നാനാത്വത്തിലെ ഏകത്വം

നാനാത്വത്തിലെ ഏകത്വം
പരിവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കലും കൈവിടലുകളുമെല്ലാം കാലാകാലങ്ങളില്‍ സംഭവിച്ചേക്കാം. അതിനെയെല്ലാം ത്യാജ്യഗ്രാഹ്യ വിവേകത്തോടെ സമീപിക്കുന്നതിനു പകരം കുടുംപിടിത്തങ്ങളിലൂടെ നിലനിറുത്താന്‍ ശ്രമിക്കുന്നത് മൂഢതയാണ്.

തലശ്ശേരി ദം ബിരിയാണിയുടെ രുചിയറിയണമെങ്കില്‍ അത് ഒറിജിനല്‍ ഇടത്തുനിന്നു തന്നെ കഴിക്കണം. വാഴക്കുളം പൈനാപ്പിളിന്റെ ടേസ്റ്റ് വാഴക്കുളത്തുണ്ടാവുന്ന പൈനാപ്പിളിനു തന്നെയേ കിട്ടൂ. ഇങ്ങനെയൊക്കെ വരുമ്പോഴാണു നമ്മള്‍ തനതു രുചികള്‍ എന്ന് ഇവയെ വിശേഷിപ്പിക്കുന്നത്. 'തനത്' എന്ന ടൈറ്റിലിനൊക്കെ വലിയ ബ്രാന്‍ഡ് വാല്യു കൊണ്ടുവരാന്‍ നമ്മളിന്നു കിണഞ്ഞു പണിപ്പെടുന്നുമുണ്ട്.

'തനത്' എങ്ങനെയാണു രൂപപ്പെടുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? സമ്മിശ്രാവസ്ഥകളുടെ മേളനമാണ് ഓരോ 'തനത്' ആവിഷ്‌ക്കാരങ്ങളും. മണ്ണും വെയിലും മഴയും സ്വപ്നങ്ങളും തഴക്കങ്ങളും എല്ലാം കൃത്യമായ ചേരുവകളില്‍ ചേരുന്ന ആവിഷ്‌ക്കരണങ്ങള്‍. അങ്ങനെ വരുമ്പോഴാണ് ബിരിയാണിയെല്ലാം ബിരിയാണിയല്ലെന്നും എല്ലാം ഒന്നില്‍നിന്നു വ്യത്യസ്തമായ രുചികള്‍ പേറുന്നുവെന്നും ഒക്കെ നമ്മള്‍ തിരിച്ചറിയുന്നത്.

പണ്ട്, സാറാ ജോസഫ് എഴുതിയിരുന്നു, ഒരു ശര്‍ക്കരത്തുണ്ടിലോ മാമ്പഴ മധുരത്തിലോ ഒക്കെ പുഞ്ചിരിച്ചിരുന്ന കുഞ്ഞുങ്ങളെക്കുറിച്ച്. ഒരു കുഞ്ഞുവാ മധുരമെന്നാല്‍ ഇന്ന് കൂറ്റന്‍ ചോക്ലേറ്റ് ബാറുകളായി മാറിയിരിക്കുന്നുവെന്ന്. വിവിധ മധുരങ്ങള്‍ നുണയുന്നതില്‍ ഇണങ്ങിയിരുന്ന നമ്മുടെ രസനകള്‍ മിഠായിപ്പൊതികള്‍ക്കായി പണയം വെച്ചതിന്റെ നൊമ്പരങ്ങള്‍ പി.പി. രാമചന്ദ്രനും പങ്കിട്ടിരിക്കുന്നു.

ജീവിതം മുഴുവന്‍ മൊണോട്ടണസ് ആയ ഒരു രുചിയിലേക്കു നീങ്ങുന്നതിന്റെ ദുരന്തത്തെക്കുറിച്ച് നമ്മെ ആദ്യമോര്‍മ്മിപ്പിച്ചവരില്‍ ഒരാള്‍ എം.എന്‍. വിജയന്‍ ആണ്. പുഞ്ചിരികളൊന്നും ചിരികളല്ലയെന്നും ചിരിയെന്നു വിളിക്കണമെങ്കില്‍ അട്ടഹാസമാവണമെന്നും ധാരണകളുറപ്പിച്ചവര്‍ക്ക് മൊണാലിസച്ചിരിയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. എവിടെയും സ്റ്റാന്റേര്‍ഡൈസേഷന്‍ സംഭവിച്ചിരിക്കുന്നു.

