എല്ലാവരെയും പിടികൂടുന്ന മരണം

മരണം വരുമൊരുനാള്‍-01
എല്ലാവരെയും പിടികൂടുന്ന മരണം
Published on
മരണം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതൊരിക്കലും ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഒരു നാള്‍ മരിക്കുമെന്നുമുളള തിരിച്ചറിവോടെ ജീവിക്കാം.

സ്വന്തം ആരോഗ്യം നിലനിര്‍ത്താനും ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി സദാസമയവും കൂടെയുള്ളത് എട്ട് ഡോക്ടര്‍മാര്‍. എല്ലാ ദിവസവും കൃത്യമായ പരിശോധനകള്‍. മരുന്നുകള്‍.

യൗവനം നിലനിര്‍ത്തുകയും ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. വെറും 100 വര്‍ഷം മാത്രം ജീവിച്ചിരിക്കാനായിരുന്നു അയാളുടെ ആഗ്രഹം! അതാവട്ടെ അയാളുടെ ഡോക്‌ടേഴ്‌സ് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. താങ്കള്‍ നൂറു വയസ്സുവരെ ജീവിച്ചിരിക്കും. അതിനുവേണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി വളരെയധികം പണവും മറ്റുള്ളവരുടെ ജീവനും വരെ നഷ്ടപ്പെടുത്തുവാന്‍ ഡോക്ടര്‍മാരും അയാളും തയ്യാറായിരുന്നു. ഇങ്ങനെയെല്ലാം ശ്രമിച്ചിട്ടും ആഗ്രഹിച്ചത്രയും വര്‍ഷം ജീവിച്ചിരിക്കാന്‍ കഴിയാതെ അയാള്‍ തന്റെ 73-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ആരാണ് ഈ വ്യക്തിയെന്നല്ലേ സ്വേച്ഛാധിപതിയായ സ്റ്റാലിന്‍. മറ്റുള്ളവരെ നിഷ്‌ക്കരുണം കൊന്നൊടുക്കിയ വ്യക്തിക്ക് സ്വന്തം മരണം വല്ലാത്തൊരു ഭയമായിരുന്നു. അല്ലെങ്കില്‍ മറ്റുള്ളവരെല്ലാം മരണമടഞ്ഞാലും താന്‍ മാത്രം ജീവിച്ചിരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം.

നമ്മുടെകാലഘട്ടത്തിലും സ്റ്റാലിനെപ്പോലെയുള്ള ഒരാളുണ്ടായിരുന്നു. പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍. സ്റ്റാലിനെയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ വേണ്ടിയുള്ള അയാളുടെ ശ്രമങ്ങള്‍ എട്ടല്ല 12 ഡോക്ടര്‍മാരായിരുന്നു ജാക്‌സണ് ചുറ്റുമുണ്ടായിരുന്നത്. 100 അല്ല 150 വര്‍ഷമായിരുന്നു ജീവിച്ചിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നത്. 25 വര്‍ഷം അയാള്‍ ജീവിച്ചത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രമായിരുന്നു; ഒരു ചുവടു മുന്നോട്ടുവയ്ക്കാന്‍ പോലും.

