ജോജു ജോര്‍ജ്ജിന് പൗരാവകാശങ്ങളുണ്ടോ?

ജോജു ജോര്‍ജ്ജിന് പൗരാവകാശങ്ങളുണ്ടോ?

കുറച്ചു ദിവസങ്ങളായി വാര്‍ത്ത കാണുമ്പോള്‍ സത്യത്തില്‍ ഞാനതാലോചിക്കുന്നുണ്ട്. ഇനിയിപ്പോള്‍ അയാള്‍ക്ക് പൗരാവകാശങ്ങളൊന്നുമില്ലെന്നു വരുമോ! സിനിമാക്കാരന്റെ താരപരിവേഷത്തിലേക്കു കയറിക്കഴിഞ്ഞ ഒരാള്‍ മുണ്ടുടുക്കാന്‍ പാടില്ല? അതു മാടിക്കുത്തിക്കൂടാ? അതും പോകട്ടെ, അയാള്‍ മുന്നിലുള്ള വണ്ടികള്‍ എന്തേ നീങ്ങാത്തതെന്ന് കാറുതുറന്നു റോഡിലിറങ്ങി നോക്കുവാനും പാടില്ലായിരുന്നു? എന്തോ! ഒന്നുമങ്ങ് ശരിയായി തിരിഞ്ഞു വരുന്നില്ല! എന്നാലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ശൈലീ വ്യതിയാനങ്ങള്‍ എന്നിലും ചെറുതല്ലാത്ത കൗതുകമൊക്കെ ഇപ്പോള്‍ ഉണര്‍ത്തുന്നുമുണ്ടെന്ന് പറയാതെ വയ്യ.

രാഷ്ട്രീയം മാറി നില്‍ക്കട്ടെ. ഇനി ജോജുവിന്റെ 'ഷോ'യിലേയ്ക്ക് ഒന്നു റീ വൈന്‍ഡു ചെയ്തു നോക്കാം. അയാള്‍ ചെയ്ത തെറ്റെന്തായിരുന്നു? സാധാരണ നിലയ്ക്കുതന്നെ ഇഞ്ചു കണക്കിനു നീങ്ങുന്ന വഴിയില്‍ ചക്രസ്തംഭനം കണ്ട് രോഷാകുലനാവാത്തവന്‍ ഒരു ദിവസത്തേയ്‌ക്കെങ്കിലും ഒരു കോണ്‍ഗ്രസ്സുകാരനായിരിക്കണം. പോകാന്‍ ഒരു തിരക്കുമില്ലാതിരുന്നാലും പൊരിവെയിലത്ത് ഇത്തിരി കൂടുതല്‍ നേരമൊന്ന് കുടുങ്ങിപ്പോയാല്‍ കടുംകൈ വല്ലതും ചെയ്‌തേക്കുമെന്ന സ്ഥിതിയാണ് ഏതു ഗതാഗതക്കുരുക്കിലും പെട്ടവന്നുണ്ടാവുക. അപ്പോള്‍ പിന്നെ ജനദ്രോഹ ഭയങ്ങള്‍ക്കെതിരെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുകള്‍ക്കൂടിയും കണ്ടാല്‍ ഏതൊരു സാധാരണക്കാരനും ചെയ്യുന്നതേ അയാളും ചെയ്തിട്ടുള്ളൂ.

അന്നത്തെ സമരത്തോട് പ്രതികരിച്ചത് ജോജു മാത്രമായിരുന്നു എന്ന മട്ടിലാണിന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. അവിടെ പ്രതികരിച്ച നിരവധി പേരിലൊരാള്‍ മാത്രമാണയാള്‍ എന്ന് ശ്രദ്ധിച്ചാലറിയാം. പക്ഷേ അയാള്‍ക്കു കിട്ടിയ ജനശ്രദ്ധയും മാധ്യമ പരിഗണനയും അയാളുടെ താര പരിവേഷത്തിനു കിട്ടിയതാണ്. പിന്നെ അയാളുടെ നിലപാടുകള്‍ക്കും. കാരണം, ജോജു എന്ന നടന്‍ പ്രതിനിധാനം ചെയ്ത സിനിമകള്‍ക്കെല്ലാം തന്നെയും സ്വന്തം നിലപാടുകളുണ്ടായിരുന്നു എന്നതു ശ്രദ്ധേയമാണ്.

