അനിവാര്യതയായി മാറുന്ന വിപത്തുകള്‍

ഇനിയെങ്കിലും അനിവാര്യമെന്നു കരുതുന്ന ആര്‍ഭാടങ്ങള്‍ക്കു തുനിയും മുമ്പ് ഒരു സെക്കന്റെങ്കിലും ഒന്നു മനസ്സു വയ്ക്കാം - ഇതു വേണോ എന്നതില്‍.

ഈയടുത്ത് ഗുരുസ്ഥാനീയനായ സുഹൃത്തിനോട് വെറുതെയൊന്നു കലഹിക്കേണ്ടി വന്നു. വേണ്ടെപ്പട്ട ഒരു കുട്ടിയുടെ വിവാഹത്തിനു നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്തു സഹായിച്ചതിന്റെ പേരില്‍. എന്താണു ശരിക്കും വിവാഹത്തിനു വരുന്ന ബാദ്ധ്യതകള്‍ എന്ന ചോദ്യത്തിന് നിരത്തിവയ്ക്കാവുന്ന ഉത്തരങ്ങള്‍, എന്തോ ദഹിക്കുന്നില്ല. പന്തല്‍, രണ്ടു പായസം, വിവാഹ വസ്ത്രങ്ങള്‍, മേയ്ക്കപ്പ്, താങ്ക്‌സ് കാര്‍ഡുകള്‍ ഇങ്ങനെ നീണ്ടു ഞങ്ങള്‍ കെണ്ടത്തിയ പട്ടിക. ഇതെല്ലാം അനിവാര്യതകളല്ലെന്ന ധാരണ എന്റെ സുഹൃത്തിനുമുണ്ട്. പക്ഷേ നാട്ടുനടപ്പിലോടുന്ന ട്രാക്കില്‍ കയറാനുള്ള, അതല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കയറി വരാനുള്ള ആ കുട്ടിയുടെ ആഗ്രഹത്തോട് എതിരു പറയാന്‍ വാത്സല്യനിധിയായ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരുപക്ഷേ, സമൂഹമാദ്ധ്യമങ്ങളിലെ തുല്യതാ വേദികളിലോ സൗഹൃദക്കൂടിനുള്ളിലോ ഈ മകളും തലയുയര്‍ത്തി നില്‍ക്കണമെന്ന പിതൃതുല്യമായ സ്‌നേഹമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍.

മീനല്ല, ചൂണ്ടയാണു കൊടുക്കേണ്ടത് എന്ന് നമ്മള്‍ പണ്ടേ കേട്ടിട്ടുണ്ടല്ലോ. പക്ഷേ, സമീപകാലത്തെ ചില കഥകള്‍ ദാരിദ്ര്യമാണ് ഏറ്റവും മികച്ച ഉപജീവനമാര്‍ഗ്ഗം എന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. അത്തരം കഥകള്‍ ചുരുക്കമാണെങ്കിലും. അതു വിട്ടുകളയുന്നു. പക്ഷേ, മറ്റു ചില ദയനീയമായ അവസ്ഥകളുണ്ട്. ഉത്തരവാദിത്തങ്ങളേക്കാള്‍ വലിയതാണ് ആഘോഷങ്ങളെന്നും ആരവങ്ങളെന്നും വിശ്വസിക്കുന്നവര്‍! ഒത്തുചേരലിന്റെ വേദികള്‍ സിനിമയിലേതുപോലെ ഇരിക്കണമെന്ന് വാശിപിടിക്കുന്നവരെക്കുറിച്ചാണ്. എല്ലാക്കാലത്തും ട്രെന്റുകളുണ്ടാവുന്നതും അതില്‍ പുതു തലമുറ ആകര്‍ഷിക്കപ്പെടുന്നതും തികച്ചും സ്വാഭാവികമാണ്. അതിനെ ഒത്തുചേരലുകള്‍ക്കു ഒപ്പം ചേര്‍ത്തുവയ്ക്കാവുന്ന മധുരപ്പാക്കേജായിട്ടു മാത്രം കാണേണ്ടതിനു പകരം, വൈറല്‍ വീഡിയോകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഒത്തുകൂടലുകളെ മാറ്റിത്തീര്‍ക്കുന്നതിലെ സാമൂഹികാഘാതങ്ങളെ ദയനീയം എന്ന വാക്കല്ലാതെ മറ്റേതു കൊണ്ടു വിശേഷിപ്പിക്കും! എന്താണെന്നോ എന്തിനുവേണ്ടിയാണെന്നോ ബോദ്ധ്യങ്ങളില്ലാതെ എല്ലാവരും കാണിക്കുന്നതു മാത്രം കാണിക്കുന്ന അനുകരണാതിപ്രസരങ്ങളിലേക്ക് നമ്മള്‍ വീണു കഴിഞ്ഞു. ഒരു കാമ്പസില്‍ വണ്ടി യോടിച്ചാല്‍ മറ്റേടത്തും വണ്ടിയോടിക്കണം. ഒരിടത്ത് ഹോളിപ്പൊടികള്‍ വീണാല്‍ മറ്റിടങ്ങളില്‍ അതുക്കുംമേലെ ആരവങ്ങള്‍. എങ്ങും എവിടെയും ആരവങ്ങളുയര്‍ത്താന്‍ വേണ്ടി മാത്രമാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു പോലും ന്യായീകരണങ്ങള്‍ക്കും പഞ്ഞമില്ല.

