വിഎസിന്റെ ഉള്ളിലുളളതും പിണറായി കരഞ്ഞതും

വിഎസിന്റെ ഉള്ളിലുളളതും പിണറായി കരഞ്ഞതും
മറ്റുള്ളവരുടെ മരണത്തെ നേരിടാനുള്ള പരിശീലനമല്ല അവനവന്റെ മരണത്തെ സ്വീകരിക്കാന്‍ അതിനുവേണ്ടി ഒരുങ്ങാനുളള പരിശീലനമാണ് നമുക്കുണ്ടാവേണ്ടത്. എല്ലാവര്‍ക്കും വേണ്ടത് അവനവന്റെ ആത്മാവിന്റെ ക്ഷേമ ത്തെക്കുറിച്ചുള്ള ചിന്തയാണ്.

അടുത്തയിടെ ഫോണ്‍ വിളിച്ച ഒരു സുഹൃത്ത് പങ്ക് വച്ചതാണ് ഈ ചിന്ത. വി.എസ്. അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ ആഘോഷിച്ച വാര്‍ത്തയുടെ ചുവടു പിടിച്ചാണ് അവന്‍ ആ ചോദ്യം ചോദിച്ചത്. ഇപ്പോള്‍ വി.എസിന്റെ മനസ്സിലെന്താവും? അങ്ങനെയൊരു ചിന്തയും ആലോചനയും മനസ്സിലില്ലാതിരുന്നതുകൊണ്ട് ഉത്തരമുണ്ടായിരുന്നില്ല. ഇനി ഉത്തരമുണ്ടായിരുന്നുവെങ്കില്‍ തന്നെ ആ ഉത്തരം അവന്റെ ഉത്തരമാകുമായിരുന്നുമില്ല.

അപ്പോള്‍ അവന്‍ രണ്ടാമതൊരു ചോദ്യം കൂടി ചോദിച്ചു, കോടിയേരി ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്റെ മനസ്സിലെന്താവും? ഉത്തരത്തിന് കാത്തുനില്ക്കാതെ അവന്‍ തന്നെ മറുപടി പറഞ്ഞു. തങ്ങളുടെ തന്നെ മരണത്തെക്കുറിച്ചല്ലാതെ മറ്റൊന്നുമായിരിക്കില്ല അവര്‍ ആലോചിച്ചിട്ടുണ്ടാവുക. 100 വയസ്സിലെത്തിയ വി.എസ്. മരണത്തെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് ആലോചിക്കുക? ഇനി അദ്ദേഹത്തിന് പഴയതുപോലെ പ്രവര്‍ത്തനിരതനാകാന്‍ കഴിയുമോ. ഒരേ പോലെ ചികിത്സിക്കുകയും പെട്ടെന്നൊരു നിമിഷം ചങ്ങാതി വേര്‍പിരിയുകയും ചെയ്തപ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ മനസ്സിലും ഭയം കലര്‍ന്നിട്ടുണ്ടാവാം. രണ്ടു ഭയങ്ങളും ഒന്നുതന്നെ. മരണഭയം. നീയും മരിക്കും ഞാനും മരിക്കും. ഇന്ന് നീ നാളെ ഞാന്‍. ഇതാണ് സത്യം. ഇതുതന്നെയാണ് ഭയവും. എല്ലാം വിട്ടുപേക്ഷിച്ചുപോകുക. എവിടേക്കെന്ന് നിശ്ചയമില്ലാതെ.

സുഹൃത്ത് തുടര്‍ന്ന് തന്റെ ഗ്രാന്റ് പേരന്റ്‌സിന്റെ കാര്യം പറഞ്ഞു. മരണംകാത്തിരുന്നവര്‍. മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തവര്‍. അവരുടെ കണ്ണുകളില്‍ കണ്ട ഭയത്തിന്റെ കെട്ടടങ്ങാത്ത ജ്വാലകള്‍. ഓരോ പദചലനവും മരണത്തിന്റെതാണെന്ന് ആശങ്കപ്പെട്ടവര്‍.' അതൊരു വല്ലാത്ത അവസ്ഥയാ, ഭീകരം. ആ അവസ്ഥയുടെ ഭീകരതയും അത് അവനിലുണ്ടാക്കിയ ചിന്തയുടെ ഭാരവും ഫോണില്‍ അവന്റെ ദീര്‍ഘനിശ്വാസത്തിലുണ്ടായിരുന്നു.

