അപ്പുറമുണ്ടൊരു ലോകം

അപ്പുറമുണ്ടൊരു ലോകം
ഏറ്റവും പ്രിയപ്പെട്ടവരെ കാണാന്‍ പോകുമ്പോള്‍ നാം ഭയക്കുന്നതെന്തിന്? പുതിയ ദേശം കാണുമ്പോള്‍ ഉത്കണ്ഠകളെന്തിന്? പുതിയ ലോകവും പുതിയ ആകാശവും നമ്മെ കാത്തിരിക്കുന്നു. ആ യാത്രയ്ക്ക് പ്രാര്‍ത്ഥനകളോടെ കാത്തിരിക്കാം, കഴിയുന്നതുപോല്‍ ഒരുങ്ങിയിരിക്കാം.

ഇപ്പോള്‍ മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗ്രഹീതരാണ്. അതെ തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അദ്ധ്വാനങ്ങളില്‍നിന്ന് വിരമിച്ചു സ്വസ്ഥരാകും. അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു (വെളിപാട് 14:13).

സമ്മതിച്ചു, കൊതിതീരും വരെ ജീവിച്ചുമരിച്ചവര്‍ ഇല്ലാത്ത ഭൂമിയാണ് ഇത്. ഇതിനുമുമ്പ് പല തവണ പറഞ്ഞിട്ടുള്ളതുപോലെ എന്നിട്ടും മരിക്കാതിരിക്കാനാവില്ല നമുക്ക്. ശാസ്ത്രസാങ്കേതികതകള്‍ ഇത്രയധികം വളര്‍ന്നിട്ടുപോലും. ഒരുപക്ഷേ ഒരു മണിക്കൂറോ ഒരു ദിവസമോ ഒരു വര്‍ഷമോ ഒക്കെ നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചേക്കാം. അത് ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി അനുസരിച്ചു മാത്രം. എന്നിട്ടും ഒരിക്കല്‍, ഒരു ദിവസം നമുക്ക് മരിക്കാതിരിക്കാനാവില്ല.

അത് ഏഴിലാണോ എഴുപതിലാണോ അതോ അമ്പതിലാണോയെന്ന് തീരുമാനിക്കാനാവില്ലെന്ന് മാത്രം. മനുഷ്യന്റെ ആഗ്രഹത്തിനും സമ്മതത്തിനും വിരുദ്ധമായി അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒഴിവാക്കാനാവാത്തതായി ഒന്നേയുള്ളൂ. മരണം. അത് അവന്റെ വിധിയാണ്.

ഭൂമിയോടുള്ള ഉന്മത്തകാമനകളും ജീവിച്ചിരിക്കുന്നതിലെ ആ നന്ദവുമാണ് മരിക്കുന്നതില്‍നിന്ന് നമ്മെ പേടിപ്പെടുത്തുന്നത്. മരണം ഭീകരമായ അനുഭവമാക്കി മാറ്റുന്നത്. ഭൂമിയും അവിടത്തെ ബന്ധങ്ങളും നശ്വരമാണെന്നും ശാശ്വതമായ ഒരു ലോകം ഇതല്ലെന്നും ഞാന്‍ മനസ്സിലാക്കാത്തിടത്തോളം കാലം എനിക്കെന്റെ മരണം പേടിപ്പെടുത്തുന്നതായിരിക്കും.

എന്നു കരുതി ഭൂമിയും ഭൗമികജീവിതവും ഒരിക്കലും നിരര്‍ത്ഥകമാകുന്നുമില്ല. മറ്റൊരാളുടെ സാധനമോ സമ്പത്തോ കുറച്ചു നേരത്തേക്ക് സൂക്ഷിക്കാന്‍ ഏല്പിച്ചാല്‍ അതെത്രയോ ഉത്തരവാദിത്തത്തോടെ നാം കൈകാര്യം ചെയ്യുമോ അതുപോലെ നിശ്ചിത കാലത്തേക്ക് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തതിന് ശേഷം ഉടമസ്ഥന് കൈമാറേണ്ട ഒന്നാണ് നമ്മുടെ ജീവിതവും. നമ്മുടെ ജീവിതത്തിന്റെ ഉടമസ്ഥന്‍ നമ്മളല്ല, ദൈവമാണ്. അവിടുത്തേക്ക് തിരികെ ഏല്പിക്കുമ്പോള്‍ മാത്രമേ ജീവിതം ഫലദായകമാവുകയുള്ളൂ. അതുകൊണ്ടാണ് വിശുദ്ധ ആഗസ്തിനോസ് പറഞ്ഞത്, നിന്നില്‍ വിലയംപ്രാപിക്കുംവരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുമെന്ന്. ജീവിതത്തെ അതിന്റെ എല്ലാവിധ സുഖങ്ങളോടും കൂടി സമീപിച്ച മനുഷ്യനാണ് ഇതുപറഞ്ഞതെന്നാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഭൗമികലോകത്തിന്റെ സുഖഭോഗങ്ങളുടെയും മറ്റും നിരര്‍ത്ഥകത, അവനവനു വേണ്ടി അമിതപ്രാധാന്യം നല്കി ജീവിക്കുന്നതിലെ അര്‍ത്ഥശൂന്യത ഇതാണ് ബുദ്ധനെയും ആഗസ്തീനോസിനെയും എല്ലാം അസ്വസ്ഥമാക്കിക്കൊണ്ടിരുന്നത്.

