ഡിജിറ്റല്‍ ഡിവൈഡിന്റെ പരുന്തുംകാലുകളില്‍ കുടുങ്ങരുതേ നമ്മുടെ കുഞ്ഞുങ്ങള്‍…

ഡിജിറ്റല്‍ ഡിവൈഡിന്റെ പരുന്തുംകാലുകളില്‍ കുടുങ്ങരുതേ നമ്മുടെ കുഞ്ഞുങ്ങള്‍…

ആന്റണി ചടയംമുറി

ആന്റണി ചടയംമുറി
ആന്റണി ചടയംമുറി

എല്ലാ പിരിമുറുക്കങ്ങളും ഇ പ്പോള്‍ വീടകങ്ങളിലാണ്. നാടി ന്റെ അകങ്ങള്‍ ഔദ്യോഗികമായി ബന്തവസ്സിലായിരുന്ന നാളുകളാ ണ് കടന്നുപോയത്. ലോക്ക്ഡൗ ണ്‍ പിന്‍വലിച്ചുവെന്നു പറയുന്ന ഭരണകൂടം പല കാരണങ്ങളുടെ പേരില്‍ ജനങ്ങളുെട സഞ്ചരിക്കാനും കൂട്ടംചേരാനുമുള്ള അവകാശത്തിന്മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു. കൊതുകിനെ കൊല്ലാന്‍ വലിയ ഇരുമ്പുകൂടമെന്ന രീതിയിലുള്ള അലോപ്പതിചികിത്സ തെറ്റാവരമുള്ള ഔഷധശാസ്ത്രമെന്ന നിലയില്‍ നാട് വാഴുന്നു.

സ്‌കൂളുകള്‍ തുറക്കാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന പുതിയ നയം സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. 8 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വഴിയില്ലാതിരിക്കെ, 1600 സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കെ, വര്‍ഷങ്ങളായി ജോലി ചെയ്ത അധ്യാപകര്‍ക്ക് ശമ്പളം കുടിശ്ശികയായിരിക്കെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്രത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് ചിന്തിക്കാന്‍ പലരും മറന്നുപോകുന്നു.