അവന്‍ അക്കാര്യം പറഞ്ഞപ്പോള്‍ എനിക്ക് അതിനോട് താദാത്മ്യപ്പെടാന്‍ കഴിഞ്ഞിരുന്നു കാരണം അവന്റെ ഗ്രാന്റ് പേരന്റസിന്റെ പ്രായമുണ്ടല്ലോ എന്റെ മാതാ പിതാക്കള്‍ക്ക്. ഒരു മുറിയില്‍ 2 കട്ടിലുകളിലായി അവര്‍. മരിക്കാറായി എന്നൊരു ചിന്ത ഉള്ളില്‍ പ്ര ബലപ്പെട്ട നാളുകളിലാണ് അമ്മയെന്നോട് പറഞ്ഞത്, എനിക്ക് അന്ത്യകൂദാശ തരണമെന്ന് നീ അച്ചനോട് പറയണം. പറഞ്ഞുകഴിഞ്ഞ് അത് ചെയ്യാതെ പോയതിന്റെ കുറ്റബോധം തോന്നരുതല്ലോ എന്ന് വിചാരിച്ച് ഉടനെ തന്നെ അച്ചനെ വിളിച്ചുവരുത്തി. അന്ത്യകൂദാശയല്ല അമ്മച്ചിക്ക് രോഗീലേപനമാണ് തരാന്‍ പോകുന്നത്. എന്നു പറഞ്ഞ് അച്ചന്‍ രോഗീലേപനം നല്കി. പിന്നീട് എന്നോട് അച്ചന്‍ പറഞ്ഞു. ചിലപ്പോ ഇതുവഴി അമ്മച്ചിക്ക് സൗഖ്യം കിട്ടിയേക്കും. അത് ശരിയുമായിരുന്നു നാലുവര്‍ഷം മുമ്പായിരുന്നു അത്. രോഗീലേപനം സ്വീകരിച്ചതിനു ശേഷം അമ്മയുടെ കാര്യത്തില്‍ ഭേദപ്പെട്ട പുരോഗതിയുമുണ്ടായിരുന്നു. അടുത്ത കാലം വരെ. അമ്മ സുബോധത്തോടെ രോഗീലേപനം സ്വീകരിക്കുമ്പോള്‍ അതുവരെ രോഗത്തിന്റെ യാതൊരു സൂചനകളും ഇല്ലാതിരുന്ന അപ്പന്റെ കണ്ണുകളില്‍ വല്ലാത്തൊരു ഭയപ്പാട് ഞാന്‍ അന്ന് കണ്ടിരുന്നു. പിന്നീടാണ് അപ്പന്‍ തീരെ വയ്യാത്ത അവസ്ഥയിലെത്തിയത്. അപ്പോഴേക്കും അമ്മയിലില്ലാത്ത മരണഭയം അപ്പന്റെ കണ്ണുകളില്‍ ശക്തമാകുകയും ചെയ്തു.

ഇക്കഴിഞ്ഞ കാലത്തിനിടയില്‍ വല്ലപ്പോഴും മാത്രം ഇംഗ്ലീഷ്മരുന്ന് കഴിച്ച് പറയത്തക്ക അസുഖങ്ങള്‍ ഒന്നുമില്ലാത്ത അപ്പന് അടുത്തയിടെ ഇയര്‍ ബാലന്‍സിന്റെ ചില പ്രശ്‌നങ്ങളും തുടര്‍ന്ന് കോവിഡും വീണ്ടും കോവിഡും പിന്നെ പനിയും പിടിപെട്ടപ്പോള്‍, കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അപ്പോഴെല്ലാമായിരുന്നു അപ്പന്‍ മരണത്തെ ഭയക്കാന്‍ തുടങ്ങിയത്. ആരോഗ്യത്തോടെ പരാശ്രയമില്ലാതെ ജീവിച്ച നാളില്‍ കരുതിവച്ച ധൈര്യമെല്ലാം ചോര്‍ന്നുപോയ അവസ്ഥയിലായിരുന്നു അപ്പന്‍. ആരും കാണാതെ കണ്ണ് തുടയ്ക്കുന്ന അപ്പന്‍. 'പോകാറായി പോകാറായി.' സന്ദര്‍ശിക്കാന്‍ വരുന്നവരോടെല്ലാം കൈ കുടഞ്ഞ് അപ്പന്‍ സങ്കടപ്പെട്ടു.

