്നെന്നേക്കുമായി അവനുമായി ഒരുമിച്ചായിരിക്കും. നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരോടും, മറ്റെല്ലാ സൃഷ്ടിക ളോടുംകൂടി, അവനോടൊപ്പം വീണ്ടെടുക്കപ്പെട്ട ലോകത്തില്‍ നവസൃഷ്ടിയായി മാറുന്നു.

ഈ കാത്തിരിപ്പ് നിഷ്‌ക്രിയമല്ല. യേശുവിന്റെ ജനനം ദൈവത്തെ നമുക്ക് വെളിപ്പെടുത്തുന്നു. മറിയം, യൗസേപ്പ്, ഇടയന്മാര്‍, ശിമയോന്‍, അന്ന, സ്‌നാപക യോഹന്നാന്‍, ശിഷ്യന്മാര്‍, ഇങ്ങനെ കര്‍ത്താവിനെ കണ്ടുമുട്ടുന്ന എല്ലാവരും ഈ കാത്തിരിപ്പിന് വിളിക്കപ്പെടുന്നു. അതൊരു വലിയ ബഹുമതിയാണ്. ദൈവം തന്റെ ചരിത്രത്തിലും സ്വപ്നങ്ങളിലും നമ്മെ ഉള്‍പ്പെടുത്തുന്നു. അപ്പോള്‍ 'പ്രത്യാശിക്കുക' എന്നാല്‍ 'സഹകരിക്കുക' എന്നാണര്‍ഥം. ജൂബിലിയുടെ മുദ്രാവാക്യം, 'പ്രത്യാശയുടെ തീര്‍ഥാടകര്‍' എന്നത് ഒരു മാസ ത്തിനുള്ളില്‍ കടന്നുപോകുന്ന ഒന്നല്ല മറിച്ച് ഇത് ജീവിതത്തിന്റെ പ്രവര്‍ത്തനപദ്ധതിയാണ്. 'പ്രത്യാശയുടെ തീര്‍ഥാടകര്‍' എന്നാല്‍ സഹകരിച്ചുകൊണ്ട്, ശ്രദ്ധയോടെ യാത്ര ചെയ്യുന്നവര്‍ എന്നാണര്‍ഥമാക്കുന്നത്.

ദൈവം ലോകത്തിന്റെയോ, ഈ ജീവിതത്തിന്റെയോ പുറത്തല്ല. മറിച്ച് നമ്മോടൊപ്പം നില്‍ക്കുന്ന ദൈവമായ യേശുവിന്റെ ആദ്യവരവില്‍, അവനെ, ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ അന്വേഷിക്കാന്‍ നാം പഠിച്ചു. ബുദ്ധി ഉപയോ ഗിച്ചും ഹൃദയത്തോടെയും, പ്രതിബദ്ധ തയോടും ദൃഢനിശ്ചയത്തോടും കൂടി അവനെ അന്വേഷിക്കുക. സാധാരണ വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു പ്രത്യേക ദൗത്യമായിട്ടാണ് കൗണ്‍സില്‍ ഇതിനെ വിശദീകരിക്കുന്നത്. കാരണം അനുദിനജീവിതത്തിലെ സന്ദര്‍ഭങ്ങളിലാണ് മനുഷ്യനായി അവതരിച്ച ദൈവം നമ്മെ കണ്ടുമുട്ടുവാന്‍ വരുന്നത്.

ലോകത്തിലെ പ്രശ്‌നങ്ങളിലും, സൗന്ദര്യങ്ങളിലും യേശു നമുക്കായി കാത്തിരിക്കുകയും, നമ്മെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. അവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് പ്രത്യാശ നമ്മെ സഹകരിപ്പിക്കുന്നതാണ് എന്ന് പറയുന്നത്. പ്രത്യാശ എന്നാല്‍ പങ്കെടുക്കുക എന്നതാണ് അര്‍ഥമാക്കുന്നത്: ഇത് ദൈവം നമുക്ക് നല്‍കുന്ന ഒരു സമ്മാനമാണ്. ആരും ഒറ്റയ്ക്ക് ലോകത്തെ രക്ഷിക്കുന്നില്ല. ദൈവം പോലും അതിനെ സ്വയമായി രക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല: അതിനു ദൈവത്തിനു കഴിയും, പക്ഷേ അവന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഒരുമിച്ച് ചെയ്യുന്നതാണ് നല്ലത്. യേശു അന്തിമമായി മടങ്ങിവരുമ്പോള്‍, എന്നന്നേക്കുമായി നമ്മുടെ കൂട്ടായ്മയെ യാഥാര്‍ഥ്യമാക്കുവാനും, പ്രകടിപ്പിക്കുവാനും പങ്കാളിത്തമനോഭാവം നമ്മെ പ്രാപ്തരാക്കുന്നു.

(ഡിസംബര്‍ 6 നു വത്തിക്കാനില്‍ ജൂബിലിയോടനുബന്ധിച്ചു നല്‍കിയ പ്രത്യേക പൊതുദര്‍ശനവേളയിലെ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org