മരണത്തെ ശാന്തതയോടെ സ്വീകരിക്കാന്‍ രണ്ടു ഘടകങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ഒന്ന് ദൈവവിശ്വാസം, ഇതിന്റെ തുടര്‍ച്ചയായി വരുന്ന മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ബോധ്യം. മരിക്കാന്‍ നേരത്ത് ക്രിസ്തുപോലും വിലപിച്ച ഭൂമിയാണ് ഇത്. എങ്കിലും അവസാന നിമിഷം പിതാവിന്റെ കരങ്ങളിലേക്ക് സ്വന്തം ആത്മാവിനെ ചേര്‍ത്തുവയ്ക്കാന്‍ അവന് കഴിഞ്ഞു. ആഴപ്പെട്ട ആത്മീയതയും കറയറ്റ ദൈവവിശ്വാസവുമാണ് ഒരാളെ സ്വസ്ഥതയോടെ മരിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിശുദ്ധരുടെ ജീവിതങ്ങളെ മറന്നേക്കൂ. കാരണം അവര്‍ exceptional ആണ്.

പക്ഷേ, നമ്മെപോലെ ലൗകികരായി ജീവിച്ചിരിക്കെ തന്നെ മരണത്തെ അസാമാന്യമായ ധൈര്യത്തോടെ സമീപിച്ചവരും ധാരാളമുണ്ട്. വിക്‌ടോറിയ രാജ്ഞിയും മൈക്കള്‍ ഫാരഡേയും മിഷനറിയായിരുന്ന ഡേവിഡ് ലിവിംങ്സ്റ്റണുമൊക്കെ അങ്ങനെ ചിലരായിരുന്നു. ഇതിന് സമാന്തരമായി ദൈവവിശ്വാസമില്ലാത്തവരുടെ മരണനിമിഷങ്ങളെക്കുറിച്ചു കൂടി ചിന്തിക്കേണ്ടതുണ്ട്.

ചാള്‍സ് എട്ടാമന്‍ ചക്രവര്‍ത്തി മരിക്കും നേരത്ത് വിലപിച്ചിരുന്നത് എത്ര കൊലപാതകം എത്ര രക്തച്ചൊരിച്ചില്‍ എന്നായിരുന്നു. എന്റെ ആത്മാവ് ഭയാനകമായ ഇരുട്ടിലേക്ക് പോകുന്നുവെന്നായിരുന്നു ഹോ ബെസിന്റെ പ്രതികരണം. ഒലിവര്‍ ക്രോംവെല്‍ എന്ന ക്രൂരനായ പ്രധാനമന്ത്രിയുടെ വിലാപം പിശാച് എന്നെ വഞ്ചിച്ചിരിക്കുന്നു, ഞാന്‍ വഞ്ചിതനായിരിക്കുന്നുവെന്നായിരുന്നു. വോള്‍ട്ടയറുടെ മരണനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു നേഴ്‌സിന്റേതായി രേഖപ്പെടുത്തിയ വാക്കുകള്‍ ഇപ്രകാരമാണ്: എത്ര രൂപ തന്നുവെന്നു പറഞ്ഞാലും ഒരു നിരീശ്വരവാദിയുടെ മരണത്തിന് സാക്ഷിയാവാന്‍ എനിക്ക് വയ്യ.