കോവിഡിന്റെ തുടക്കകാലത്ത് രോഗം പിടികൂടിയപ്പോള്‍ മരിക്കുമെന്നു തന്നെയാണ് അപ്പന്‍ വിചാരിച്ചത്. അതിന്റെ ഫലമായിട്ടാണ് അതുവരെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 1500 രൂപ വീതമുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുക മുഴുവന്‍ എന്നെ ഏല്പിച്ചത്. ഇനി നീയിത് പിടിച്ചോ.

അപ്പന്റെ അനുഗ്രഹം പോലെ അതിരിക്കട്ടെയെന്ന് ഞാനും കരുതി. പക്ഷേ, പതിനെട്ടാം ദിവസം ആശുപത്രിയില്‍പോയി കോവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് നെഗറ്റീവായെന്നറിഞ്ഞ് സന്തോഷവാനായി തിരികെ വന്നപ്പോള്‍ അപ്പന്‍ ചോദിച്ചു, നിനക്ക് കാശിന്റെ വല്ല അത്യാവശ്യവുമുണ്ടോ. ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ഏല്പിച്ച തുക തിരികെ കൊടുക്കുമ്പോള്‍ ഉള്ളില്‍ ചിരിവന്നു. ഇതാണ് മനുഷ്യന്‍. അവര്‍ക്ക് ജീവിക്കാനാണ് ആഗ്രഹം, മരിക്കാനല്ല. അതാവട്ടെ നൂറില്‍പ്പരം വയസ്സുണ്ടെങ്കില്‍പോലും. ജീവിതത്തോടുള്ള ആസക്തികള്‍ ആരെയും വിട്ടു പോകുന്നില്ല. പണം, ആരോഗ്യം,രുചികരമായ ഭക്ഷണം, ചില സ്‌നേഹസാമീപ്യങ്ങള്‍.

കഴിഞ്ഞ ദിവസമാണ് 'അപ്പന്‍' എന്ന സിനിമ കണ്ടത്. തളര്‍ന്നു കിടന്നിട്ടും ജീവിക്കാന്‍ ആഗ്രഹമുള്ള ഇട്ടിയുടെ കഥയാണ് അത്. എല്ലാവരും അയാളുടെ മരണം ആഗ്രഹിക്കുന്നുണ്ട്, അയാളൊഴികെ. ശരീരത്തില്‍ സുഖിക്കാനുള്ള ആഗ്രഹങ്ങള്‍ ബാക്കികിടക്കുമ്പോള്‍ എങ്ങനെയാണ് മരിക്കാന്‍ കഴിയുന്നതെന്നാണ് അയാളുടെ ചോദ്യം. ശരിയാണ്, ജീവിക്കുന്നത് ശരീരത്തിന്റെ കാമനകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാകുമ്പോള്‍ ശരീരം വിട്ടുപോകാന്‍ ആര്‍ക്കും ആവുന്നില്ല. ശരീരം ഒരു മാധ്യമമാണ്. സുഖങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. ജീവിച്ചിരിക്കുക എന്നതാണ് എല്ലാവരുടെയും ഏറ്റവും വലിയ സന്തോഷം. എഴുത്തച്ഛന്‍ എഴുതിയതുപോലെയുള്ള കാര്യങ്ങള്‍ക്ക് ആധുനികതയുടെയും സാങ്കേതികതയുടെയും ഇക്കാലത്തും മാറ്റം വന്നിട്ടില്ല. പാമ്പിന്റെ തൊണ്ടയില്‍ കുടുങ്ങിക്കഴിയുമ്പോഴും അരികെ പോകുന്ന പ്രാണിയുടെ നേരെ നാവുനീട്ടുന്ന തവളകളാണ് ഓരോ നരജന്മങ്ങളും.

മരിക്കാന്‍ പോകുന്നുവെന്നതാണ് ഒരു മനുഷ്യന്‍ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ ഞെട്ടലുണ്ടാക്കുന്ന, അവനെ തളര്‍ത്തിക്കളയുന്ന യാഥാര്‍ത്ഥ്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നവരുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ. ദസ്തയേവ്‌സ്‌ക്കിയുടെ എഴുത്തു പ്രപഞ്ചത്തിലാണെന്ന് തോന്നുന്നു അങ്ങനെയൊരാളെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. അടുത്തദിവസം വധിക്കപ്പെടുമെന്ന് നിശ്ചയമുള്ള അയാളുടെ തല മുഴുവന്‍ ഒരൊറ്റ രാത്രി കൊണ്ട് പഞ്ചസാര പോലെ വെളുത്തുപോയി. ഡോക്ടറുടെ നാവില്‍നിന്ന് മരണസര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ഒരു രോഗിയുടെ അവസ്ഥയും സമാനംതന്നെ. അല്ലെങ്കില്‍ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ക്രിസ്തുപോലും മരണ ഭീതിയാല്‍ രക്തം വിയര്‍ത്തിടത്തോളം വരില്ലല്ലോ മറ്റൊന്നും. മനുഷ്യനായി ജനിച്ച, ജീവിച്ച ഒരാളും അതില്‍ നിന്നൊഴിവാകുന്നില്ല. മരണം അടുത്തെത്തിയിട്ടില്ല എന്ന് കരുതുന്നവരെ സംബന്ധിച്ച് മരണത്തെക്കുറിച്ച് നിസ്സാരതയോടെ എന്തും പറയാം. പക്ഷേ മരണം അടുത്തുണ്ട് എന്ന് തിരിച്ചറിവു കിട്ടിയ ഒരാളെ സംബന്ധിച്ചിടത്തോളം അതിലൂടെ കടന്നുപോവുക അത്രഎളുപ്പവുമല്ല.