എല്ലാ ദിവസവും മുടി മുതല്‍ കാല്‍വിരല്‍ വരെയുളള മെഡിക്കല്‍ പരിശോധനകള്‍. ലാബറട്ടറിയില്‍ പരിശോധനാവിധേയമാക്കിയതിനുശേഷം മാത്രമേ അയാള്‍ ഭക്ഷണംപോലും കഴിച്ചിരുന്നുള്ളൂ. ആരെങ്കിലും ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയാലോ. ഏതെങ്കിലും സമയം ആന്തരികാവയവങ്ങള്‍ പണിമുടക്കിയാല്‍ പകരം വയ്ക്കുവാനായി അവയവദാനസംഘത്തെയും ആരോഗ്യ കാര്യങ്ങളിലും വ്യായാമകാര്യങ്ങളിലും ശ്രദ്ധ നല്കാനായി 15 പേരടങ്ങുന്ന സംഘത്തെയും സര്‍വ്വ ചെലവുകളോടും കൂടി അദ്ദേഹം നിയോഗിച്ചിരുന്നു. ഓക്‌സിജന്റെ അളവ് നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയോടുകൂടിയ കിടക്കയിലാണ് മൈക്കള്‍ ജാക്‌സണ്‍ കിടന്നുറങ്ങിയിരുന്നത്. ഇങ്ങനെയൊക്കെയായിരുന്നിട്ടും എന്തു ചെയ്യാം അമ്പതാം വയസില്‍ ജാക്‌സണ്‍ മരണത്തിന് കീഴടങ്ങി. ലോസ് ആഞ്ചല്‍സ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തിനും മൈക്കല്‍ ജാക്‌സണ്‍ന്റെ ഹൃദയത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. അങ്ങനെ നൂറ്റമ്പതു വയസ്സുവരെ ജീവിച്ചിരിക്കാന്‍ ആഗ്രഹിച്ച് അതിന്റെ പാതിപോലും എത്താതെ മൈക്കല്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.

ശാസ്ത്രം പുരോഗമിച്ചു, വൈദ്യശാസ്ത്രം മികച്ച കണ്ടുപിടിത്തങ്ങള്‍ നടത്തുന്നു. പല രോഗങ്ങളും മുന്‍കൂട്ടി കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയുന്നതോടെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടി. ഇങ്ങനെ പലതും പറയുന്നുണ്ട്. അതൊക്കെ ശരിയുമാണ്. പക്ഷേ ഇത്രയധികം ശാസ്ത്രം വികസിച്ചിട്ടും മനുഷ്യന്‍ ആരോഗ്യകാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിട്ടും മരണത്തെ മാത്രം പിടിച്ചുകെട്ടാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ മരണം ഒഴിവാക്കാന്‍. നീട്ടിക്കൊണ്ടു പോകാന്‍. ദരിദ്രന് ചിലപ്പോള്‍ വേണ്ടത്ര ചികിത്സ കിട്ടുന്നുണ്ടാവില്ല. പക്ഷേ സമ്പന്നന്മാരുടെ കാര്യം അ തല്ലല്ലോ. എന്നാല്‍ അവരും മരിക്കുന്നു. ദരിദ്രനെയെന്നതു പോലെ. ഭേദപ്പെട്ട സാഹചര്യങ്ങളിലാണെന്ന് മാത്രം. മരണം അങ്ങനെയാണ് ലോകത്തിലെ ഏക സമത്വ വാദിയാകുന്നത്. മരണം ആരോടും പക്ഷപാതം കാണിക്കുന്നില്ല, ആരെയും ഒഴിവാക്കുന്നില്ല, ചില നീട്ടലുകളും കുറയ്ക്കലുകളുമല്ലാതെ.

ചില അപകടങ്ങളെയും രോഗ ഘട്ടങ്ങളെയും അതിജീവിച്ച് വീണ്ടും സ്വാഭാവികമായ ജീവിതത്തിലേക്ക് കടന്നുവന്നുകഴിയുമ്പോള്‍ ചിലരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് 'ആയുസ്സിന്റെ ബലം കൊണ്ടാ രക്ഷപ്പെട്ടെ.'

അതെ ആയുസ്സിന്റെ ബലമാണ് ഓരോരുത്തരെയും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. മരുന്നും മന്ത്രവുമെല്ലാം ചിലസൈഡുകള്‍ മാത്രം. വിഭവസമൃദ്ധമായ സദ്യയില്‍ വിളമ്പുന്ന ഉപദംശങ്ങള്‍ പോലെ. മരുന്നും മന്ത്രവുമില്ലെങ്കിലും ജീവന്റെ പുസ്തകത്തിലെ ആയുര്‍ദൈര്‍ഘ്യം എത്രത്തോളമുണ്ടോ അത്രയും കാലം നീ ജീവിച്ചിരിക്കുക തന്നെ ചെയ്യും. അതേതുവിധത്തിലായാലും. അതൊരിക്കലും നിന്റെ കഴിവല്ല, നൂറുവര്‍ഷം ജീവിച്ചിരിക്കാനാണ് നിനക്ക് വിധിയുള്ളതെങ്കില്‍ നീ നൂറുവര്‍ഷം വരെ ജീവിച്ചിരിക്കും. അതല്ല അമ്പതുവര്‍ഷമേ നിനക്കായുസ്സുള്ളൂവെങ്കില്‍ നൂറ്റമ്പതു വര്‍ഷം ജീവിച്ചിരിക്കാന്‍ ആഗ്രഹിച്ചാലും അത് നടക്കാതെപോകും.