ഡിജിറ്റല്‍ വേര്‍തിരിവ് പുതിയ തലമുറയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാന്‍ നാം വൈകിയോ? ഈ 'ഡിജിറ്റല്‍ ഡിവൈഡ്' ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആരംഭിക്കുന്ന അയല്‍പക്ക ഇടങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യാന്‍ ആരും ശ്രമിക്കുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രതിപക്ഷവും, കേന്ദ്രത്തിലെ ഭരണപക്ഷവും കേരളത്തില്‍ ഭരണക്കാര്‍ നടപ്പാക്കിയ രഹസ്യഅജണ്ടകളെക്കുറിച്ച് ബോധവാന്മാരാകാത്തതിന്റെ പരിണിതഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും വന്‍പരാജയങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍ അവര്‍ വൈകിപ്പോയെന്നതല്ലേ യാഥാര്‍ത്ഥ്യം? വീടുകള്‍ അടച്ചിട്ട നാളുകളില്‍, റോഡുകള്‍ അടച്ചിട്ട നാളുകളില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇടതുമുന്നണിക്ക് എതിരെ തെരുവില്‍ നടത്തിയ രാഷ്ട്രീയ സമരങ്ങള്‍ക്ക് എന്തുകൊണ്ട് ജനം ചെവികൊടുത്തില്ലെന്നു ചോദിച്ചാല്‍, സ്വപ്നയും സ്വര്‍ണ്ണക്കടത്തുമെല്ലാം പറഞ്ഞ് തെരുവില്‍ വായിട്ടലച്ച രാഷ്ട്രീയക്കാരെക്കാള്‍ ജനത്തിനു പഥ്യമായത്, അവരുടെ വീടുകളിലേക്ക് കിറ്റുകളും പെന്‍ഷന്‍ തുകയുമെല്ലാം എത്തിച്ചുകൊടുത്ത സി.പി.എം. പ്രവര്‍ത്തകരെയായിരുന്നുവെന്നു പറയേണ്ടി വരും. കിടപ്പുരോഗികളെ ശുശ്രൂഷിക്കാന്‍ നയാപൈസപോലും പ്രതിഫലം വാങ്ങാതെ മുടങ്ങാതെ വീടുകള്‍ കയറിയിറങ്ങിയ ശുശ്രൂഷാസംഘങ്ങള്‍ 'വീടുകളെ തൊട്ട' രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സാന്ത്വനമറിഞ്ഞു. ആശയങ്ങള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള അത്തരം കുടുംബസാന്ത്വന ശുശ്രൂഷാ പരിപാടികള്‍ക്കു പിന്നില്‍ ഒളിപ്പിച്ചുവച്ച 'ഹിഡന്‍ അജണ്ട'കളെക്കുറിച്ചൊന്നും ജനം അന്നും ഇന്നും ചിന്തിച്ചില്ല, ചിന്തിക്കുന്നുമില്ല. കാരണം, തെരുവിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും വീട്ടുമുറ്റങ്ങളാണ് അതിന് ഏറ്റവും അനുയോജ്യമെന്നും സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത പി.ആര്‍. ഏജന്‍സി ഭരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. അങ്ങനെ വീടുകളെ തൊട്ട രാഷ്ട്രീയ ശൈലിയുടെ പുതിയ തന്ത്രമാണോ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കാന്‍ അണിയറയില്‍ ഭരണമുന്നണി ഒരുക്കുന്നത്? നമുക്കറിയില്ല. ക്ഷേത്രങ്ങളും ദേവാലയങ്ങളും മോസ്‌ക്കുകളും കേന്ദ്രീകരിച്ചുകൊണ്ട് ഒരു പ്രവര്‍ത്തനവും നടത്താന്‍ അനുമതിയില്ലാതിരിക്കെ, 'ഡിജിറ്റല്‍ വേര്‍തിരിവ്' ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് മീതെ ഒരു മേല്‍പ്പാലം പണിയാന്‍ ആരെങ്കിലും കോപ്പ് കൂട്ടുന്നുണ്ടോ? ഇടതുമുന്നണിയുടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പാര്‍ട്ടിയുടെ കുടുംബകൂട്ടായ്മകള്‍ വഹിച്ച പങ്ക് ആരെങ്കിലും വിശകലനം ചെയ്‌തോ? കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇപ്പോള്‍ കുടുംബങ്ങളിലേക്ക് കൈ നീട്ടാന്‍ തീരുമാനിച്ചുവെന്ന് വാര്‍ത്തകൡ കണ്ടു. നല്ലത്. പക്ഷെ പുതിയ തലമുറയിലേക്ക് 'ഡിജിറ്റല്‍ ഡിവൈഡ്' പരിഹരിക്കാന്‍ എന്ന മട്ടിലുള്ള സര്‍ക്കാര്‍ പരിപാടികള്‍ 'ചെറുപ്പത്തിലേ പിടികൂടുക'യെന്ന രാഷ്ട്രീയതന്ത്രം നടപ്പാക്കാന്‍ സര്‍ക്കാര്‍ വിനിയോഗിക്കരുതേയെന്നാണ് നിഷ്പക്ഷമതികളുടെ പ്രാര്‍ത്ഥന.

സര്‍ക്കാര്‍ സൗജന്യങ്ങളില്‍ രാഷ്ട്രീയകൗശലത്തിന്റെ രാസവസ്തുക്കളുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടാന്‍ നാം നിര്‍ബന്ധിതരാണിപ്പോള്‍

