ഒടിപിയും വോട്ടും

ഒടിപിയും വോട്ടും

മാണി പയസ്

വോട്ട് ചെയ്യല്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും പരിചിതമായ പ്രവര്‍ത്തിയാണ്. വണ്‍ ടൈം പാസ്‌വേഡ് (OTP) ഒരുമാതിരിപ്പെട്ടവരൊക്കെ പരിചയപ്പെട്ടു വരുന്ന കാര്യവുമാണ്. ഇവ തമ്മില്‍ നേരിട്ടൊരു ബന്ധവും ഇപ്പോഴില്ല. നാളെ ഉണ്ടായിക്കൂടാ എന്നുമില്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് കിട്ടാനും എല്‍.ഐ.സി. പ്രീമിയം അടയ്ക്കാനും അങ്ങനെ പലതിനും ഇന്റര്‍നെറ്റിലൂടെ ശ്രമിക്കുന്നവര്‍ക്ക് ഒടിപിയുമായി കൂട്ടിമുട്ടാതെ കടന്നുപോകാനാവില്ല. ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ പോലും ഒടിപി വന്നു കഴിഞ്ഞു.
ഇന്റര്‍നെറ്റ് ഇടപാടുകള്‍ നടത്തുമ്പോള്‍ തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലാണ് ഒടിപി. ഇടപാടുകളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുകയാണ് ഒടിപിയിലൂടെ ചെയ്യുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കും എന്നതിനാല്‍ ഒടിപി സ്ഥിരം ഏര്‍പ്പാട് ആവാതെ വയ്യ.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വോട്ടിംഗും ഒരു തരം ഒടിപി ഏര്‍പ്പാടാണെന്ന തോന്നല്‍ ഉണരുന്നു. ഒന്നാമത്തെ കാര്യം രണ്ടിനുമുള്ള രഹസ്യസ്വഭാവം തന്നെ. ഒടിപി നമ്പര്‍ ഫീഡ് ചെയ്താലും വോട്ട് ചെയ്താലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നതു രണ്ടാമത്തെ കാര്യം. അതുവരെ അധികാരി ആയിരുന്നയാള്‍ പിന്നെ താന്‍ ചെയ്ത കര്‍മ്മത്തിന്റെ ഇരയായി മാറും.
ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ മനുഷ്യര്‍ നടത്തുന്ന ഓരോ ശ്രമങ്ങളെയും ഒടിപി നമ്പര്‍ ഫീഡ് ചെയ്യുന്നതിനോട് ഉപമിക്കാം. പുതിയ വീട് വാങ്ങുന്നത് സന്തോഷത്തിനു വേണ്ടി ഒരു ഒടിപി നമ്പര്‍ ഫീഡ് ചെയ്യുന്നതുപോലെയാണ്. ആ ഒടിപി നമ്പര്‍ പിന്നെ സന്തോഷം ജനിപ്പിക്കാന്‍ പര്യാപ്തമല്ല. അഥവാ നീണ്ടുനില്‍ക്കുന്ന സന്തോഷം തരുന്നില്ല. നിത്യമായ സന്തോഷം നല്കുന്ന ഒടിപി നമ്പറിനുവേണ്ടിയുള്ള അന്വേഷണമാണു മനുഷ്യജന്മം. അതെവിടെ കിട്ടും. മനുഷ്യരില്‍ സന്തോഷത്തിനു കാരണമാകുന്നത് രക്തത്തില്‍ കലരുന്ന ഹോര്‍മോണുകളും തലച്ചോറിലൂടെ പായുന്ന ഇലക്‌ട്രോണിക് തരംഗങ്ങളുമാണെന്നു ശാസ്ത്രം പറയുന്നു. ഹൃദയത്തിന്റെ ദൗര്‍ബല്യം പരിഹരിക്കാന്‍ പേസ് മേക്കര്‍ ഘടിപ്പിക്കുന്നതുപോലെ ഒരു ഹാപ്പിനെസ് മേക്കര്‍ ഭാവിയില്‍ രൂപം കൊള്ളുമോ. വളരെ നേരിയ അളവില്‍ ഹാപ്പിനെസ് കെമിക്കല്‍ രക്തത്തിലേക്കു ഇന്‍ജെക്ട് ചെയ്യുന്ന ഒരു യന്ത്രം നിര്‍മ്മിക്കുകയും കുറഞ്ഞ വിലയ്ക്ക് പൗരന്മാര്‍ക്കു കൊടുക്കുകയും ചെയ്താല്‍ ഭരണാധികാരികള്‍ക്കു പ്രതിപക്ഷശബ്ദം കേള്‍ക്കാതെ തോന്ന്യാസത്തോടെ മുന്നേറാനാകും.