Life is FUN എന്നതാണ് പുതിയ മുദ്രാവാക്യം. സന്തോഷങ്ങളും ആസ്വാദനങ്ങളും രണ്ടും രണ്ടാണ്. നേടിയെടുക്കുന്ന സന്തോഷങ്ങളെല്ലാം ആസ്വാദ്യങ്ങള്‍ ആയിരിക്കണമെന്നില്ല. എന്നാല്‍ ആസ്വാദനങ്ങളെല്ലാം അര്‍ത്ഥപൂര്‍ണ്ണവും ആനന്ദകരങ്ങളുമായിരിക്കും. അതിനാല്‍ ജീവിതം ആനന്ദകരമാക്കാനുള്ള പ്രയത്‌നങ്ങള്‍ നൈമിഷിക സുഖങ്ങളായി ഒടുങ്ങാതെ നോക്കേണ്ടത് നമ്മുടെ ബാദ്ധ്യത തെന്നയാണ്.

ഇനിയെങ്കിലും അനിവാര്യമെന്നു കരുതുന്ന ആര്‍ഭാടങ്ങള്‍ക്കു തുനിയും മുമ്പ് ഒരു സെക്കന്റെങ്കിലും ഒന്നു മനസ്സു വയ്ക്കാം - ഇതു വേണോ എന്നതില്‍. സമ്പന്നന്‍ ധൂര്‍ത്തനും മുടിയനുമാവുകയും ദരിദ്രന്‍ പരമദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്നു എന്നതല്ലാതെ അതിനു പ്രത്യേകിച്ചു നന്മകളൊന്നുമില്ല.

ബുദ്ധന്റെ വഴിയിലൂടെ പീതാംബരനോ ചീവരധാരിയോ ആവാനല്ല പറഞ്ഞത്, എന്നെങ്കിലും ഉള്‍ക്കൊള്ളും എന്റെ വായനക്കാര്‍ എന്നു വിശ്വസിക്കുന്നു. ആഘോഷങ്ങള്‍ക്കോ ആര്‍പ്പുവിളികള്‍ക്കോ ഞാനെതിരല്ല; അത് അര്‍ത്ഥപൂര്‍ണ്ണമായിരിക്കുന്നിടത്തോളം. അനവസരത്തിലും ആത്മാവില്ലാത്തതുമായ ഏതൊരു ആരവങ്ങളോടും എന്നത്തേയും പോലെ വീണ്ടും, അരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org