കൊറോണ നല്‍കുമോ തൊഴിലിനൊരു ബദല്‍?

കൊറോണ നല്‍കുമോ തൊഴിലിനൊരു ബദല്‍?

ലിറ്റി ചാക്കോ

ലിറ്റി ചാക്കോ
ലിറ്റി ചാക്കോ

കോവിഡ് കാലത്ത് വീണ്ടും വിദ്യാഭ്യാസം ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ സ്‌കൂളുകളെല്ലാം കുറേക്കൂടി ശ്രദ്ധവയ്ക്കുന്നുണ്ട്. കുറച്ചുകാലത്തേയ്ക്കു മാത്രം വേണ്ടിയുള്ള പ്രവൃത്തികളല്ല ഇത്, നാളെ ഇതും ഭാവി നിര്‍ണ്ണയത്തില്‍ വിധായകമായേക്കാം എന്ന് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോദ്ധ്യങ്ങളുണ്ട്. അതിനാല്‍ത്തനെ കുറച്ചുകൂടി ചിട്ടവട്ടങ്ങളിലാണ് കാ ര്യങ്ങള്‍.

അദ്ധ്യയനം ആരംഭിക്കുമ്പോള്‍ മിക്ക സ്‌കൂളുകളും ആദ്യവാരം ഓറിയന്റേഷനായി നീക്കിവെച്ചു. നാളെ ആരാവണം എന്ന് മനസ്സിലൊരു വിത്തായി മുളപ്പിക്കാന്‍ അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു തുടങ്ങി. കുട്ടികളെല്ലാം നാളെ ഞാനാരാവണമെന്ന് അമ്മമാര്‍ക്കു മുന്നില്‍ ചോദ്യങ്ങളുയര്‍ത്തി വട്ടമിട്ടും തുടങ്ങി.

നാളെ ഞാന്‍ ആരാണാവേണ്ടത്? സ്ഥിരം പരിചയിച്ച മേഖലകളനവധിയുണ്ട്. ഡോക്ടര്‍-കളക്ടര്‍-ടീച്ചര്‍ പോലീസ് വൃത്തങ്ങളില്‍ പതിവുപോലെ നിരവധി വോട്ടുകള്‍ വീഴുന്നു. ചുരുക്കം പേര്‍ ഡിസൈനറും ബിസിനസ്സ് മാനും ഒക്കെ ആവുന്നതും കണ്ടു. ചെറിയ ക്ലാസ്സുകളില്‍ കൂടുതല്‍ പട്ടാളക്കാരെയും കാണാനായി. പട്ടാളത്തിന്റെ ഇടപെടലുകള്‍ നിരന്തരം ചാനലുകളില്‍ കാണുന്നതിന്റെ മെച്ചമാവും.

നമ്മള്‍ ഒന്നാഴത്തില്‍ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നിലനില്ക്കുന്ന തൊഴില്‍ സംസ്‌കാരെത്തക്കുറിച്ച്? പഠനം-പഠനം-അതുകഴിഞ്ഞ് ജോലി-പിന്നെ റിട്ടയര്‍മെന്റ്- പെന്‍ഷന്‍. ഇങ്ങനെ ഇനിയുള്ള കാലങ്ങളില്‍ നമുക്കു ചുറ്റും ലോകം നിരന്തരം പുലരുമെന്ന് പ്രതീക്ഷിക്കാനാവുമോ? നമുക്കു ചുറ്റുമുള്ള രാജ്യങ്ങളുടെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് നാം എപ്പോഴെങ്കിലും പ്രായോഗിക തലത്തിലേക്കെത്തുന്ന ഒരു വിലയിരുത്തലിനു തയ്യാറായിട്ടു ണ്ടോ?

പഠനത്തോടൊപ്പം വരുമാനമുണ്ടാക്കാവുന്ന മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ കരിക്കുലം നിര്‍ണ്ണയിക്കുന്നിടത്തു തന്നെയും രൂപപ്പെടേണ്ടതുണ്ട്.

