അനുദിനം നമ്മുടെ കണ്ണുകള്‍ക്ക് മുമ്പില്‍ അരങ്ങേറുന്ന മരണത്തിന്റെയും വിനാശത്തിന്റെയും ദൃശ്യങ്ങള്‍ നമ്മുടെ ഹൃദയങ്ങളെയും മനഃസാക്ഷിയെയും സ്പര്‍ശിക്കാതിരിക്കരുത്. ദരിദ്രരുടെ കരച്ചില്‍ നാം കേള്‍ക്കണം. വിധവകളുടെയും അനാഥരുടെയും കരച്ചില്‍ കേള്‍ക്കണമെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യുദ്ധം നമ്മെ അകപ്പെടുത്തുന്ന തിന്മയുടെ പാതാളത്തെ കാണുവാന്‍ ഈ കരച്ചിലുകള്‍ നാം കേള്‍ക്കേണ്ടതുണ്ട്. സമാധാനം സ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് യുദ്ധം എന്ന ധാരണയെ നാം നിര്‍ബന്ധമായും തള്ളിപ്പറയണം. സാഹോദര്യവും നീതിയും സമാധാനവും മുഖമുദ്രയായുള്ള ഒരു ഉദ്യാനമാക്കി ലോകത്തെ പരിവര്‍ത്തിപ്പിക്കുന്നതിന് കത്തോലിക്കരായ രാഷ്ട്രീയ നേതാക്കള്‍ക്കും നിയമനിര്‍മ്മാതാക്കള്‍ക്കും കടമയുണ്ട്. യുദ്ധം രാഷ്ട്രീയത്തിന്റെയും മനുഷ്യരാശിയുടെയും പരാജയമാണ്; തിന്മയുടെ ശക്തികള്‍ക്കു മുമ്പിലുള്ള ലജ്ജാകരവും വേദനാജനകവുമായ കീഴടങ്ങലാണ്.
ഇപ്പോഴത്തെ ആയുധങ്ങളുടെ ഭയാനകമായ നശീകരണശേഷി അപലപനീയമാണ്. സൈന്യങ്ങളും പൗരസമൂഹവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നത് ദുഃഖകരമാണ്. പലയിടത്തായി നടക്കുന്ന മൂന്നാം ലോകയുദ്ധം എന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ബഹുകക്ഷി നയതന്ത്രത്തിലൂടെ സമാധാനം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ക്ഷമാപൂര്‍വകമായ പരിശ്രമങ്ങളെ ഇത് കുഴപ്പത്തിലാക്കുന്നു. സംഭാഷണം, മാധ്യസ്ഥം എന്നിവയിലൂടെ സമാധാനം സ്ഥാപിക്കുന്നതിനുള്ള ക്ഷമാപൂര്‍വകവും നിരന്തരവുമായ പരിശ്രമം ആവശ്യമാണ്.
(കത്തോലിക്ക രാഷ്ട്രീയക്കാരുടെയും നിയമനിര്‍മ്മാതാക്കളുടെയും അന്താരാഷ്ട്ര സംഘടനയോട് നടത്തിയ പ്രസംഗത്തില്‍ നിന്നും)