ഇങ്ങനെ എത്രയെത്ര മഹാരഥന്മാര്‍. ജീവിതവും ആത്മാവും ഭൂമിക്കുവേണ്ടി മാത്രമായി എഴുതി വച്ചവര്‍.

മരണഭയം നല്ലതാണ്. പക്ഷേ അത് നല്ലതുപോലെ ജീവിക്കാനും നന്നായി മരിക്കാനും വേണ്ടിയായിരിക്കണം. വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. 'നമുക്ക് സ്വഭാവികമായും ഒരു മരണം ഉണ്ടാകും. ഭീതിയുടെ ഈ ചിന്തയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ സാധുക്കള്‍ക്കുവേണ്ടി ചെയ്തിട്ടുള്ളവ ഓര്‍ക്കുമ്പോള്‍ സമാ ധാനവും ആശ്രയബോധവും എന്നില്‍ തിരിച്ചുവരുന്നു. അതുകൊണ്ട് എന്റെ ശരണം ഉറച്ചതും ശക്തവുമാണ്. തന്മൂലം ഞാന്‍ സ്വര്‍ഗ്ഗത്തിലാണെന്ന തോന്നലാണ് എനിക്കുള്ളത്. അതുകൊണ്ട് സാധുക്കള്‍ക്ക് നന്മ ചെയ്തു ജീവിക്കുക. ഞാന്‍ ഉറപ്പ് പറയുന്നു നിങ്ങളുടെ ഭയം അകന്നുപോകും.'

വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ മരണഭയത്തെ നേരിടാന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് വിശുദ്ധ കുമ്പസാരമാണ്. മാസംതോറും കുമ്പസാരിക്കുക. അതുപോലെ സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനവും അഭ്യസിക്കുക. ഓരോ മാസവും കൂടുതല്‍ പുണ്യങ്ങളില്‍ വളരുക എന്ന മാര്‍ഗ്ഗവും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. നന്നായി ജീവിച്ചാല്‍ അധികം ഭയപ്പാടില്ലാതെ മരിക്കാമെന്ന് ചുരുക്കം.

സത്യത്തില്‍ മരണത്തിന് ശേഷം എന്തു സംഭവിക്കുമെന്ന ആകാംക്ഷയും സ്വന്തം ചെയ്തികളെയോര്‍ത്തുള്ള ആകുലതയും സ്വത്തിനോടും പ്രിയപ്പെട്ടവരോടുമുള്ള അമിതമായ അറ്റാച്ച്‌മെന്റുമാണ് നമ്മെയെല്ലാം മരണഭയത്തിന് അടിമകളാക്കിയിരിക്കുന്നത്. ഇവിടെയാണ് ആത്മീയത മനുഷ്യന്റെ മരണത്തിന് ഗുണകരമാകുന്നത്.

വിശുദ്ധരുടെ മരണം ദൈവത്തിന് പ്രീതികരമാണ് എന്ന ആശയമാണ് വിശുദ്ധ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോഴുളള ചിന്തയില്‍ നിന്ന് നാം മനസ്സിലാക്കുന്ന മറ്റ് കാര്യങ്ങള്‍ ഇങ്ങനെയാണ്. മരണം ക്രിസ്തുവിലുള്ള ഉറക്കമാണ്. (1 കൊറീന്തോസ് 15:20), അനുഗ്രഹീതമാണ് (വെളിപാട് 14:13), നേട്ടമാണ് (ഫിലിപ്പി. 1:27), ശ്രേഷ്ഠമായ ലക്ഷ്യംവയ്ക്കലാണ് (ഹെബ്രായര്‍ 11:13), സമാധാനത്തോടെയുള്ള പ്രവേശനമാണ് (ഏശയ്യ 57:12), ഭൂമിയിലെ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലം ലഭിക്കലാണ് (ലൂക്കാ 16:25), ക്രിസ്തുസാന്നിധ്യം നല്കുന്ന അനുഭവമാണ് (2 കോറിന്തോസ് 5:9; ഫിലിപ്പി 1:23), ജീവന്റെ കിരീടം ലഭിക്കുന്ന നിമിഷമാണ് (2 തിമോത്തിയോസ് 4:8; വെളിപാട് 2:10).

