
നാട്ടില്‍ നിന്നും കൊണ്ടുപോയ മാങ്ങ തിന്നുകഴിഞ്ഞപ്പോള്‍ കൗതുകത്തിനു വിത്തു കുഴിച്ചിട്ടതിന്റെ പേരില്‍ ഓസ്ട്രീയയില്‍ നിയമനടപടികള്‍ നേരിട്ട മലയാളികളെക്കുറിച്ച് ഈയടുത്തൊരു സുഹൃത്തു പറഞ്ഞാണു കേട്ടത്. ഇത്ര നിസ്സാരമായ കാര്യത്തിനാണോ ഈ പണി കിട്ടിയത് എന്നു തോന്നാം. പക്ഷേ, സ്വന്തം ജൈവവ്യവസ്ഥയുടെ കാവല്‍ക്കാരാകുവാന്‍ ഒരു ജനത കാണിക്കുന്ന ആര്‍ജ്ജവം എത്ര മഹത്തരമാണെന്നു നോക്കൂ. ഗവണ്‍മെന്റ് അംഗീകരിക്കാത്ത ഒരു ചെടി പോലും പാടില്ലെന്നു പറയുമ്പോള്‍, നമ്മുടെ നാട്ടിലതിനെ ചെടിയവകാശ സമരമൊക്കെയായി വളര്‍ത്തിക്കൊണ്ടു വന്നേക്കാം. പക്ഷേ, ശാസ്ത്രീയതലത്തില്‍ ഇതെത്രത്തോളം വലിയ ശരിയാണെന്നതിന് നമ്മുടെ പാടശേഖരങ്ങളും കൃഷിയിടങ്ങളും സാക്ഷ്യം നല്കും. ആഫ്രിക്കന്‍പായല്‍, ആഫ്രിക്കന്‍ ഒച്ചുകള്‍ തുടങ്ങി, നമ്മുടെ ജൈവവൈവിധ്യത്തിന്റെ പരിധിയിലെവിടെയും പെടാത്ത എത്രയെത്ര തരം ജീവജാലങ്ങളാണ് ഇന്നു നമ്മുടെ ദൈനംദിന ജീവിതം ദുഃസ്സഹമാക്കിക്കൊണ്ടിരിക്കുന്നത്! ഒച്ചുകളും ചില ചൊറിയന്‍പുഴുക്കളുമൊക്കെ നാടും വീടും കയ്യേറുമ്പോള്‍ സര്‍വ്വം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാന്‍ നിര്‍ ബന്ധിതരാകേണ്ടി വരുന്നവരാണ് നമ്മള്‍. പക്ഷേ, നമ്മള്‍ക്കിപ്പോഴും ഒരു നയമില്ല എന്നതാണു വസ്തുത. ഒരു ചെടിയോ വര്‍ണ്ണമീനോ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ സ്വച്ഛസുന്ദര ശീതള കോമളിമ എന്നതാണു സത്യം.
2018-ലെ പ്രളയകാലത്ത് അക്വോറിയങ്ങള്‍ കവിഞ്ഞ് പുഴകളിലും തോടുകളിലുമെത്തിയിരിക്കുന്ന അലങ്കാരമത്സ്യങ്ങള്‍ അവരുടെ തനിനിറം പുറെത്തെടുക്കുന്നത് എന്നാണെന്നു കാണാന്‍ അധികകാലം കൂടിയൊന്നും നമുക്കുവേണ്ടി വരില്ല. നാട്ടുമീനുകളും നാട്ടുചെടികളുമെല്ലാം 'വൈദേശികാധിപത്യത്തിനു കീഴ്‌പ്പെടാന്‍ നമുക്കധികനാളൊന്നും ബാക്കിയില്ല. ഇത്തരം ജീവജാലങ്ങളാകട്ടെ, ഏതു കാലാവസ്ഥയേയും കീഴ്‌പ്പെടുത്താന്‍ പോന്നവരുമായിരിക്കും. ഓര്‍മ്മയില്ലേ, പണ്ട് യൂഫോര്‍ബിയ എന്നൊരു ചെടി വരുന്നകാലത്ത് അതിനെ പരിചരിച്ച് വിരുന്നൂട്ടാന്‍ നമ്മളെടുത്ത തയ്യാറെടുപ്പുകളൊന്നും ഇന്നു നാം ചെയ്യാറില്ല. പക്ഷേ, നമ്മുടെ മേട്ടിറമ്പുകളിലൊക്കെ തനിയേ വേരുപിടിച്ചു നിന്നു കഴിഞ്ഞു ഈ വിരുതന്‍ ചെടി. ഇനിയവിടെ നിന്നും പതിയെപ്പതിയെ നമ്മുടെ മുക്കുറ്റിയും തുമ്പയും കാക്കപ്പൂവുമൊക്കെ (ബാക്കിയുണ്ടെങ്കില്‍) നീക്കപ്പെടാന്‍ പോകുന്നു.'
നമ്മുടെ ജൈവസമ്പത്ത് കാത്തുസൂക്ഷിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കുമുണ്ട് കടമയും കടപ്പാടുകളും. പഴയ കാലത്ത് ഒരു പഴഞ്ചൊല്ലിലോ അന്ധവിശ്വാസത്തിന്റെ മേലാപ്പു കെട്ടിയോ നാം പുതച്ചു സൂക്ഷിച്ചത് നമ്മുടെ ജൈവപാരമ്പര്യത്തെക്കൂടിയാണ്. എന്നാല്‍ ഇന്നതിനെയെല്ലാം ശാസ്ത്രത്തിന്റെ യുക്തികൊണ്ടു ചോദ്യം ചെയ്ത് മേനി നടിച്ചുകൊണ്ട് നമ്മള്‍ ഒരു ജൈവീകമായ തുടര്‍ച്ചയെ എവിടെയൊക്കെയോ വെട്ടിമുറിച്ചിട്ടിരിക്കുന്നു.
വിരുന്നുകാരെ സ്വീകരിക്കാന്‍ എന്നും മലയാളിക്കു വലിയ മിടുക്കുണ്ടായിരുന്നുവെന്ന് സംഘം കൃതികള്‍ തൊട്ടേ സാക്ഷ്യങ്ങളുണ്ട്. എന്നാല്‍ വീട്ടുകാരണവരുടെ കസേരയെ ഉന്നംവയ്ക്കുന്ന ഓരോ വിരുന്നുകാരനേയും എങ്ങനെയാണു നാം കൈകാര്യം ചെയ്തിരുന്നത് എന്നതിന്റെ കൂടി പാഠങ്ങള്‍ ഈ ചരിത്രപുസ്തകങ്ങളിലുണ്ട്. അതിനെക്കൂടിയും പുനര്‍വായിക്കുമ്പോഴേ നമ്മുടെ കാലാവസ്ഥ, പ്രകൃതി, ജൈവ വ്യവസ്ഥിതി എല്ലാം സ്ഥിരത നേടുകയുള്ളൂ. ഈ സ്ഥിരതയിലാണ് നമ്മുടെ സ്വാസ്ഥ്യങ്ങള്‍ നാം കണ്ടെത്തുന്നതെന്ന് ആരും മറക്കരുത്. അല്ലെങ്കില്‍ മാസാമാസം നമ്മള്‍ വിവിധ കാരണങ്ങളാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ റിസര്‍വ് ചെയ്തിടേണ്ടി വരും.