കാലഹരണപ്പെട്ടവയെല്ലാം മാറ്റുക തന്നെ വേണം. പക്ഷേ എന്തോ, നമുക്കതു വലിയ പാടാണ്. ഡീ കമ്മീഷന്‍ ചെയ്യാത്ത മുല്ലപ്പെരിയാര്‍ പോലെയും ഏതു സര്‍ക്കാരുത്തരവുണ്ടായാലും ടീച്ചറായാല്‍ സാരിതന്നെ വേഷമെന്ന പിടിവാശികള്‍ പോലെയും അതങ്ങനെ നില്‍ക്കും.

അയാള്‍ സ്വന്തം നില തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്ന ചിന്താഗതി പുലര്‍ത്തുന്ന പലരുമുണ്ട്. അവരില്‍ സിനിമാക്കാരുമുണ്ട്. അതെല്ലാം അയാളുടെ പൗരാവകാശമെന്ന മറുപടിക്കു വിട്ടിട്ട് മറ്റു ചില സംഗതികളിലേക്കു നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

കാലഹരണപ്പെട്ടതെല്ലാം ഉപേക്ഷിക്കാന്‍ നമുക്കു കഴിയാത്തത് എന്തുകൊണ്ടാണ്? ആര്‍ക്കൈവല്‍ മൂല്യമുള്ളവയുടെയോ (മൂല്യം തോന്നിപ്പിക്കുന്നവയുടെയോ) സംരക്ഷകനായി മോന്‍സന്‍ മാര്‍ ഉള്ളതുകൊണ്ട് എന്ന് ട്രോളന്മാര്‍ക്കു പറയാം. സത്യമാവില്ലല്ലോ അത്. കാലഹരണപ്പെട്ടവയെല്ലാം മാറ്റുക തന്നെ വേണം. പക്ഷേ എന്തോ, നമുക്കതു വലിയ പാടാണ്. ഡീ കമ്മീഷന്‍ ചെയ്യാത്ത മുല്ലപ്പെരിയാര്‍ പോലെയും ഏതു സര്‍ക്കാരുത്തരവുണ്ടായാലും ടീച്ചറായാല്‍ സാരിതന്നെ വേഷമെന്ന പിടിവാശികള്‍ പോലെയും അതങ്ങനെ നില്‍ക്കും. എന്നാല്‍ ഡീ കമ്മീഷനു കാത്തു നില്‍ക്കാതെയും പാത്രത്തിന്റെ ഉറപ്പില്ലായ്മയ്ക്കനുസരിച്ച് ഏതു വെള്ളവും പുറത്തു കടക്കുമെന്ന പ്രകൃതി നിയമത്തെ അറിയുന്നവര്‍ക്കറിയാം, മാറിയേ തീരൂ, കാലഹരണെപ്പട്ട ഏതാശയങ്ങളും.

അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയക്കാരുടെ ചില സമരമുറകളും മാറണമെന്നത് വ്യക്തമാണല്ലോ. സെക്രട്ടേറിയറ്റ് പരിസരത്തെ വീട്ടമ്മയും ഇന്നലെ ജോജുവും എല്ലാം ചില ഇന്‍ഡിക്കേഷനുകളാണ്. കാലം മുന്നോട്ടു പോയിരിക്കുന്നു, വരൂ നമുക്കും പുരോഗതി വേണം എന്ന ചില ഓര്‍മ്മപ്പെടുത്തലുകള്‍.

ഇന്ധനവില കുറയ്ക്കാന്‍ നോക്കിയിട്ട് സ്വന്തം വില നഷ്ടമായ ഗതികേടിലേയ്ക്ക് ഒരു പാരമ്പര്യമുള്ള രാഷ്ട്രീയപ്രസ്ഥാനം കൂപ്പുകുത്തി വീഴുന്നതിന്റെ കാരണം ഈ തുരുമ്പെടുത്ത ശീലങ്ങള്‍ തന്നെയാണ്. ജനം എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട് എന്ന തോന്നല്‍ ഏതൊരു രാഷ്ട്രീയ നേതൃത്വത്തിനും കുറച്ചൊക്കെ ഉണ്ടാവുന്നതു നന്നായിരിക്കും.

വാല്‍ക്കഷണം: സംസ്ഥാനത്ത് പുറമ്പോക്കില്‍ സ്ഥാപിക്കപ്പെട്ട അമ്പതിനായിരത്തോളം കൊടിമരങ്ങള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് കോടതി. കോടതികള്‍ പ്രായോഗിക ഉത്തരവുകളേ നിര്‍ദ്ദേശിക്കാവൂ എന്ന് രാഷ്ട്രീയക്കാര്‍. ആഹാ. അടിപൊളി. ബാ, പൂവാം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org