കാരണം ഡിജിറ്റല്‍ ഡിവൈഡ് എന്നത് നമുക്ക് പരിചിതമായ അസമത്വങ്ങളെക്കാള്‍ ഭീമാകാരമായ വലിയ കിടങ്ങാണെന്ന് ഈ വിഷയത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 2001 മെയ് 17 മുതല്‍ ഐക്യരാഷ്ട്ര സഭയും ലോക ഇന്‍ഫര്‍മേഷന്‍ സമൂഹദിനം ആചരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഡിജിറ്റലൈസേഷന്റെ നന്മയും തിന്മയും തിരിച്ചറിയാന്‍ നാം ആലസ്യം കാണിച്ചുവോ? പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഫാസിസത്തിന്റെ ചമയങ്ങള്‍ ചാര്‍ത്തപ്പെടുമ്പോള്‍, അത്തരം സര്‍വ്വാധിപത്യത്തിന്റെ കൊടികള്‍ കുടുംബങ്ങളിലും വരും തലമുറകളുടെ നെഞ്ചകങ്ങളിലും നാട്ടപ്പെടുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത് ചരിത്രഗതിയാണ്. ആധിപത്യത്തിന്റെ കടിഞ്ഞാണുകള്‍ വ്യക്തികളും പ്രസ്ഥാനങ്ങളും ഇഷ്ടപ്പെടുന്നു എക്കാലത്തും. മധ്യയുഗത്തില്‍ യൂറോപ്പില്‍ അപകടകരമാം വിധം രൂപപ്പെട്ട നിയന്ത്രണങ്ങളും അടിച്ചമര്‍ത്തലുകളും സര്‍വ്വാധിപത്യത്തിന്റെ കത്തിവേഷങ്ങളാല്‍ നയിക്കപ്പെട്ടുവെന്നത് ചരിത്രരേഖയാണ്. എപ്പോഴും സര്‍വ്വാധിപത്യങ്ങളുടെ ഫണമുയര്‍ത്തല്‍, രാഷ്ട്രവും ജനങ്ങളും നേരിടുന്ന പ്രതിസന്ധിയുടെ നാളുകളിലാണെന്ന സത്യം നമുക്ക് മറക്കാതിരിക്കാം. ആധുനിക സര്‍വ്വാധിപതികള്‍ എപ്പോഴും ഏറ്റവും കൂടുതല്‍ പ്രയോജനെപ്പടുത്തുന്നത് സാമൂഹികമാധ്യമങ്ങളെയാണ്. ഏറ്റവും കൂടുതല്‍ ക്യാമറ പകര്‍ത്തിയ മുഖം ഹിറ്റ്‌ലറുടേതാണെന്നൊരു കണക്കുണ്ട്. സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ഷണക്കത്തില്‍ ഒരു ഭരണാധികാരിയുടെ ചിത്രം ചേര്‍ക്കണമെന്ന നിബന്ധന നമ്മുടെ ഭരണവും രാഷ്ട്രീയവും പോകുന്ന വഴിയിലേക്കുള്ള ചൂട്ടുവെളിച്ചമാണ്. അടിമയും ഉടമയും മുതലാളിയും തൊഴിലാളിയും ജന്മിയും കുടിയാനും പോലെയല്ല, ഡിജിറ്റല്‍ വേര്‍തിരിവിന്റെ കാര്യം. സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തില്‍, അതിനു പാങ്ങില്ലാത്തവര്‍ തെരുവീഥികളിലേക്ക് വലിച്ചെറിയുകയാണ്. അത്തരമൊരു അവസ്ഥയെ മുന്‍കൂട്ടി കാണാനും പുതുചുവടുകള്‍ വയ്ക്കാനും ഇനിയും വൈകരുത്. എന്തിനും സര്‍ക്കാര്‍ വേണമെന്ന രീതി ഇനി വേണ്ട. കാരണം രക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ കൈകളുടെ പരിശുദ്ധി അന്യം നിന്നു പോയിരിക്കുന്നു.

സൂക്ഷിക്കുക. ഡിജിറ്റല്‍ ഡിവൈഡ് കടക്കാന്‍ തീര്‍ക്കുന്ന തടിപ്പാലങ്ങള്‍ക്ക് ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നിശ്ചിതനിറം അനുശാസിക്കാന്‍ ഭരണാധികാരികള്‍ മടിക്കാത്ത കാലമാണിത്. വരും തലമുറകള്‍, ഇത്തരം ഹീനതന്ത്രങ്ങളുടെ പരുന്തുംകാലില്‍ പോകാതിരിക്കാനുള്ള ജാഗ്രത പ്രകടിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കടമയുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന സര്‍വ്വാധിപത്യത്തിന്റെ പ്രവണതകളുടെ വേരറുക്കാന്‍ പുതിയ മുന്നേറ്റങ്ങള്‍ വേണം. ഈ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ മനുഷ്യമഹത്വത്തിന്റെ മുദ്രാവാക്യങ്ങള്‍ അധരങ്ങളിലും ഹൃദയങ്ങളിലുമുള്ളവരുടെ കൂട്ടായ്മകള്‍ വേണം. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല. കാരണം, ഇപ്പോള്‍ ക്ലിക്ക് ചെയ്യാന്‍ മൗസ് പോലും വേണ്ടാത്ത സാങ്കേതിക വിദ്യയുടെ റോക്കറ്റ് വേഗത്തിന്റെ വിക്ഷേപണപഥത്തിലാണ് നാം ഓരോരുത്തരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org