ചിരിയില്‍ കരച്ചില്‍ സൂക്ഷിക്കുന്നവര്‍

ചിരിയില്‍ കരച്ചില്‍ സൂക്ഷിക്കുന്നവര്‍
Published on

നോമ്പുകാല ധ്യാനങ്ങള്‍-2

നിബിന്‍ കുരിശിങ്കല്‍

നെഞ്ചകത്തെ ഉലച്ചുകളഞ്ഞ ഒരു സൗഹൃദസംഭാഷണം ഉണ്ടായിരുന്നു, നാളുകള്‍ക്കുമ്പ്. പലര്‍ക്കും അപ്പനെന്നത് ഒരു അന്യഗ്രഹജീവിയാകുന്ന ഈ കാലഘട്ടത്തില്‍, അപ്പനെ കൂട്ടുകാരനെപ്പോലെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്‍. അപ്പനായിരുന്നു അവന്‍റെ കുമ്പസാരക്കൂട്. പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന ചില അനുഭവങ്ങള്‍ അവന്‍റെ ആ കുമ്പസാരക്കൂടിനെ തകര്‍ത്തുകളഞ്ഞു.

"ഗെയിംസൊക്കെ കളിക്കാന്‍ ഞാന്‍ അപ്പന്‍റെ ഫോണൊക്കെ എടുക്കാറുള്ളതാണ്. പക്ഷേ, അന്നെടുത്തപ്പോള്‍ അപ്പന്‍റെ ഫോണില്‍ ഞാനൊരു വീഡിയോ കണ്ടു. അപ്പനും വേറൊരു പെണ്ണും കൂടി സെക്സ് ചെയ്യുന്ന വീഡിയോ… ഡിലിറ്റ് ചെയ്യാന്‍ മറന്നുപോയതാകും. അതിനുശേഷം അപ്പന്‍റെ മുഖത്തുപോലും നോക്കിയിട്ടില്ല… നോക്കാന്‍ പറ്റുന്നില്ല. വെറുപ്പൊന്നും തോന്നുന്നില്ല; എന്നാലും സ്നേഹം പോയി! ഞാനും അമ്മയും അനിയത്തിയുമൊക്കെ അപ്പനെ എന്തോരാ സ്നേഹിക്കണേ… ഞങ്ങളോടും വല്യ സ്നേഹായിരുന്നു…. പക്ഷേ, ഇതു കണ്ടതില്‍പ്പിന്നെ. ചുണ്ടില്‍ നിന്നും ചിരി മായാതെ ഇത്രയും പറഞ്ഞൊപ്പിക്കുന്ന അവനോടു ഞാന്‍ ഒന്നേ ചോദിച്ചുള്ളൂ: "നിനക്കു സങ്കടോന്നും തോന്നുന്നില്ലേ?"

"സങ്കടോക്കെയുണ്ട്… നല്ല സങ്കടോണ്ട്. ഞാന്‍ അമ്മയെപ്പോലെയാണെന്നാണ് എല്ലാവരും പറയാറ്. എത്ര വേദനയാണേലും അമ്മ ചിരിച്ചോണ്ടേ പറയൂ. അതാകും ഞാനും ഇങ്ങനെ. ആ വീഡിയോ കണ്ട അന്നുതന്നെ അമ്മയോടു പോയി പറഞ്ഞാലോ എന്നോര്‍ത്തതാ. പിന്നെ വേണ്ടെന്നുവച്ചു. എന്തിനാ വെറുതെ ആ പാവത്തിനെകൂടി കരയിക്കണേ! കുറച്ചു ദിവസങ്ങള്‍ക്കുമുമ്പു ഞാനാ സ്ത്രീയെ കണ്ടു…. അപ്പനോടൊപ്പം തെറ്റു ചെയ്ത അതേ സ്ത്രീ. ഒരൊറ്റ ചോദ്യമേ മനസ്സില്‍ വ ന്നുള്ളൂ:

"അവരേക്കാളും എത്ര സുന്ദരിയാ എന്‍റെ അമ്മ…. പിന്നെന്തിനാ അപ്പന്‍…?" സ്നേഹിക്കാതിരിക്കാനും പറ്റുന്നില്ല… ഒരു കണ്ണുനീര്‍ത്തുള്ളിയെപ്പോലും കണ്ണു വിട്ട് ഇറങ്ങിവരാന്‍ അനുവദിക്കാതെ ചിരിയുടെ ഒരു പൊട്ട് സ്വന്തം മുഖത്തു തൊട്ടിട്ട് അവന്‍ യാത്ര പറഞ്ഞു.

