കാറ്റു പിടിക്കാത്ത മരം

കാറ്റു പിടിക്കാത്ത മരം

പല തവണയായിട്ടാണ് പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് കണ്ടു തീര്‍ത്തത്. തലകറങ്ങിയതുകൊണ്ടാണ്. എന്നിട്ടും കണ്ടുകൊ ണ്ടിരിക്കുമ്പോള്‍ പലപ്പോഴും നോട്ടം പിന്‍വലിച്ചു, കണ്ണടച്ചു പിടിച്ചു. അത്ഭുതപ്പെടുത്തിയത് രണ്ടു പേരാണ്. സങ്കല്പ്പിക്കാന്‍ പോലുമാകാത്ത ഈ കഠോരപീഡനങ്ങള്‍ ഏറ്റുവാങ്ങുന്നയാള്‍ ബോധം മറയാതെ നില്ക്കുന്നു. ഒപ്പം അവനോടൊപ്പം നിശ്ശബ്ദമായി നീങ്ങുന്ന അവന്റെ അമ്മയും. വ്യാകുലങ്ങളെല്ലാം ഹൃദയത്തില്‍ ഒതുക്കിപ്പിടിച്ച് കുരിശുയാത്രയിലും കാല്‍വരിയിലും മൗനസാന്നിധ്യമായി മാറിയ ഈ അമ്മയെക്കൂടി ധ്യാനിച്ചിട്ടു വേണം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാന്‍.

പ്രിയപ്പെട്ട മകന്റെ ഇത്രയും അപമാനകരവും അതീവദാരുണവുമായ വിധിയും മരണവും ഏതൊരു അമ്മയിലും ഉളവാക്കുന്ന പ്രകമ്പനവും വികാരവിക്ഷോഭങ്ങളുമില്ലാതെ മറിയം നില്ക്കുകയാണ്. അഗാധമായ നിശ്ശബ്ദതയെ പുണര്‍ന്നു നില്ക്കുന്ന അവളുടെ ഔന്നത്യം അളക്കാന്‍ നമുക്ക് ആവുകയില്ല. ഇങ്ങനെയൊരവസരത്തില്‍ ഏതൊരാളും പ്രതികരിക്കുന്നതു പോലെയല്ല അവളുടെ പ്രതികരണം. കരയാനും വിലപിക്കാനും കുറ്റപ്പെടുത്താനും മാത്രമേ അവള്‍ക്ക് കാരണങ്ങളുള്ളൂ. എന്നിട്ടും ഉലയാതെ നില്ക്കുന്ന അവള്‍ നമ്മളെ വിസ്മയിപ്പിക്കുന്നു. ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും ഉപേക്ഷിച്ചു പോയവരെയും അവള്‍ കുറ്റപ്പെടുത്തുന്നില്ല. എന്റെ മകനോടീ ചെയ്തതിന് നിങ്ങളനുഭവിക്കും എന്ന ശാപവാക്കുകളും ഇല്ല. മകന്റെ വേദനയും വിലാപവും കണ്ടും കേട്ടും അവള്‍ അവന്റെ കൂടെ ആയിരിക്കുന്നു.

ആ വിലാപയാത്രയില്‍ അവള്‍ പട്ടാളക്കാര്‍ക്കു പോലും ഒരലോസരവുമുണ്ടാക്കുന്നില്ല. കുരിശില്‍ ചേര്‍ത്തു കെട്ടപ്പെട്ട മകനും അമ്മയും തമ്മില്‍ കണ്ടുമുട്ടിയ നിമിഷത്തില്‍ പോലും ആ യാത്രയുടെ താളം മുറിയുന്നില്ല. അതുകൊണ്ടാണ് സുവിശേഷങ്ങളില്‍ അത് രേഖപ്പെടുത്താതെ പോയത് എന്ന് കരുതുന്നു. അതൊരു വാമൊഴി പാരമ്പര്യമാണ്. അതായിരുന്നു കുരിശുയാത്രയിലെ വികാരനിര്‍ഭരമായ നിമിഷം. ഒടുവില്‍ കുരിശുയാത്ര കാല്‍വരിയിലെത്തുന്നു. പ്രകൃതിയുടെ പോലും താളം തെറ്റിയ മണിക്കൂറുകളായിരുന്നു പിന്നീട്. കാല്‍വരിയില്‍ നിന്ന് ഏറ്റവും അവസാനം പിന്‍വാങ്ങിയ ആ ചെറിയ ഗണത്തോടൊപ്പം മറിയവും ഉണ്ടായിരുന്നു.