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വോട്ടിംഗും
ഒരു തരം ഒടിപി ഏര്‍പ്പാടാണെന്ന തോന്നല്‍ ഉണരുന്നു.
ഒന്നാമത്തെ കാര്യം 
രണ്ടിനുമുള്ള രഹസ്യസ്വഭാവം തന്നെ.
ഒടിപി നമ്പര്‍ ഫീഡ് ചെയ്താലും വോട്ട് ചെയ്താലും
തിരിച്ചെടുക്കാന്‍ കഴിയില്ലെന്നതു രണ്ടാമത്തെ കാര്യം.
അതുവരെ അധികാരി ആയിരുന്നയാള്‍ പിന്നെ താന്‍ ചെയ്ത

കര്‍മ്മത്തിന്റെ ഇരയായി മാറും.


പരസ്പരം ആശയങ്ങള്‍ വിനിമയം ചെയ്തും അതിലൂടെ വിവരങ്ങള്‍ കൈമാറിയും അവയില്‍ നിന്ന് അറിവുകള്‍ ആര്‍ജ്ജിച്ചും അതിനെ ഉള്‍ക്കാഴ്ചയായി മാറ്റിയുമാണ് ഭൂമിയില്‍ ഹോമോ സാപിയന്‍സ് എന്ന ഇന്നത്തെ മനുഷ്യനു പിടിച്ചുനില്‍ക്കാനായത്. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ കഴിയാതെ അന്യം നിന്നുപോയ സഹോദര മനുഷ്യ സമൂഹങ്ങള്‍ പലതും ഹോമോ സാപിയന്‍സിനുണ്ട്. അവയില്‍ കുള്ളന്മാരുടെ ഗണങ്ങളും (Homo floresiensis) രാക്ഷസഗണങ്ങളും ഉള്‍പ്പെടുന്നു.
ഇന്നും മനുഷ്യസമൂഹത്തിന്റെ നിലനില്പിന് പരസ്പരമുള്ള ആശയവിനിയമം പരമപ്രധാനമാണ്. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടയിടുന്നതിന് ഏകാധിപത്യശക്തികള്‍ എപ്പോഴും ചെയ്തിട്ടുള്ളത് ആശയ വിനിമയത്തിന്റെ വാതില്‍ കൊട്ടിയടയ്ക്കുകയാണ്. കാറ്റ് കടന്നുവരട്ടെ എന്നു പറഞ്ഞുകൊണ്ട് ജനാലകള്‍ തുറന്നിട്ട ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പ അവിസ്മരണീയമായ പ്രതീകമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ചുള്ള പ്രഖ്യാപനവേളയിലാണ് മാര്‍പാപ്പ ഇങ്ങനെ ചെയ്തത്. കത്തോലിക്കാ സഭയില്‍ നവീനാശയങ്ങള്‍ കടന്നുവരട്ടെ എന്നു തന്നെയാണ് മാര്‍പാപ്പ അര്‍ത്ഥമാക്കിയത്. നമ്മുടെ രാജ്യത്ത് ജനാലകള്‍ അടച്ച് കാറ്റിനെ പ്രതിരോധിക്കുന്ന കര്‍മ്മങ്ങള്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒടിടി പ്ലാറ്റ് ഫോമുകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അത്തരത്തിലുള്ളതാണ്.