ഒരുകാലത്തു സുഹൃത്തിനെപ്പോലെ പെരുമാറുകയും സ്നേഹിക്കുകയും ചെയ്ത അപ്പനെ അരുതാത്തൊരിടത്തുവച്ച് അപരാധം പുതച്ചു കിടക്കുന്നതു കണ്ട ചെറുപ്പക്കാരനായ ആ മകന്‍, "അപ്പനെ സ്നേഹിക്കാതിരിക്കാനാവുന്നില്ലെന്ന്" പറഞ്ഞതു കേട്ടപ്പോള്‍ അവനില്‍ ഞാന്‍ ദൈവപുത്രനെ കണ്ടു. ദൈവ വചനങ്ങളുടെ മാംസവത്കരണമാണ് ആ മകന്‍. അവനെ സ്നേഹിച്ചിരുന്ന അപ്പനെയല്ല ഇനി മുതല്‍ അവന്‍ സ്നേഹിച്ചിടേണ്ടത്. പിതൃത്വത്തിന്‍റെ പവിത്രതയ്ക്കു മേല്‍ കളങ്കത്തിന്‍റെ കറുത്ത കുപ്പായം ധരിച്ചിരിക്കുന്ന അപ്പനെയാണ് അവന്‍ വീണ്ടും സ്നേഹിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അപരിചിതരുടെ ആക്രോശങ്ങളോ ആയുധങ്ങളോ അല്ല നമ്മെ ആഴത്തില്‍ മുറിപ്പെടുത്തുന്നത്. ആത്മാവിനകത്ത് ഇരിപ്പിടങ്ങളൊരുക്കി നാം പ്രതിഷ്ഠിച്ചവരില്‍ ചിലര്‍ അപ്രതീക്ഷിതമായി ഇറങ്ങിപ്പോവുകയോ ഇരട്ടത്താപ്പേല്‍പിക്കുകയോ ചെയ്യുമ്പോഴാണു നാം ഇരുട്ടിലാകുന്നത്.

സ്നേഹിക്കുക എന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. പക്ഷേ, ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കാനൊരുങ്ങു മ്പോഴാണു നെഞ്ചിനകത്ത് പൊള്ളലും നീറ്റലുമൊക്കെ പിറവികൊള്ളുന്നത്.

പിന്നാലെ ഇറങ്ങിത്തിരിച്ചവരില്‍ ചിലരോടൊക്കെ ക്രിസ്തു ചോദിക്കുന്നുണ്ട്, "ഈ കാസ കുടിക്കാന്‍ പറ്റ്വോ?" "നീ എന്നെ ഇവരേക്കാളധികം സ്നേഹിക്കുന്നുണ്ടോ?" എന്നൊക്കെ. കണ്ണുംപൂട്ടി, "ദിപ്പോ ശരിയാക്കി തരാം" എന്നു പറഞ്ഞവന്മാരൊക്കെ 'കണ്ടം വഴി' ഓടി എന്നു വേണം പറയാന്‍. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ മലമുകളിലെ കഴുമരത്തിലേക്കു കയറിപ്പോയ മുടി നീട്ടി വളര്‍ത്തിയ ആ ചെറുപ്പക്കാരനെ ധ്യാനിക്കുന്നത് നന്മയാണ്. അന്ത്യ അത്താഴത്തിന്‍റെ നേരത്തു പന്ത്രണ്ടെണ്ണത്തിന്‍റെ നടുവില്‍ വന്നിരുന്ന ആ യഹൂദയുവാവിനു തുടര്‍ന്നു നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു നല്ല നിശ്ചയമുണ്ടായിരുന്നു. മുന്നിലിരിക്കുന്ന അപ്പമെടുത്തു മുറിച്ചു പത്രോസിന്‍റെ വായിലേക്കു വച്ചുകൊടുക്കുമ്പോള്‍ അന്നനാളത്തില്‍നിന്ന് ആ അപ്പക്കഷണം ആമാശയത്തിലെത്തി കത്തിത്തീരുന്നതിനു മുമ്പേ പത്രോസ് തന്നെ തള്ളിപ്പറയുമെന്നും 'കര്‍ത്താവേ ഇങ്ങള് പുലിയാണെന്ന്' പലയാവര്‍ത്തി പറഞ്ഞ പത്രോസ് എലിയെപ്പോലെ ഓടിമറയുമെന്നും ക്രിസ്തുവിന് അറിയാമായിരുന്നു. വീഞ്ഞ് തുളുമ്പുന്ന ചഷകമെടുത്തു വാഴ്ത്തി യൂദാസിനു നല്കുമ്പോള്‍ ക്രിസ്തുവിനറിയാം ചഷകത്തിലെ ചെംചോര നുണഞ്ഞു ചുണ്ടുണങ്ങുംമുമ്പേ ചോരയുടെ നനവുള്ള അതേ ചുണ്ടിനാല്‍ യൂദാസ് ഒറ്റിക്കൊടുക്കലിന്‍റെ അശുദ്ധ ചുംബനം തന്‍റെ കവിളിലേല്പിക്കുമെന്ന്. അവശേഷിക്കുന്ന ബാക്കി പത്തെണ്ണവും പല ദിക്കുകളിലേക്കു പാഞ്ഞോടുമെന്നും ക്രിസ്തു അറിഞ്ഞിരുന്നു. എന്നിട്ടും അയാള്‍ സ്നേഹിച്ചു, അവസാനംവരെ. മുറിവുകളെയും മുറിവേല്പിച്ചവരെയും സ്നേഹിച്ചവരെയും സ്നേഹം നിഷേധിച്ചവരെയും. തന്‍റെ സ്നേഹത്തിന്‍റെ വിരുന്നുമേശയ്ക്കരികില്‍ നിന്ന് ആരെയും അയാള്‍ മാറ്റിനിര്‍ത്തിയില്ല. ക്രിസ്തുവിന്‍റെ കുലീനത നിറഞ്ഞ സ്നേഹപ്രവാഹത്തിലാണു നാം സ്നാനം ചെയ്തിടേണ്ടത്.