ജീവിച്ചിരിക്കുന്ന മനുഷ്യരുടെയെല്ലാം ഏറ്റവും വലിയ ഭയം മരണഭയമാണ്. നാസ്തികനെന്നോ സാത്വികനെന്നോ കമ്മ്യൂണിസ്‌റ്റെന്നോ ക്രൈസ്തവനെന്നോ അതിന് ഭേദമില്ല. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസവുമില്ല. പ്രത്യേകിച്ച് നിശ്ചിതഘട്ടം ജീവിച്ചുകഴിഞ്ഞവരുടെ... ചെറുപ്പക്കാരെക്കാള്‍ ഇത് പിടികൂടിയിരിക്കുന്നത് രോഗികളെയും വൃദ്ധരെയുമാണ്. ചെറുപ്പക്കാരുടെ വിചാരം തങ്ങള്‍ ലോകാവസാനം വരെ ജീവിച്ചിരിക്കുമെന്നാണ്, അപ്രതീക്ഷിതമായ ചില തട്ടിയെടുക്കലുകളില്ലാതെ അവര്‍ മരിക്കാന്‍ വേണ്ടി കാത്തിരിക്കുന്നവരല്ല. ഒരു കാലത്ത് ആത്മഹത്യ വലിയൊരു സംഭവമാണെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. ചില കവികളുടെ ആത്മഹത്യകളെ ഉദാത്തമായിട്ടാണ് കണ്ടിരുന്നതും. പക്ഷേ പിന്നീട് തിരിച്ചറിഞ്ഞു ജീവിച്ചിരിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടല്ല അവരാരും ആത്മഹത്യ ചെയ്തത്. അവര്‍ ആഗ്രഹിക്കുന്നതു പോലെ ജീവിതം അവരോട് പ്രതികരിച്ചില്ല. അതിന് അവര്‍ ആത്മഹത്യ കൊണ്ട് മറുപടി നല്കി. ആഗ്രഹിച്ചതുപോലെ സംഭവിച്ചിരുന്നുവെങ്കില്‍, പ്രിയപ്പെട്ടവരുടെ സ്‌നേഹം പൊതിഞ്ഞുപിടിച്ചിരുന്നുവെങ്കില്‍, രോഗങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നുവെങ്കില്‍, മാനഹാനിയോ ബിസിനസ് പരാജയമോ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ ജീവിച്ചിരിക്കുമായിരുന്നു. ജീവിതത്തെ സ്‌നേഹിക്കുമായിരുന്നു.

ദീര്‍ഘകാലം ജീവിച്ചിരിക്കുന്നതിനെ വലിയൊരു സൗഭാഗ്യമായിട്ടാണ് വിശുദ്ധ ഗ്രന്ഥം പോലും പറയുന്നത്. പക്ഷേ ദീര്‍ഘനാള്‍ ജീവിച്ചിരുന്നിട്ട് എന്താണ് പ്രയോജനം. തോമസ് അക്കെമ്പീസിന്റെ വാക്കുകള്‍ വളരെ പ്രസക്തമായി തോന്നിയിട്ടുണ്ട്. ദീര്‍ഘായുസ്സ് ജീവിതത്തെ ഒരിക്കലും നന്നാക്കുന്നില്ല, പാപം വര്‍ദ്ധിപ്പിക്കാനേ അതുപകരിക്കൂ എന്നാണ് അക്കെമ്പീസ് പറയുന്നത്. ചുരുങ്ങിയ പക്ഷം വ്യക്തിപരമായി അതേറെ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അഞ്ചു വയസ്സിലോ ആറുവയസ്സിലോ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഒരു മാലാഖയായി മാറുമായിരുന്നു. പതിനേഴോ പതിനെട്ടോ വയസ്സിലോ മരിച്ചിരുന്നുവെങ്കില്‍ പിന്നീടിത്രയും കാലം ജീവിച്ചിരുന്നപ്പോള്‍ ചെയ്ത പല പാപങ്ങളും ചെയ്യാതെ പോകുമായിരുന്നു. ഇക്കഴിഞ്ഞ കാലം കൊണ്ട് എത്രയോ അധികം തെറ്റുകളാണ് ഞാന്‍ ചെയ്തിരിക്കുന്നത്. അതിനെക്കാള്‍ വലിയ ആത്മനിന്ദ ഇപ്പോഴും നല്ലവനെന്ന മട്ടില്‍ ഞാന്‍ ജീവിക്കുന്നുവെന്നതാണ്.