കേരളത്തെ നടുക്കിയ മഹാ പ്രളയത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പിന്നീട് അതിലും നിസ്സാരമായ കാരണം കൊണ്ട് മരിച്ചുപോയിട്ടില്ലേ. വലിയ വാഹനാപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവര്‍ വീട്ടുമുറ്റത്ത് തെന്നി വീണ് മരിച്ചിട്ടില്ലേ. കോവിഡിനെ അതിജീവിച്ചവര്‍ വണ്ടിയിടിച്ചു മരിച്ചിട്ടില്ലേ? ഏതുനിമിഷവും മരിക്കാം.

മരുന്നിന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ എത്രയോ വ്യക്തികള്‍ പിന്നീട് എത്രയോ വര്‍ഷങ്ങള്‍കൂടി ജീവിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയില്‍ ചെറുപ്പക്കാര്‍പോലും മരണമടഞ്ഞിട്ടും 90 ന് മേല്‍ പ്രായമുണ്ടായിരിക്കെ രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും പാട്ടുംപാടി ഇന്നും ജീവിച്ചിരിക്കുന്നവരുമുണ്ട്.

ഇതൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നത്. ശാസ്ത്രത്തിന്റെ മേന്മക്കുറവോ നിസ്സാരതയോ അല്ല മരണത്തിന്റെ വിലയും ജീവിതത്തിന്റെ വിലയില്ലായ്മയുമാണ്. മരണത്തിന്റെ നിശ്ചയവും മരണത്തിന്റ ആകസ്മികതയുമാണ്.

ഇതില്‍ അവസാനം പറഞ്ഞ രണ്ടു പ്രസ്താവനകള്‍ക്കും ജീവിതവുമായിക്കൂടി ബന്ധമുണ്ട്. 96 വയസ്സുള്ളപ്പോഴാണ് അപ്പനും 87 വയസ്സുണ്ടായിരിക്കെയാണ് അമ്മയ്ക്കും കോവിഡ് പിടിച്ചത്. ഇതില്‍ അപ്പന് രണ്ടുതവണയാണ് കോവിഡ് ബാധിച്ചത്. മറ്റനേകം അസുഖങ്ങളുള്ള വ്യക്തിയായതിനാല്‍ അമ്മയ്ക്ക് കോവിഡ് വന്നപ്പോള്‍ അത് സങ്കീര്‍ണ്ണമായേക്കാം എന്ന് കരുതിയിരുന്നുവെങ്കിലും വെറും ജലദോഷപ്പനി പോലെ അത് അമ്മയെകടന്നുപോയി. അതും കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞാണ് അമ്മ പെട്ടെന്നൊരു ദിവസം കിടപ്പുരോഗിയായി മാറിയത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. മരണത്തിന്റെ തൊട്ടടുത്ത നിമിഷങ്ങളിലൂടെയാണ് അമ്മ കടന്നുപോയതും. പക്ഷേ ആറുമാസം പിന്നിട്ടിരിക്കുന്നു, അമ്മ ഇന്നും എന്റെ കൂടെ ജീവനോടെയുണ്ട്. ആദ്യത്തെക്കാള്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുമുണ്ട്.