ഏകീകൃതം എന്ന പദം ഇന്ന് നിരന്തരം നമ്മുടെ ചിന്തകളിലേക്കെത്തുന്നുണ്ട്. ഏകീകൃതമായാല്‍, എല്ലാം ഒരുപോലിരുന്നാല്‍ ഐക്യം സംഭവിക്കും എന്ന ധാരണകള്‍ പൊട്ടിമുളച്ചത് എവിടെ നിന്നാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാവര്‍ക്കും ഒരു ഭാഷ, ഒരു നിയമം, ഒരു വേഷം തുടങ്ങി എല്ലാം ഒരു ഫ്രെയിമിനുള്ളിലേക്കു ഒതുക്കി നിര്‍ത്താനുള്ള തത്രപ്പാടുകള്‍ എന്തിനുവേണ്ടിയായിരുന്നാലും ആത്യന്തിക ഫലം എന്തായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വേണം.

ഒരു തുള്ളി കീടനാശിനി മണ്ണില്‍ വീഴുമ്പോള്‍ നശിച്ചൊടുങ്ങുന്ന ലക്ഷക്കണക്കിനു ജീവകണങ്ങള്‍ ഏതാണ്ടൊരു സെന്റിമീറ്റര്‍ ചുറ്റളവിലുണ്ട്. വന്‍ തോട്ടങ്ങളില്‍ വിള സംരക്ഷണത്തിനായി നമ്മളതു ചെയ്യുമ്പോഴാണ് അത്തരമിടങ്ങളില്‍ മറ്റു വിളകള്‍ക്കു സാദ്ധ്യതയില്ലാത്തത്. പണ്ട് ഒരു സമീകൃത സ്വഭാവമുണ്ടായിരുന്നു തോട്ടങ്ങള്‍ക്ക്. വാഴത്തോട്ടത്തില്‍ ചീരയും കാന്താരിയും വെണ്ടയും വഴുതനയുമെല്ലാം ഇടകലര്‍ന്നു രമിച്ചിരുന്നതുപോലെ. അവ പരസ്പര സഹായ സംഘങ്ങള്‍ കൂടിയായിരുന്നു. ഇന്ന് കൂടുതല്‍ 'ഫോക്കസ്ഡ്' ആയതോടെ ഇടവിളകള്‍ നശിച്ച് 'മുഖ്യവിള' മാത്രം നൂറുമേനിയെടുക്കുന്ന ശീലത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

ഇങ്ങനെ മാറുമ്പോഴാണ് നമുക്ക് ജൈവികമായ ഒരു താളം നഷ്ടമാവുന്നത്. സഹവര്‍ത്തിത്വത്തിലും സഹിഷ്ണുതയിലുമെല്ലാം നിലകൊണ്ടിരുന്ന വ്യവസ്ഥിതി പിന്നെ ഒരു രുചിയിലേയ്ക്കു മാറുന്നതിന്റെ നേര്‍ചിത്രമാണത്. നിറയെ കായ്ച്ചുവീഴാറായ കാന്താരിച്ചെടികളെ വാഴനാരുകൊണ്ട് വാഴത്തടിയിലേക്കു ചേര്‍ത്തു കെട്ടുന്ന ശീലങ്ങള്‍ക്കൊന്നുമിനി പ്രസക്തിയില്ല. 'അങ്ങനെ നിറയെ കായ്ക്കാന്‍ നിങ്ങള്‍ക്കു കെല്പ്പുണ്ടെങ്കില്‍ പോയി കാന്താരിത്തോട്ടത്തിലെങ്ങാനും കായ്ക്കൂ ഹേ' എന്നതാണ് 'ആറ്റിറ്റിയൂഡ്.' ഞങ്ങളുടെ ലക്ഷ്യം മുഖ്യവിളയാണ്. ലാഭത്തില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത മനോഭാവമാണ്.

