
എന്റെ ഹൃദയം വേദന കൊണ്ടു പിടയുന്നു, മരണഭീതി എന്റെമേല്‍ നിപതിച്ചിരിക്കുന്നു. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു (സങ്കീ. 55:4).
മരണഭയത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. അതിന്റെ തുടര്‍ച്ചയായി ഏതാനും ചില കാര്യങ്ങള്‍ കൂടി പറയാമെന്ന്് വിചാരിക്കുന്നു. മരണഭയം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അതിനെ അത്രമേല്‍ അപവദിക്കേണ്ടതുമില്ല. മരണത്തെ നേരിടണം, പേടിക്കണം എന്നൊക്കെ പറയാന്‍ എളുപ്പമാണ്, അതിലേറെ എളുപ്പമാണ് എഴുതാനും. പക്ഷേ ഒന്നും അത്രയെളുപ്പമല്ല.
കാരണം ഈ ഭൂമിയോട്, ബന്ധങ്ങളോട്, സ്വരുക്കൂട്ടിയവയോടെല്ലാം നമുക്ക് അത്യധികം മമതയുണ്ട്. കൊതി തീരും വരെ ഇവിടെ ജീവിച്ചുമരിച്ചവരുണ്ടോയെന്നും അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും എന്ന മട്ടിലാണ് പല കാര്യങ്ങളും.
എന്റെ വിചാരം ഞാന്‍ മാത്രം ഈ ലോകത്ത് ചിരംജീവിയാണെന്നാണ്. അതുകൊണ്ട് കഴിയുന്നതുപോലെയെല്ലാം ഞാന്‍ സമ്പാദിക്കുന്നു. പക്ഷേ ഒരുനാള്‍ അതെല്ലാം വിട്ടുപോകേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യബോധം ഒരിക്കല്‍ പോലും എനിക്കില്ല. ഇതുതന്നെയാണ് എല്ലാവരുടെയും പ്രശ്‌നം. ജോലി, പദവി, പ്രശസ്തി, സ്വാധീനം എല്ലാം മരണത്തോടെ ഇല്ലാതാകുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരാള്‍ എത്രയും പ്രഗത്ഭനോ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയോ ആയിരുന്നു കൊള്ളട്ടെ, മരിച്ചുകഴിഞ്ഞതോടെ എല്ലാം അവസാനിക്കുന്നു. അയാളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കു പോലും പലപ്പോഴും അയാളുടെ പേരുകൊണ്ട് മരണ ശേഷം ഒരു നേട്ടം ഉണ്ടാകുന്നില്ല.
ജീവിച്ചിരുന്നപ്പോള്‍ നേടിയെടുത്ത എന്തെങ്കിലും കൂടെ കൊണ്ടുപോകാന്‍ കഴിയുമോ? നിന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും എനിക്ക് കഴിയാനാവില്ല എന്ന് സ്‌നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പരസ്പരം പറയുന്നവര്‍ അതിലൊരാളുടെ മരണത്തോടെ ജീവനൊടുക്കുന്നുണ്ടോ? ഇല്ല. മരിച്ചവര്‍ പോയി, ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിച്ചിരുന്നേ മതിയാവൂ. അതാണ് യാഥാര്‍ത്ഥ്യം. സ്‌നേഹക്കുറവുകൊണ്ടല്ല ഇതൊന്നും സംഭവിക്കുന്നതെന്നാണ് മറ്റൊരു സത്യം.
എത്രയും പ്രിയമുള്ള മക്കള്‍ മരിച്ചുപോകട്ടെ, മാതാപിതാക്കള്‍ പിന്നെയും ജീവിച്ചിരിക്കും. സ്‌നേഹമുള്ള ഇണ മരിച്ചുപോയാലോ പങ്കാളി വീണ്ടും ജീവിക്കും. വേദനയില്ലെന്ന് പറയാനാവില്ല, സങ്കടമില്ലെന്നും. പക്ഷേ മരിച്ചവര്‍ക്കൊപ്പം കൂടെ മരിക്കുന്നവര്‍ അത്യപൂര്‍വ്വമാണ്. പണ്ടുകാലങ്ങളിലെ സതിയൊഴികെ. അതുകൊണ്ടാണ് യൂസഫലി കേച്ചേരി ഇങ്ങനെയെഴുതിയത്: പ്രിയയും പരിജനവും ചിതയുടെ സീമ വരെ.