ഭൂമിയില്‍ അനുവദിച്ചു കിട്ടിയിരിക്കുന്ന കാലത്തോളം നമുക്ക് ജീവിക്കാം, അതിനിടയില്‍ ലഭിക്കുന്ന എല്ലാ ക്ഷതങ്ങളോടും മുറിവുകളോടും സുഖങ്ങളോടും സന്തോഷങ്ങളോടും കൂടി. മരണത്തിന്റെ പേരില്‍ നിഷ്‌ക്രിയരായിരിക്കുകയല്ല മറ്റുള്ളവര്‍ക്ക് സഹായകരമായ വിധത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും നമുക്ക് ബലഹീനതകളുണ്ട്. വേണ്ടെന്ന് തീരുമാനിക്കുമ്പോഴും ചില ബലഹീനതകളുടെ വഴിയില്‍ നാം ഉരുണ്ടുപിടച്ചു വീണിട്ടുണ്ട്. സ്വകാര്യതകളില്‍ ചില മോഹങ്ങളെ നാം താലോലിച്ചിട്ടുണ്ട്. ആരും അത്ര വിശുദ്ധരൊന്നുമല്ല. കറ പുരളാത്ത കൈകളും ചെളി പുരളാത്ത പാദങ്ങളും കുറവാണ്. എങ്കിലും മരണമെന്ന ദര്‍പ്പണത്തെ നോക്കി അതെല്ലാം കഴുകിക്കളയാന്‍ ശ്രമിക്കുക.. ഈ ദിവസം ഞാന്‍ മരിച്ചാല്‍ ഞാന്‍ എവിടെയായിരിക്കും എത്തിച്ചേരുക എന്ന ആത്മശോധനയോടെ ഓരോ ദിവസവും ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക. നമ്മെ അത്യധികം സ്‌നേഹിക്കുന്ന ഒരാളുമായുള്ള കൂടിക്കാഴ്ചയായി മരണത്തെ സങ്കല്പിച്ചു നോക്കൂ. മരണഭയം അകന്നു പോകും. ഇല്ലെങ്കില്‍ കുറഞ്ഞുകിട്ടുകയെങ്കിലും ചെയ്യും.

ഭൂമിയില്‍ നാം സ്‌നേഹിക്കുന്നവര്‍ക്കും നമ്മെ സ്‌നേഹിക്കുന്നവര്‍ക്കും സ്‌നേഹത്തിന്റെ പേരില്‍ പരിധിയും പരിമിതിയുമുണ്ട്. എന്നാല്‍ അതില്ലാതെ നമ്മെ സ്‌നേഹിക്കാന്‍ കഴിയുന്നത് ദൈവത്തിനു മാത്രമാണ്. ദൈവം മാത്രമേ നമ്മെ സ്‌നേഹത്തിന്റെ പേരില്‍ അതിശയിപ്പിക്കുന്നുളളൂ, ലജ്ജിപ്പിക്കുന്നുള്ളൂ. ആ ദൈവത്തിന്റെ മടിത്തട്ടിലേക്കുള്ള യാത്രയാണ് മരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഏറ്റവും പ്രിയപ്പെട്ടവരെ കാണാന്‍ പോകുമ്പോള്‍ നാം ഭയക്കുന്നതെന്തിന്? പുതിയ ദേശം കാണുമ്പോള്‍ ഉത്കണ്ഠകളെന്തിന്? പുതിയ ലോകവും പുതിയ ആകാശവും നമ്മെ കാത്തിരിക്കുന്നു. ആ യാത്രയ്ക്ക് പ്രാര്‍ത്ഥനകളോടെ കാത്തിരിക്കാം, കഴിയുന്നതുപോല്‍ ഒരുങ്ങിയിരിക്കാം. ഏതു സമയത്താണ് യാത്രയ്ക്കുള്ള അറിയിപ്പ് കിട്ടുകയെന്ന് നമുക്കറിയില്ലല്ലോ. എപ്പോഴായാലും അവിടെ വച്ച് നമുക്ക് കണ്ടുമുട്ടാം.

പറഞ്ഞിടുന്നു യാത്ര ഞാന്‍, ശ്രവിക്ക മിത്രലോകമേ

യിറങ്ങിടുന്നു നിങ്ങളെ പിരിഞ്ഞു പോയിടുന്നിതാ

കുറച്ചുകാലമീവിധം കഴിഞ്ഞിടട്ടെ മേലിലേ

യ്ക്കുറപ്പ് ഞാന്‍ തരുന്നു ചേര്‍ന്നിടാം നമുക്ക് നിത്യമായ്

-സിസ്റ്റര്‍ മേരി ബനീഞ്ഞ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org