ഒലിവിലകളും കുരുത്തോലകളും

ഒലിവിലകളും കുരുത്തോലകളും

മറയൂരില്‍ താഴ്വരകളില്‍ ഇക്കുറി ഓശാനയ്ക്ക് ഒലിവിലകള്‍ ഏന്തിയ വിശ്വാസികളുടെ ചിത്രത്തോടെയുള്ള വാര്‍ത്ത ദിനപത്രത്തില്‍ തെല്ലു കൗതുകത്തോടെ തന്നെ വായിച്ചു. അതേ ദിവസം തന്നെ കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടുന്ന നാട്ടുകാരുടെ വാര്‍ത്തയും ന്യൂസ് ചാനലില്‍ കണ്ടു. നാട്ടുകാര്‍ അതിനു പരിഹാരം കണ്ട വിധമാണ് അതിനേക്കാള്‍ കൗതുകകരമായത്. ഏക്കറുകള്‍ കണക്കിനു വച്ചുപിടിപ്പിച്ചിരിക്കുന്ന അക്കേഷ്യയും മാഞ്ചിയുവമാണു ജലക്ഷാമമുണ്ടാക്കുന്നതെന്നു തിരിച്ചറിഞ്ഞ് ഈ മരങ്ങളെല്ലാം വെട്ടി കൂട്ടിയിട്ടു കത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ ചൂടും പുകയും വേറെയും!
ഈ രണ്ടു വാര്‍ത്തയും തമ്മിലെന്തു ബന്ധം എന്ന് ഒരുപക്ഷേ, തോന്നിയേക്കാം. രണ്ടു മാനങ്ങളിലാണവ പരസ്പരം ബന്ധപ്പെടുന്നത്. ഒന്നു ക്രൈസ്തവദര്‍ശനങ്ങളുടെ തനത് ആവിഷ്കരണങ്ങളില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളിയില്‍ മറ്റേത് ഇത്തരം അനുകരണങ്ങള്‍ ഉയര്‍ത്തി വിട്ടേക്കാവുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്‍.

ക്രൈസ്തവികത കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടതിന്‍റെ ഏറ്റവും ലളിതവും വിശുദ്ധവുമായ തനതു പൈതൃകചിഹ്നമാണു കുരുത്തോല. കുരുത്തോല ഒരു പ്രതീകംകൂടിയാണ്. ഏതൊരാശയവും അതാതിടങ്ങളിലെ പരിസ്ഥിതിക്കും കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ചാണു വിപുലമാകുന്നത് എന്ന മഹത്തായ ദര്‍ശനം ഈ നാട്ടിലെ ജനതയുടെ ആത്മാവു തിരിച്ചറിഞ്ഞ് ഈ ആത്മാവിലേക്കു രണ്ടായിരാമാണ്ടു മുമ്പു സന്നിവേശിപ്പിക്കപ്പെട്ടതാണു ക്രൈസ്തവികത. അഴിച്ചെടുക്കാനാകാത്തവിധം ശക്തവും സങ്കീര്‍ണവുമായ അത് ഈ നാടിന്‍റെ മണ്ണില്‍ ഇഴചേര്‍ന്നു കിടക്കുന്നു താദാത്മീകരണത്തിലാണ് ഇവിടെ ക്രൈസ്തവികത വേരൂന്നിയത്. അനുകരണങ്ങളല്ല, ആശയങ്ങളാണ് ആഴത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട കേരളീയ ക്രിസ്തുമതത്തിന്‍റെ കാതല്‍. മന്ത്രകോടിയും താലിയും ജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളായത് ഈ താദാത്മീകരണംകൊണ്ടാണ്. വൈദേശികം എന്നു ചുറ്റുപാടുകള്‍ക്ക് അനുഭവവേദ്യമാകാത്ത വിധത്തില്‍ ക്രൈസ്തവദര്‍ശനം ഒരുപക്ഷേ, റോമിനേക്കാളും ആഴത്തിലും മുമ്പേയും ഇവിടെ വേരൂന്നി.

പാല്‍ക്കുറുക്കും ഇന്‍ട്രിയപ്പവും കൊഴുക്കട്ടയുമൊക്കെ എത്രത്തോളം നാട്ടുപാരമ്പര്യമുള്‍ക്കൊള്ളുന്നുവോ അതുപോലെതന്നെയാണു കുരുത്തോലയും ആരാധനാനുഷ്ഠാനങ്ങളുടെ ഭാഗമായതെന്നു മറക്കരുത്. ഒരു കൗതുകത്തിനുവേണ്ടിയാണെങ്കില്‍ ആകട്ടെ, അതിനപ്പുറം ഒലിവിലയ്ക്കു പുതിയ വേരോട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ വേണ്ടതില്ല. നാളെ ഓരോ ഇടവകയും ഒലിവിലയ്ക്കായി നാടുതോറും ഇതു വച്ചുപിടിപ്പിച്ച് ഈ അനുകരണത്തില്‍ ഭ്രമിച്ചാല്‍!?

അപ്പോഴാണു മുന്‍പറഞ്ഞ അക്കേഷ്യയുടെയും മാഞ്ചിയത്തിന്‍റെയുമെല്ലാം കഥയോര്‍മിക്കേണ്ടത്. ലൗദാത്തോ സി. എന്നു നമ്മുടെ പ്രിയപ്പെട്ട പാപ്പ പറയുന്നതിനെ അവനവന്‍റെ നാട്ടുപാരമ്പര്യത്തിലൂടെ വായിച്ചെടുക്കാന്‍ ജനതയ്ക്കു കഴിയണം. ആസ്ത്മയുടെ വിത്തുകള്‍ കാറ്റില്‍ പടര്‍ത്തി ഭൂഗര്‍ഭത്തിന്‍റെ നാഭിനാളങ്ങളില്‍ വരെ വേരാഴ്ത്തി ജീവശ്വാസവും ജലവും മുട്ടിക്കുന്നതു നമ്മുടെ വിവരക്കേടുകളാവരുത്. കാരണം, കത്തോലിക്കാസഭ ഇന്ന് എന്തു ചെയ്താലും നാളെയത് എസ്എന്‍ഡിപിയും മറ്റന്നാള്‍ നാടു മുഴുവന്‍ ചെയ്യുമെന്നതു നാം നിത്യവും കാണുന്നതല്ലേ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org