എത്രയധികം സ്‌നേഹിച്ചവര്‍ക്കുപോലും ചിലപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ബാധ്യതയായി മാറാറുണ്ട്. എം ടി - ഹരികുമാര്‍ കൂട്ടുകെട്ടിലെ മമ്മൂട്ടി ചിത്രമായ 'സുകൃത'ത്തെക്കുറിച്ച് ഇടയ്‌ക്കൊക്കെ ഓര്‍ക്കാറുണ്ട്. എന്തൊരു സിനിമയാണ് അത്! കാന്‍സര്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിക്കുമെന്ന് മുന്നറിയിപ്പു കിട്ടിയ വ്യക്തിയാണ് ചിത്രത്തിലെ നായകന്‍. കരിയറിലെ നേട്ടങ്ങള്‍ക്കുവേണ്ടി അറുത്തുകളഞ്ഞ ബന്ധങ്ങളിലേക്ക് രോഗിയായി അയാള്‍ തിരികെയെത്തുമ്പോള്‍ അവര്‍ക്കൊക്കെ എന്തൊരു സ്‌നേഹമാണ്, പരിഗണനയാണ്. തന്നോടൊപ്പം ഇറങ്ങിത്തിരിച്ച ഭാര്യയെ ജീവിച്ചിരിക്കുമ്പോള്‍തന്നെ അയാള്‍ മറ്റൊരു പുരുഷന് പറഞ്ഞേല്പിച്ചു കൊടുക്കുന്നുപോലുമുണ്ട്. താന്‍ പോയാലും ഭാര്യ ഏകാകിയും വിധവയുമായി കഴിയരുതെന്ന് ആഗ്രഹം കൊണ്ട്. മുറപ്പെണ്ണിനാകട്ടെ ഇനി അയാളെ തനിക്ക് മാത്രം അവകാശമായി കിട്ടിയതിന്റെ സന്തോഷമാണ്.
അങ്ങനെയിരിക്കെ അയാള്‍ ഒരു അത്ഭുതം കണക്കെ രോഗവിമുക്തനാകുന്നു. എല്ലാവരെയും ഈ സൗഖ്യം സന്തോഷിപ്പിക്കുമെന്നാണ് കരുതിയതെങ്കിലും സംഭവിച്ചത് നേര്‍വിപരീതമാണ്. ഭാര്യ അപ്പോഴേക്കും കാമുകനൊപ്പം ജീവിതംതുടങ്ങിക്കഴിഞ്ഞിരുന്നു. ജീവിതത്തിലേക്ക് തിരികെ വന്ന തുകൊണ്ട് ഇനി അയാള്‍ തനിക്ക് സ്വന്തമാകില്ലെന്ന് വിചാരിച്ച മുറപ്പെണ്ണും അകലുന്നു. മരുന്നിടിച്ചു കൊടുത്തും നേരാം വണ്ണം ഭക്ഷണമൊരുക്കിയും രോഗിയായ അയാളെ പരിചരിച്ചിരുന്ന സ്‌നേഹ സമ്പന്നയായ അമ്മായിയും കുത്തുവാക്കു പറഞ്ഞ് തളര്‍ത്തുന്നു. പലയിടങ്ങളില്‍ നിന്ന് കിട്ടിയ തിക്താനുഭവങ്ങള്‍ക്കൊടുവില്‍ അയാള്‍ ചോദിക്കുന്ന ചോദ്യം പ്രേക്ഷരുടെ നെഞ്ച് കലക്കുന്നുണ്ട്.
''ഞാന്‍ മരിക്കണമെന്നായിരുന്നോ അപ്പോള്‍ നിങ്ങളുടെയെല്ലാം ആഗ്രഹം?''
പ്രിയപ്പെട്ടവര്‍ക്കും മരണത്തിനും വേണ്ടാതാകുന്ന അയാള്‍ ഒടുവില്‍ മരണത്തെ സ്വയം വരിക്കുന്നിടത്താണ് സിനിമ പൂര്‍ണ്ണമാകുന്നത്. മരണാസന്നനായ ഒരു വ്യക്തിയോട് സമൂഹത്തിന് സഹതാപം തോന്നുന്നത് സ്വാഭാവികമാണ്. ഇനി ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ മാത്രമല്ലേയുള്ളൂ എന്നാണ് എല്ലാവരുടെയും മട്ട്. കേട്ടറിഞ്ഞ് അകന്ന ബന്ധുക്കള്‍ പോലും ഓടിയെത്തും. പിണക്കമുണ്ടായിരുന്നവരും ഇണക്കമുള്ളവരും ഒന്നുപോലെയെത്തും. നിശ്ചിതസമയത്തിനുള്ളില്‍ മരണം. അതു മാത്രമാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രോഗി പിന്നെയും ജീവിച്ചിരുന്നാലോ? സന്ദര്‍ശനങ്ങള്‍ ഇല്ലാതെയാകും. ക്ഷേമം ചോദിക്കുന്നത് കുറഞ്ഞു വരും.
ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ കാര്യമാണ് അത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു അമ്മ കിടപ്പുരോഗിയായി മാറിയത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം രോഗിയായിരുന്നു, പല കാര്യങ്ങള്‍ക്കും സപ്പോര്‍ട്ട് വേണമായിരുന്നു എന്നതെല്ലാം ശരിയായിരുന്നു. പക്ഷേ അമ്മയ്ക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷന്റെ ആവശ്യമുണ്ടായിരുന്നില്ല. ഭക്ഷണം വാരികൊടുത്താല്‍ മതിയായിരുന്നു റൈസ്ട്യൂബിന്റെ ആവശ്യമുണ്ടായിരുന്നില്ല. കൈപിടിച്ചാല്‍ ശുചിമുറിയില്‍ പോകുമായിരുന്നു. കിടന്നുകൊണ്ട് മലമൂത്ര വിസര്‍ജ്ജനാദികള്‍ ചെയ്യുമായിരുന്നില്ല. എന്തിനേറെ ഓര്‍മ്മക്കുറവിനും അപ്പുറം പല ഓര്‍മ്മകളുമുണ്ടായിരുന്നു. സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ജൂണ്‍ ഏഴോടെ എല്ലാം നിലച്ചു. അത്തരമൊരു അവസ്ഥയിലാണ് ആദ്യഭാഗത്ത് എഴുതിയതു പോലെ അമ്മയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് ഡോക്ടര്‍ വിധിയെഴുതിയതും അമ്മ മരിക്കാറായി എന്ന് അറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയതും.
ആശുപത്രിയിലെ അന്നത്തെ ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പോലും മുറിക്കുളളില്‍ സന്ദര്‍ശക പ്രവാഹമായിരുന്നു. പതുക്കെ പതുക്കെ ഡോക്ടര്‍ നിശ്ചയിച്ച സമയം കടന്നുപോയി. ദിവസങ്ങളും. ആരോഗ്യസ്ഥിതി വഷളാകാത്ത സാഹചര്യത്തില്‍ ആശുപത്രിയിലെ സൗകര്യങ്ങളോടെ വീട്ടിലേക്ക് അമ്മയെ ഷിഫ്റ്റ് ചെയ്തു. മാസം പലതു കടന്നുപോയിരിക്കുന്നു.
ഇപ്പോള്‍ പലരുടെയും ആകാംക്ഷ അമ്മയെന്തുകൊണ്ട് മരിക്കാതെ ഇങ്ങനെ കഴിയുന്നു എന്നതാണ്. ആരോടെങ്കിലും മനസ്സില്‍ വി ദ്വേഷമുണ്ടോ? നേര്‍ച്ചക്കടങ്ങള്‍ വീട്ടാനുണ്ടോ? നിനക്ക് പരിചയമുള്ള അച്ചന്മാരെ വിളിച്ച് ഒന്നു പ്രാര്‍ത്ഥിപ്പിക്ക്... പല പല നിര്‍ദ്ദേശങ്ങള്‍. ഈ ചോദ്യങ്ങള്‍ ചോദിച്ചാലും അമ്മയ്ക്ക് പറയാന്‍ ഉത്തരങ്ങളില്ലല്ലോയെന്ന് ഞാന്‍ അവരോട് പറഞ്ഞു.
നിശ്ചിതസമയവും പ്രായവും കഴിഞ്ഞാല്‍ മരിച്ചേ തീരൂ എന്നാണ് എല്ലാവരുടെയും മട്ട്. പീലാത്തോസ് ക്രിസ്തുവിനെ മരണത്തിന് വിധിച്ചതുപോലെ നീ മരണയോഗ്യന്‍. അതെ, മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാന്‍ വളരെയെളുപ്പം കഴിയും. പക്ഷേ അവനവനെതന്നെ മരണത്തിനൊരുക്കാനോ?
നെപ്പോളിയനോ അലക്‌സാണ്ടറോ കൃത്യമായി ഓര്‍ക്കുന്നില്ല, തന്റെ അവസാനയാത്രയില്‍ ഇരു കൈകളും പുറത്തേക്ക് ഇട്ടിരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം നല്കിയത്. ലോകം മുഴുവന്‍ കീഴടക്കിയിട്ടും ആരും ഒന്നും കൊണ്ടു പോകുന്നില്ലെന്ന് ലോകത്തിന് പറഞ്ഞുകൊടുക്കാനുള്ള മാര്‍ഗ്ഗം. യുദ്ധവിജയങ്ങളുടെ പേരില്‍ അശോകചക്രവര്‍ത്തിക്കും മേനി നടിക്കാമായിരുന്നു. പക്ഷേ കലിംഗയുടെ വിജയം അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത് ലോകനേട്ടങ്ങളുടെ നിരര്‍ത്ഥകതയാണ്. കൊട്ടാരത്തിന്റെ സുഖങ്ങളില്‍ മതിമയങ്ങി എങ്ങും അതുതന്നെയാണെന്ന് തെറ്റിദ്ധരിച്ച സിദ്ധാര്‍ത്ഥരാജകുമാരനെ ബുദ്ധനാക്കി മാറ്റിയതും ഒരു മരണമായിരുന്നുവല്ലോ.