ഒരു മതം ആവിര്‍ഭവിക്കുന്നത് ഒരു പ്രത്യേക കാലത്തിലും പ്രത്യേക ദേശത്തുമാകാം. ആശയങ്ങളുടെ മൂര്‍ച്ചയിലും തീര്‍ച്ചയിലുമവ ദേശാന്തര ഗമനം നടത്തുക സ്വാഭാവികമാണ്. നമ്മുടെ പഴയ ചരിത്രം പരിശോധിക്കുമ്പോള്‍ മറ്റനവധി വിനിമയ വസ്തുക്കള്‍ക്കൊപ്പം സുപ്രധാനമായ ഒരു സാദ്ധ്യത തന്നെയായിരുന്നു, ആശയങ്ങളുടെ വിനിമയവും. അതു ചിലപ്പോള്‍ ബൗദ്ധികമാവാം ആത്മീയമാവാം, വിനോദമാവാം, അങ്ങനെ പലതുമാവാം. ചതുരംഗം കൈമാറ്റം ചെയ്യപ്പെട്ട ചെസ്സായി രൂപാന്തരം പ്രാപിച്ചപ്പോഴേക്കും എത്ര ദേശാടനങ്ങളാണ് ആ ഒരൊറ്റ വിനോദത്തിനുവേണ്ടി വന്നത്. ചെസ്സ് ബോര്‍ഡ് എന്ന ആശയത്തിന്റെ ആദ്യശ്രവണമാത്രയില്‍ നമ്മുടെ ബോധമണ്ഡലത്തിലേക്കെത്തുന്ന കറുപ്പും വെളുപ്പം തന്നെ 'ചതുരംഗ'ത്തിന്റെ പ്രാരംഭ കാലത്തുണ്ടായിരുന്നില്ല എന്നതാണു വാസ്തവം. കൊണ്ടും കൊടുത്തുമാണ്, ഇത്തരം ദേശാന്തര ഗമനങ്ങളാല്‍ പല ആശയങ്ങളും രൂപാന്തരീകരണം നടത്തുന്നത്. ഇത്തരം ഘട്ടങ്ങളിലൊക്കെ നിര്‍ഷ്‌ക്കര്‍ഷയും കാര്‍ക്കശ്യവും പുലര്‍ത്തുവാന്‍ ശ്രമിക്കുമ്പോഴാണ് പലതും നശിച്ച് ഇല്ലാതാവുന്നത്. പിന്നെയതിനെയൊക്കെ പുനരുജ്ജീവിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങളൊക്കെ നടത്തി ഒരു സര്‍വ്വകലാശാല തന്നെ കൊണ്ടു വന്നാലും കാലത്തിന്റെ ഗതിക്കനുസരിച്ച് അതു മാറി വീശും എന്നതാണ് സംസ്‌കൃത സര്‍വ്വകലാശാലപോലുള്ള ഉദാഹരണം നമ്മെ പഠിപ്പിക്കുന്നത്.

മരിക്കാതിരിക്കുക എന്നതാണു പ്രധാനം. അതിപ്പോള്‍ ഭാഷയായാലും ആശയമായാലും സംസ്‌കാരമായാലും ആരാധനക്രമമായാലും. പരിവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കലും കൈവിടലുകളുമെല്ലാം കാലാകാലങ്ങളില്‍ സംഭവിച്ചേക്കാം. അതിനെയെല്ലാം ത്യാജ്യഗ്രാഹ്യ വിവേകത്തോടെ സമീപിക്കുന്നതിനു പകരം കുടുംപിടിത്തങ്ങളിലൂടെ നിലനിറുത്താന്‍ ശ്രമിക്കുന്നത് മൂഢതയാണ്. ഫാസിസത്തിന്റെ ധാര്‍ഷ്ട്യങ്ങള്‍കൊണ്ട് 'കല്പന'കളിലൂടെ എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം എല്ലാക്കാലത്തും ചരിത്രത്തിന്റെ ചവറ്റുകൊട്ടകളിലാണ് സ്ഥാനമെന്ന് ഒന്നു തിരിഞ്ഞു നോക്കിയാല്‍ കാണാം. ആ കൊട്ടയ്ക്കുള്ളിലാകട്ടെ, കൂടുതലും 'അധികാരം കയ്യാളിയിരുന്ന' പ്രമാണികളാണു താനും. 'വരുന്നുണ്ട് കാട്ടുതീ' എന്ന് ചിറകിട്ടടിച്ച് പാഞ്ഞു പറന്ന്, അതേ കാട്ടുതീയില്‍ വെന്ത കുഞ്ഞു കിളികളെയൊന്നും അതില്‍ കാണാറുമില്ലെന്നോര്‍ക്കണം. ചെറുവിരലനക്കങ്ങള്‍ കൊണ്ടവ പാഠപുസ്തകങ്ങളിലേക്ക് കയറിപ്പോയിരിക്കുന്നു. കല്ലറകളിലേയ്ക്കും ചവിട്ടുന്ന മനോഭാവങ്ങളുണ്ടാക്കിയേ അടങ്ങൂ എന്ന് അധികാരികള്‍ ഒരുമ്പെട്ടിറങ്ങിയാല്‍ പിന്നെ എന്തു ചെയ്യാനാണിഷ്ടാ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org