മലമ്പുഴയിലെ സിയാച്ചിന്‍

മലമ്പുഴയിലെ സിയാച്ചിന്‍

മണിക്കൂറുകള്‍ നീണ്ട യജ്ഞത്തിനൊടുവില്‍ ബാബു രക്ഷപ്പെട്ടു. മലയില്‍ നിന്നു താഴെയിറങ്ങി വീടെത്തിയ ബാബു ചായയോ ഉണ്ടംപൊരിയോ കഴിച്ചുവത്രെ. പിന്നീടയാള്‍ തൊപ്പിയണിഞ്ഞ് ചാനലുകാര്‍ക്കു മുന്നില്‍ കേക്കുമുറിച്ച് പിറന്നാളാഘോഷിച്ചു. ബാബുവിനുള്ള ഉപഹാരങ്ങള്‍ പണമായും സാധനങ്ങളായും വന്നു ചേര്‍ന്നു. മന്ത്രി മുതല്‍ വാര്‍ഡ് മെമ്പര്‍ വരെയുള്ളവര്‍ വീണ്ടും വീണ്ടും ബാബുവിന്റെ വീട്ടില്‍ സന്ദര്‍ശകരായി. ഇന്നു രാവിലെ ബാബു പത്രമിട്ടുവോ എന്നറിയില്ല, ചാനലില്‍ കണ്ടില്ല.

ഹേമന്ദ് രാജ്, ബാല തുടങ്ങിയ പേരുകളൊന്നും ഇപ്പോള്‍ നമുക്കറിഞ്ഞുകൂടാ. ഇവര്‍ എവിടെയാണെന്നു പോലും നമുക്കറിയില്ല. ഞാനെന്റെ നിരവധി ഉത്തരവാദിത്തങ്ങളില്‍ ഒന്നു ചെയ്തു എന്നു പറഞ്ഞ് വിന്‍ഡോ ഗ്ലാസ് വലിച്ചിട്ട ബാലയോ, ഒന്നോ രണ്ടോ കോളിലൂടെ ശബ്ദമായി മാത്രം കേരള സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ഹേമന്ദ് രാജോ, ഈയൊരു ഓപ്പറേഷനില്‍ ആദ്യാവസാനം കോര്‍ഡിനേറ്റു ചെയ്ത മിലിട്ടറി സംവിധാനത്തിനു മാത്രം മനസ്സിലാവുന്ന 'ആ' ഓഫീസറോ എവിടെയെന്നോ, എന്തു ചെയ്യുന്നെന്നോ നമുക്കറിയുകയേ വേണ്ട. ഇവിടിങ്ങനാണു ഭായ്.

ഏറ്റവും കൗതുകകരമായി തോന്നിയ ഒരു കാര്യമുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ ബാബുവിന്റെ അടുത്ത ബന്ധുവിനോട് വിനുവിന്റെ ചോദ്യം: എല്ലാം മനോഹരമായി അവസാനിക്കുന്നു, ഇപ്പോള്‍ നിങ്ങള്‍ക്കെന്തു പറയാനുണ്ട്?

മറുപടി: തീരെ ഗതികേടിലായ ഇവര്‍ക്ക് ഒരു വീടുവച്ചു നല്‍കണം.

പ്രിയരേ, ബാബു കീഴടക്കിയത് സിയാച്ചിനല്ല, കുമ്പാച്ചിയാണ്. താഴെയുണ്ടായിരുന്ന നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാന്‍ റിസ്‌കെടുത്തു പോയ തല്ല. ഒരു കൗതുകത്തിന്. മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മലയോളം പോന്ന കൗതുകമടക്കാഞ്ഞ് കേറിയതാണ്. അതെല്ലാം ഒരിടത്തിരിക്കട്ടെ.

നമുക്കു മറ്റൊരു വിഷയത്തിലേക്കു പോകാം. ഇതേ വിഷയത്തിന്റെ തന്നെ മറുപുറത്തുണ്ട്. അത് എല്ലാവരും എല്ലാം അറിയുന്നുണ്ട്. പറയുന്നുമുണ്ട്. പക്ഷേ, ചെയ്യുന്നതെല്ലാം മറ്റൊന്നാണ്.

പട്ടാളത്തിന്റെ രീതിശാസ്ത്രത്തിനൊരു പ്രത്യേകതയുണ്ട്. മുന്നിലുള്ള തടസ്സങ്ങളെ മറികടക്കുകയേ അവരുടെ ലക്ഷ്യമുള്ളൂ. പ്രളയം വന്നു. പട്ടാളമിറങ്ങി. പ്രളയത്തോടൊപ്പം അവരും പണികഴിഞ്ഞു തിരിച്ചുപോയി. മലകയറി. ബാബുവിനെ താഴത്തിറക്കി. അവര്‍ അവരുടെ പാട്ടിനു പോയി. ഒരു വിളികൂടി കേള്‍ക്കാന്‍, ഒരു സമ്മാനപ്പൊതി വാങ്ങാന്‍, എന്തിന്! ചാനലില്‍ വന്നു രണ്ടു തകര്‍പ്പന്‍ ഡയലോഗടിക്കാന്‍ അവര്‍ മെനക്കെട്ടതേയില്ല. അവരങ്ങനെയാണ്. വന്നകാര്യം കഴിഞ്ഞാല്‍ ഉടന്‍ പീഛേമൂഡ് ആണ്. പിന്നെയൊരു കാര്യത്തിനുമില്ല. അഥവാ അവരവിടെ നിന്നെന്നു കരുതട്ടെ, എന്നാലും ചാനലുകള്‍ക്ക് വലിയ പരിഗണനയൊന്നും ഉണ്ടാവില്ല. മുഖമില്ലാത്ത സംവിധാനത്തില്‍നിന്നും അതിവൈകാരികതകള്‍ സൃഷ്ടിക്കാനാവില്ല. അതിനു ബാബു തന്നെ വേണം. പുഷ്പം പോലെ അവനെ തൂക്കിയെടുത്തു വന്ന മിലിട്ടറി സംവിധാനങ്ങള്‍ക്കാകട്ടെ തങ്ങിനിന്നു വാങ്ങുന്ന കയ്യടികള്‍ ശീലവുമില്ല.

എങ്കിലും ഒരു ചോദ്യം മാത്രം ശേഷിക്കുന്നു. ഏതു ചാനലിലാണ് / പത്രത്തിലാണ് പട്ടാളത്തിന്റെ സംവിധാനങ്ങളെ പരിചയപ്പെടുത്തുകയും കുറഞ്ഞപക്ഷം, കുമ്പാച്ചിയില്‍ നടന്നതിന്റെയെങ്കിലും ഒരു ആര്‍മി വേര്‍ഷനുണ്ടായത്?

മറ്റൊന്നു കൂടി, സാഹസികതയും നിശ്ചയങ്ങളുമുള്ള തലമുറയ്ക്ക് എന്നെങ്കിലും ഒരു കംപ്ലീറ്റ് പാക്കേജ് പ്രഖ്യാപിക്കപ്പെടുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org