ആ പത്രവാര്‍ത്ത ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുനിറയും. കൊച്ചുമക്കള്‍ സ്‌കൂളുകളില്‍ പോകുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. ഗള്‍ഫിലെ ചൂടില്‍ സ്‌കൂള്‍ ബസ്സില്‍ വച്ച് മരണമടഞ്ഞ നാലു വയസ്സുകാരി. രാവിലെ അപ്പനമ്മമാര്‍ക്ക് ഉമ്മനല്കി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളോ അവളുടെ പ്രിയപ്പെട്ടവരോ അറിഞ്ഞിരുന്നോ അത് അവളുടെ അവസാനയാത്രയാണെന്ന്. ഇല്ല. ഇതുതന്നെയാണ് ജീവിതത്തില്‍ ഏറെക്കുറെ സംഭവിക്കുന്നതും. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയെന്നും അനാസ്ഥമൂലമുള്ള മരണമെന്നുമൊക്കെ നാം വിധിയെഴുതുമ്പോള്‍ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്, അങ്ങനെ മരിക്കാനായിരിക്കുമോ വിധി അവരെ വിധിച്ചിരുന്നതെന്ന്. ഒരുപക്ഷേ അത്തരം മരണത്തിലൂടെ വേര്‍പിരിഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ഇത്തരമൊരു ന്യായീകരണം ക്രൂരമായി തോന്നിയേക്കാം. പക്ഷേ നമുക്കറിയില്ലല്ലോ മരണത്തിന്റെ രഹസ്യം.

പിടികൊടുക്കാതെ ഓടിപ്പോയിട്ടും മരണം പുറകെ ചെന്ന് പിടി കൂടും. ഏഴുനില മാളികയില്‍ അംഗരക്ഷകര്‍ക്കൊപ്പം ഒളിച്ചിരുന്നാലും മരണം വരാനാണെങ്കില്‍ വന്നിരിക്കും. പരീക്ഷിത്തിന്റെയും തക്ഷകന്റെയും കഥ കേട്ടിട്ടില്ലേ അഭിമന്യുവിന്റെയും ഉത്തരയുടെയും മകനായ പരീക്ഷിത്തിന് തക്ഷകന്റെ കടിയേറ്റു ഏഴാം നാള്‍ മരണമെന്നായിരുന്നു ബ്രാഹ്മണശാപം. ശാപത്തില്‍ നിന്നുമോചിതനാകാനും മരണത്തില്‍നിന്ന് രക്ഷപ്പെടാനുമായി എന്താണ് മാര്‍ഗ്ഗമെന്ന ആലോചനയില്‍ മുഴുകി എത്തിച്ചേര്‍ന്നത് ഇങ്ങനെയായിരുന്നു. ഏഴു നിലമാളിക പണിത് അതില്‍ താമസിക്കുക. കൊട്ടാരത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനായി നാലുദിക്കിലും ഉയരമുളള മദയാനകളെ നിര്‍ത്തുക. മന്ത്രൗഷൗധങ്ങളില്‍ സമര്‍ത്ഥരായവരെ കൊട്ടാരത്തില്‍ നിയമിക്കുക. മരണത്തെ പരാജയപ്പെടുത്താനുള്ള വൃഥാശ്രമങ്ങള്‍ ആയിരുന്നു അതെല്ലാം എന്ന് പിന്നീടാണ് മനസ്സിലായത്.

യഥാര്‍ത്ഥരൂപത്തില്‍ കൊട്ടാരത്തില്‍ കടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ തക്ഷകന്‍ എന്തു ചെയ്തുവെന്നോ. തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കുകയും അവരെ വിവിധതരത്തിലുള്ള ഫലമൂലാദികളുമായി പരീക്ഷിത്തിന്റെ അടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. രാജാവിനായി കൊടുത്തുവിട്ട പഴങ്ങളിലൊന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതിയില്‍ തക്ഷകന്‍ ഒളിച്ചിരിക്കുകയും ചെയ്തു. രാജാവ് പഴമെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെടുകയും രാജാവിനെ ദംശിക്കുകയും ചെയ്തു. രാജാവ് വിഷംതീണ്ടി മരണ മടഞ്ഞു. കാവലും പരിചാരകരും ഭിഷ്വഗ്വരന്മാരും വെറുതെയായി.

എന്നുകരുതി മരുന്നും പ്രാര്‍ത്ഥനയും മുന്‍കരുതലുകളും ചികിത്സയും വേണ്ടെന്നാണോ. ഒരിക്കലുമല്ല. പക്ഷേ അതിനെല്ലാം അപ്പുറമാണ് മരണമെന്നേയുള്ളൂ. എന്തിനും പരിധിയുണ്ട്. പക്ഷേ മരണത്തിന് പരിധിയില്ല. പലതും ഒഴിവാക്കാനാവും. പക്ഷേ, മരണം ഒഴിവാക്കാനാവില്ല.