സ്വാഭാവികമായും സംശയമുയരാം. ആരാണിതെല്ലാം ആലോചിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതും? തീര്‍ച്ചയായും അതൊരു കൂട്ടുത്തരവാദിത്തമാണ്. എന്നാലും പ്രധാന പങ്ക് അതില്‍ വഹിക്കേണ്ടത് ആരാണ് എന്ന ചോദ്യവും എത്തിനില്‍ക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. ഫീസിനും മറ്റു പഠനാവശ്യങ്ങള്‍ക്കുമായി എത്രകാലമായാലും പാരന്റ്‌സിനെ ആശ്രയിക്കാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. മക്കള്‍ക്കുവേണ്ടി കിടപ്പാടം പണയപ്പെടുത്തി ലോണെടുക്കാനും നമുക്ക് മടിയില്ല. പഠനമാണല്ലോ വലുത്. വിദ്യാഭ്യാസത്തിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ കേരളത്തിന്റെ രക്ഷാകര്‍ത്തൃസമൂഹം വയ്ക്കുന്ന ശ്രദ്ധ വലുതുതന്നെയാണ്. എന്നാല്‍ നാം ഇവിടെ ആലോചിക്കേണ്ടത്, ഈ വഴിതന്നെയാണോ മികച്ചത് / ശരി എന്നു തന്നെയാണ്.

നമ്മുടെ സിലബസ്സുകളില്‍ തൊഴില്‍ ഒരു ക്രെഡിറ്റായി മാറിയാലേ, അതു കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഇടംപിടിച്ചാലേ – എന്നാല്‍ മാത്രമേ – ഇങ്ങനെയൊരു മാറ്റച്ചിന്തയ്ക്കു നമുക്കിടയില്‍ സാദ്ധ്യതയുള്ളൂ. ഖേദകരമാണത്. പക്ഷെ, അതേ നിലവില്‍ ഒരു മാര്‍ഗ്ഗം മുന്നിലുള്ളൂ.

കൂടുതല്‍ വലിച്ചു നീട്ടാന്‍ ഈയൊരു കൊച്ചുകുറിപ്പിന് ഇടം പോരാ. അതിനാല്‍ ചില കുഞ്ഞുകുഞ്ഞു നിര്‍ദ്ദേശങ്ങള്‍ മാത്രം ആലോചിക്കാം.

പഠനത്തോടൊപ്പം വരുമാനമുണ്ടാക്കാവുന്ന മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ കരിക്കുലം നിര്‍ണ്ണയിക്കുന്നിടത്തു തന്നെയും രൂപപ്പെടേണ്ടതുണ്ട് തൊഴില്‍ എന്നത് 'സേവനാവകാശനിയമ'ങ്ങളുടെ കെട്ടുപാടുകളില്‍ നിന്നു പുറത്തുവന്ന് ഒരു സാംസ്‌കാരിക വിപ്ലവമായി മാറുന്ന തലത്തിലാവണം ഇതിന്റെ രൂപകല്പന. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യുകയും അതില്‍നിന്നു സമ്പാദിക്കുകയും ആ സമ്പാദ്യം കൃത്യമായി മോണിട്ടര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന തരത്തിലാവണം ഇത് പ്രാഥമിക ഘട്ടത്തില്‍ നടപ്പില്‍ വരുത്തേണ്ടത്.

മറ്റൊന്ന്, നൈപുണ്യത്തിന്റെ (skill) അടിസ്ഥാനത്തില്‍ തൊഴില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സ്വാതന്ത്ര്യമാണ്. വരയും, പാട്ടും, എഴുത്തുമുള്‍പ്പെടെ തൊഴില്‍ സം സ്‌കൃതിയുടെ ഭാഗമായി മാറാവുന്ന തലത്തിലാവണം ഇതിന്റെ സംവിധാനം.

കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ എളുപ്പത്തില്‍ സംഗ്രഹിക്കാം. നാളെ മണ്ണിലും കമ്പ്യൂട്ടറിലും നടക്കുന്ന തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ ഉച്ചനീചത്വങ്ങള്‍ ആരോപിക്കപ്പെടാതിരിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കാനും ഒരു പുതിയ സമൂഹനിര്‍മ്മിതിയില്‍ ശക്തമായ ഈടുവെപ്പുകളാകാനും ഇത്തരമൊരു തൊഴില്‍ സംസ്‌കൃതിക്കു സാധിക്കും.

കോവിഡ് കാലം വീണ്ടുവിചാരങ്ങളുടേതും, വീണ്ടെടുപ്പുകളുടേതുമാണ്. ആര്‍ഭാടങ്ങളും ധൂര്‍ത്തുമല്ലാതെ വിപണിയില്‍ 'ആവശ്യങ്ങള്‍' കൃത്യമായി സൃഷ്ടിക്കപ്പെടുന്ന കാലം. ഇത് ഏറ്റവും ഭംഗിയായി തിരിച്ചറിയാനും പ്രാവര്‍ത്തികമാക്കാനും നമുക്കുമായെങ്കില്‍….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org