ഒരമ്മയ്ക്ക് ഇതെങ്ങനെ കഴിഞ്ഞു? അത്രയ്ക്ക് കാഠിന്യം ഉള്ളതാണോ അവളുടെ ഹൃദയം? അല്ലെന്ന് നമുക്കറിയാം. പിന്നെ എവിടുന്നു കിട്ടി ഈ ധൈര്യം. വിശ്വാസത്തിന്റെ ധൈര്യമാണത്. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന സ്വര്‍ഗത്തിന്റെ ഉറപ്പു കേട്ട് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് വിധേയപ്പെട്ടവളാണവള്‍. ഒരിക്കല്‍ മാത്രം അവള്‍ വേവലാതിപ്പെട്ടു: 'മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്?' മൂന്നു ദിവസത്തെ അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയപ്പോഴായിരുന്നു അത്. ആ ചെറിയ കുട്ടി അതിന് കൊടുത്ത ഉത്തരം അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു. പിന്നീട് എന്നും അവള്‍ മകന്റെ ഇച്ഛയ്‌ക്കൊപ്പം സഞ്ചരിക്കുന്ന അമ്മയായി മാറി. വിധവയെന്ന നിലയില്‍ ഏക മകനെക്കുറിച്ച് ഉണ്ടായേക്കാവുന്ന സ്വപ്‌നങ്ങളൊക്കെയും അവള്‍ കൈവെടിഞ്ഞു.

ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര. ആകാശം മേല്‍ക്കൂരയാക്കി തലചായ്ക്കാനിടമില്ലാതെ അവന്‍ വീട്ടില്‍ നിന്നിറങ്ങി. പിന്നെ അവനെക്കുറിച്ച് കേട്ട നല്ലതും മോശവുമായ വാര്‍ത്തകള്‍. മകനെ പിന്തിരിപ്പിക്കാന്‍ ഉറ്റവരില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍. അവനെ കാണാന്‍ ഉള്ളു പിടഞ്ഞ ദിവസങ്ങള്‍... ഒക്കെ ഉണ്ടായി. ഒടുവില്‍ അവന്റെ ദാരുണമായ അന്ത്യത്തിന് സാക്ഷിയായി അവള്‍... ഒരു കൊടുങ്കാറ്റിലും ഉലയാതെ നിന്ന അവളുടെ സാന്നിധ്യമായിരുന്നു മകന്റെ യാത്രയിലെ ധൈര്യവും ഇന്ധനവും. രക്ഷാകര്‍മ്മം അങ്ങനെ പൂര്‍ത്തിയായി.

മറിയത്തിന്റെ നിഴല്‍ പതിക്കാത്ത അമ്മമാരുണ്ടോ? പ്രതിസന്ധികളുടെയും സഹനത്തിന്റെയും നേരങ്ങളില്‍ കാറ്റുപിടിക്കാതെ നിന്ന അവരുടെ തണലില്‍ ആയിരുന്നു നമ്മള്‍ വളര്‍ന്നത്. അവള്‍ ഉലഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, നമ്മള്‍തന്നെ ഉണ്ടാകുമായിരുന്നില്ല. പിടിച്ചുനില്ക്കാനാവാതെ ആത്മഹത്യയ്ക്ക് ഒരുങ്ങിയ പല അമ്മമാരെയും പിന്തിരിപ്പിച്ചത് മക്കളുടെ നിഷ്‌കളങ്ക മുഖങ്ങളാണ്. ഒരുപക്ഷേ, അവരത് നമ്മോട് പറഞ്ഞിട്ടുണ്ടാവില്ല. സമയംപോലെ അമ്മയുടെ അടുത്തിരുന്ന് അവള്‍ കടന്നുപോയ ദുരിതപര്‍വങ്ങളെക്കുറിച്ച് ഒന്നന്വേഷിക്കണം. അവള്‍ അത് പറഞ്ഞുതരും - തൊണ്ടയിടറാതെ. നമുക്ക് നമ്മുടെ ജീവിതം നല്കാനായിരുന്നു അതെന്ന് അപ്പോള്‍ നമ്മള്‍ അറിയും. ഇനി നമ്മളായിട്ട് അവളുടെ കണ്ണ് നനയാന്‍ പാടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org