നമുക്കറിയില്ല മരണം എപ്പോള്‍ ഏതു രീതിയിലാണ് പിടി കൂടൂന്നതെന്ന്. എങ്ങനെയായിരിക്കും നാം മരിക്കുകയെന്ന്. എത്ര വയസ്സിലാണ് മരിക്കുകയെന്ന്. വിശുദ്ധ ആഗസ്തീനോസ് പറയുന്നുണ്ടല്ലോ നീ ജനിച്ച നിമിഷം മുതല്‍ നീ മരിച്ചു തുടങ്ങിയെന്ന്. അതെ, നാം ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വലിയ മരണത്തിനു മുമ്പുള്ള ചെറിയ ചെറിയ മരണങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അമ്പതുവയസ്സിലെത്തി നില്ക്കുന്നവരൊക്കെ തീര്‍ച്ചയായും പാതിമരിച്ചവരോ മുക്കാല്‍ മരിച്ചവരോ ആണ്. മരിച്ചുകൊണ്ടിരിക്കുന്നുവെന്നറിയാതെയാണ് നാം ജീവിക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതവും മരണവും തമ്മില്‍ ഒരു ഒളിച്ചേ കണ്ടേന്‍ കളിയിലാണെന്ന് തോന്നുന്നു. എത്ര നേരം കളി നീണ്ടുപോയാലും ജയിക്കുന്നത് മരണമാണ്. അപ്പോള്‍ ജീവിതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ, അര്‍ത്ഥമുണ്ടോ?

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്ന് നമുക്കറിയാം. എന്നാല്‍ അതെപ്പോള്‍ എങ്ങനെയെന്ന് നമുക്കറിയില്ലെന്ന് മാത്രം. ഈ അറിവില്ലായ്മയാണ് ജീവിതത്തിന് ഒരേ സമയം അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും നല്കുന്നത്. ജനനത്തിനും മരണത്തിനും ഇടയിലുള്ള ചെറിയൊരു ഇടവേളയാണ് ഭൂമിയിലെ ജീവിതം. തീയറ്ററില്‍ സിനിമയ്ക്കിടയിലുള്ള ഇന്റര്‍വെല്‍ പോലെ. ഒന്ന് ഫ്രഷാകാന്‍, ഒരു ചൂടു കാപ്പിയും തണുത്ത വെള്ളവും കുടിക്കാന്‍ കിട്ടുന്ന ഇത്തിരി സമയം പോലെ ഒരു ഇടവേള. അതിനപ്പുറം ജീവിതത്തിന് വലിയ സങ്കീര്‍ണ്ണതകളൊന്നും കല്പിക്കേണ്ടതില്ല.

എന്നു കരുതി ജീവിതത്തെയോര്‍ത്ത് നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. മരിക്കാന്‍ വേണ്ടി നമുക്ക് ജീവിക്കാം. മരണം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതൊരിക്കലും ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഒരു നാള്‍ മരിക്കുമെന്നുമുളള തിരിച്ചറിവോടെ ജീവിക്കാം. അതുകൊണ്ട് മരിച്ചുപോയ കോടാനുകോടി മനുഷ്യരെക്കാള്‍ ജീവിച്ചിരിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ അര്‍ത്ഥവത്തായി ജീവിക്കുകയും മരണത്തിനൊരുങ്ങുകയും ചെയ്യേണ്ടതുണ്ട്.

എല്ലാ മനുഷ്യരും ഒരുനാള്‍ മരിക്കുമെന്നും എല്ലാവര്‍ക്കും മരണമുണ്ടെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.

മനുഷ്യന്റെ ജീവിതം പുല്ലു പോലെയാണ്. വയലിലെ പൂ പോലെ അത് വിരിയുന്നു. എന്നാല്‍ കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു. അത് നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല (സങ്കീ. 103:15-16).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org