തീര്‍ച്ചയായും നാമോരോരുത്തരും അനേകമാളുകളെ സ്നേഹിക്കുന്നുണ്ട്. പക്ഷേ, വലുതും ചെറുതുമായ ചില മുറിവുകളുണ്ടായപ്പോള്‍, തെറ്റിദ്ധാരണകളുടലെടുത്തപ്പോള്‍ ചിലരെ നാം അകറ്റിനിര്‍ത്തി; ചിലര്‍ നമ്മെയും. കുഞ്ഞുന്നാളില്‍ പിച്ചവച്ചു നടന്ന പറമ്പ്, പ്രായപൂര്‍ത്തിയായപ്പോള്‍ വിഭജിച്ച നേരത്തു നീളവും വീതിയും കുറഞ്ഞതിന്‍റെ പേരില്‍ കൂടെപ്പിറപ്പുകള്‍ക്കിടയിലെ സ്നേഹബന്ധം നിലയ്ക്കുന്നു. പരസ്പരവിശ്വാസത്തിന്‍റെ കതകിനുമേല്‍ ജീവിതപങ്കാളികളിലൊരാള്‍ അവിശ്വസ്തതയുടെ കള്ളത്താക്കോല്‍ കടത്തിയെന്നറിയുമ്പോള്‍ മരവിച്ചുപോകുന്ന ദാമ്പത്യം. പ്രായത്തിന്‍റെ ചിറകും ധരിച്ചു പ്രണയത്തിന്‍റെ മലമുകളിലേക്കു മകള്‍ പറന്നപ്പോള്‍ 'കുടുംബമഹത്ത്വം' ശിഥിലമാക്കിയെന്നാക്രോശിച്ചു പടിയടച്ചു പിണ്ഡംവയ്ക്കല്‍ കര്‍മ്മം നടത്തുമ്പോള്‍ സ്നേഹത്തിന്‍റെ ഘടികാരം നിലയ്ക്കുന്നു. മുറിവേറ്റതോര്‍ത്തു മരവിപ്പിച്ചിടേണ്ടതല്ല നമ്മുടെ സ്നേഹബന്ധങ്ങള്‍. ആണിയടിച്ചു കയറ്റുന്നവര്‍ക്കായി പ്രാര്‍ത്ഥിച്ചൊരാള്‍, കുന്തം കുത്തിയിറക്കിയവന്‍റെ കണ്ണില്‍ വെട്ടം വിതറിയൊരാള്‍; അവസാന നിമിഷം അനുതപിച്ചവനായി പറുദീസായുടെ പടി തുറന്നിട്ടൊരാള്‍! ഒടുവില്‍, വേണ്ടെന്നു വച്ചിട്ടോടി മറഞ്ഞവര്‍ക്കായി പുലരിയില്‍ പ്രാതലൊരുക്കിയ ഒരാള്‍… അങ്ങനെയുള്ള ഒരാളാണ് എന്‍റെയും നിങ്ങളുടെയും അപ്പന്‍ എന്ന സത്യം വിസ്മരിക്കാതിരിക്കാം.

ഇറുപ്പവനും മലര്‍ ഗന്ധമേകും
അറുപ്പവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടു പാടും
പരോപകാര പ്രവണം ഈ പ്രപഞ്ചം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org