സാങ്കേതിക വിദ്യ വരിഞ്ഞുമുറുക്കുന്നതിനാല്‍ മനുഷ്യജീവിതം അസഹനീയമാകുകയാണ്. യന്ത്രങ്ങളാല്‍ നയിക്കപ്പെടുന്ന ജീവിതത്തില്‍നിന്ന് മാനുഷികതയും മൂല്യങ്ങളും അകന്നകന്നു പോകുന്നു. ലോകത്ത് ഇന്ന് യന്ത്രങ്ങളുടെ 32 ബില്യണ്‍ സെന്‍സറുകള്‍ ഇന്റര്‍ നെറ്റില്‍ പരസ്പരം ബന്ധിതമാണ്. ലോകത്ത് മൊത്തമുള്ള എട്ട് ബില്യണ്‍ മനുഷ്യരുടെ നാലിരട്ടിയാണ് യന്ത്രങ്ങള്‍! ഇവ ചിന്തിക്കാനും, സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കാനും, സ്വപ്നങ്ങള്‍ കാണാനും, ആശയങ്ങള്‍ കൈമാറാനും തുടങ്ങിയാല്‍ അന്യം നിന്നുപോയ സഹോദര മനുഷ്യസമൂഹങ്ങളുടെ നില ഹോമോ സാപിയന്‍സിനുണ്ടാകും.
കോവിഡ് 19 വൈറസ് ലോകത്തെ മാറ്റിമറിച്ചതിന്റെ ഫലം മനുഷ്യകുലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം ജനിതക മാറ്റത്തിനു കഴിവുള്ള ഇത്തരം വൈറസുകളും ലോകത്തെ സ്വന്തം നിലയില്‍ നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന യന്ത്രങ്ങളും കൈകോര്‍ത്താല്‍ ഹോമോ സാപിയന്‍സ് ഭൂമിയില്‍ അവശേഷിക്കുകയില്ല. നാളെ അതു സംഭവിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് രാഷ്ട്രതന്ത്രജ്ഞന്മാരും ശാസ്ത്രജ്ഞന്മാരും ഒരുമിച്ചു ചേര്‍ന്ന് ആലോചിക്കണം. ജനറ്റിക് എന്‍ജിനീയറിംഗ് എന്ന പേരില്‍ അതിക്രമങ്ങള്‍ കാണിക്കുന്നതു നിര്‍ത്തണം.
നാല് ബില്യണ്‍ വര്‍ഷമായി ജീവപ്രപഞ്ചത്തില്‍ നടക്കുന്ന സ്വാഭാവിക തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള മനുഷ്യന്റെ ആര്‍ത്തി അവന്റെ നാശത്തിനു വഴിതെളിക്കും. രോഗപ്രതിരോധത്തിനു സഹായമാകുന്നതു വരെ ജനറ്റിക് എഞ്ചിനീയറിംഗ് അനുവദനീയമാണ്. ഭ്രാന്തന്‍ ആശയങ്ങളുടെ സാക്ഷാത്ക്കാരത്തിനായി അതിനെ വലിച്ചിഴയ്ക്കരുത്. പച്ച ഫ്‌ളൂറസന്റ് നിറമുള്ള മുയലിനെ ജനിപ്പിച്ചതു പോലുള്ള കാര്യങ്ങള്‍ ഭയാനകമാണ്. മനുഷ്യന്‍ ദൈവമായി ചമയാന്‍ തുടങ്ങിയാല്‍ വി നാശമാകും ഫലം. അസംതൃപ്തരും, ഉത്തരവാദിത്വമില്ലാത്തവരും, സ്വയം ദൈവമെന്നു കരുതുന്നവരും ആര്‍ത്തിക്കാരുമായ മനുഷ്യരെപ്പോലെ അപകടകാരികളായി പ്രപഞ്ചത്തില്‍ മറ്റൊരു ജീവിയും കാണില്ല.

manipius59@gmail.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org