അതുകൊണ്ട് അധികകാലം ജീവിച്ചിരിക്കുന്നത് വലിയൊരു സംഭവമായി കാണേണ്ടതൊന്നുമില്ല. ദീര്‍ഘകാലം ജീവിച്ചാല്‍ ദീര്‍ഘകാലം നന്മ ചെയ്യാമെങ്കില്‍ മാത്രമേ ദീര്‍ഘായുസ്സുകൊണ്ട് നിനക്കോ മറ്റുളളവര്‍ക്കോ പ്രയോജനം വരൂ.

ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതായ മരണത്തെ സ്വീകരിക്കാന്‍, അതിനെ ശാന്തമായി കടന്നുപോകാനുളള ഒരു പരിശീലനവും നമുക്ക് ഉണ്ടായിട്ടില്ല. പണ്ടു കാലങ്ങളിലെ കപ്പൂച്ചിന്‍ വൈദികരുടെ തലയോട്ടി കയ്യിലെടുത്തു പിടിച്ചുള്ള പേടിപ്പിച്ചുള്ള ധ്യാനത്തെക്കുറിച്ചല്ല പറയുന്നത്, സൗമ്യതയോടെയും ശാന്തതയോടെയും മരണത്തിലൂടെ കടന്നുപോകാന്‍ ചുരുങ്ങിയപക്ഷം വൃദ്ധരും രോഗികളുമായവരെയെങ്കിലും പരിശീലിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ജീവിതത്തിനൊപ്പം തന്നെ വിലയുള്ള മരണത്തെ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കാന്‍ നമുക്ക് കഴിയേണ്ടതല്ലേ. മറ്റുള്ളവരുടെ മരണം നമ്മെ തീര്‍ച്ചയായും വേദനിപ്പിച്ചേക്കും. അത് ആ വ്യക്തിയുമായുളള അടുപ്പത്തിന്റെ പേരിലാണ്. അതുകൊണ്ടാണ് ഇരട്ടച്ചങ്കന്‍ എന്ന് പറയപ്പെടുന്ന നമ്മുടെ മുഖ്യന്‍ പോലും ആത്മസ്‌നേഹിതന്റെ നിര്യാണത്തില്‍ വിങ്ങിപ്പൊട്ടിയത്. അതു കൊണ്ട് മറ്റുള്ളവരുടെ മരണത്തെ നേരിടാനുള്ള പരിശീലനമല്ല അവനവന്റെ മരണത്തെ സ്വീകരിക്കാന്‍ അതിനുവേണ്ടി ഒരുങ്ങാനുളള പരിശീലനമാണ് നമുക്കുണ്ടാവേണ്ടത്. എല്ലാവര്‍ക്കും വേണ്ടത് അവനവന്റെ ആത്മാവിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്തയാണ്. സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും ആരോഗ്യം സംരക്ഷിക്കാനും നാം ശ്രദ്ധിക്കുന്നതിന്റെ നൂറിലൊരു അംശം പോലും ആത്മാവിന്റെ ക്ഷേമത്തിനും സന്തോഷകരമായ മരണത്തിനും വേണ്ടി ചെലവഴിക്കുന്നില്ല എന്നതല്ലേ സത്യം?

സാധിച്ചുവേഗമഥവാ നിജജന്മകൃത്യം

സാധിഷ്ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം

ബാധിച്ചുരൂക്ഷശില വാഴ്‌വതില്‍നിന്ന് മേഘ

ജ്യോതിസുതന്‍ക്ഷണിക ജീവിതമല്ലീ കാമ്യം

കുമാരനാശാന്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org