'ആര്‍ക്കറിയാം' കഥയില്‍ സക്കറിയ നിരീക്ഷിക്കുന്നതുപോലെ ക്രിസ്തുവിനുപോലും തന്റെ ജനനത്തെയോര്‍ത്ത് മാനുഷികമായി ഒരു ആത്മഭാരം അനുഭവപ്പെട്ടിരിക്കണം. അതുകൊണ്ടാണ് ഇത്രയധികം കുഞ്ഞുങ്ങളുടെ രക്തത്തിലൂടെയാണോ ഒരു രക്ഷകന്‍ വന്നതെന്ന് കഥയില്‍ ചോദ്യമുയരുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടം എത്തിക്കഴിയുമ്പോഴെങ്കിലും അത്യധികമായ ഭൗതിക മമതകളില്‍ നിന്ന് വിട്ടുനില്ക്കാന്‍ കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ മരണം ഭീകരമാകും. ഞാന്‍, എന്റേത്, തുടങ്ങിയ ചിന്തകളാണ് മരണത്തെ ഭാരപ്പെടുത്തുന്നത്. ജനിക്കുമ്പോള്‍ നാം എന്തെങ്കിലും കൊണ്ടുവന്നിരുന്നോ? ഇല്ല. കിട്ടിയതെല്ലാം ഇവിടെവച്ചായിരുന്നു. കിട്ടിയതൊന്നും പോകുമ്പോള്‍ കൂടെ കൂട്ടാന്‍ കഴിയില്ല. സ്വര്‍ണ്ണം പോലെ വിലപിടിപ്പുള്ളത് എന്തെങ്കിലും ധരിച്ചുനടന്നിരുന്ന വ്യക്തിയാണെങ്കില്‍ അതുകൂടി ഊരിയെടുത്തേ ആളെ കുഴിയിലേക്ക് വയ്ക്കൂ. സമ്പാദിച്ചതും വെട്ടിപിടിച്ചതും എല്ലാം അതിനു വേണ്ടി തെല്ലുപോലും അദ്ധ്വാനിക്കാത്ത ഒരാള്‍ക്ക് തീറെഴുതി കൊടുത്തിട്ട് ഒന്നും ഇല്ലാതെയുള്ളയാത്ര. വെറുതെയാണോ സഭാ പ്രസംഗകന്‍ ഈലോകജീവിതത്തെ മിഥ്യയെന്ന് വിശേഷിപ്പിച്ചത്?
ഉള്ളതില്‍ നിന്ന് ഉള്ളതുപോലെ പങ്കുവച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന പുണ്യങ്ങള്‍ മാത്രം മരണാനന്തരമുളള യാത്രയില്‍ തുണയായി കൂടെവരും. പക്ഷേ മരണത്തെക്കുറിച്ചും മരണശേഷം ഒന്നും കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നും ചിന്ത ഇല്ലാത്തതു കൊണ്ടും നാം ഒന്നും പങ്കു വയ്ക്കുന്നില്ല. അര്‍ഹതപ്പെട്ടതുപോലും അര്‍ഹിക്കുന്നവര്‍ക്ക് നല്കുന്നില്ല. അത് വേതനം മാത്രമല്ല നല്ല വാക്കു പോലുമാണ്. ജീവിതത്തെക്കുറിച്ച്, ഭൗതിക നേട്ടങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ഒരു ദീര്‍ഘനിശ്വാസത്തോടെ....
ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവ് നല്കി. അവന്‍ ഇങ്ങനെ ചിന്തിച്ചു. ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്ക് സ്ഥലമില്ലല്ലോ? അവന്‍ പറഞ്ഞു, ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍ പൊളിച്ച് കൂടുതല്‍ വലിയവ പണിയും. അതില്‍ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാന്‍ എന്റെ ആത്മാവിനോട് പറയും, ആത്മാവേ അനേകവര്‍ഷത്തേക്ക് വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക. തിന്നുകുടിച്ച് ആനന്ദിക്കുക. എന്നാല്‍ ദൈവം അവനോട് പറഞ്ഞു. ഭോഷാ ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും. അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? (ലൂക്കാ 12:16-20)