ഇവനെ നാം ഇങ്ങനെ വിട്ടാല്‍

ഇവനെ നാം ഇങ്ങനെ വിട്ടാല്‍

ചരിത്രത്തിലെ ഏറ്റവും നിഷ്‌കളങ്കനായ മനുഷ്യനെതിരെയുള്ള വിധിയായിരുന്നു അന്ന് പീലാത്തോസിന്റെ അരമനയില്‍ നടന്നത്. ഞാനയാളില്‍ കുറ്റമൊന്നും കാണുന്നില്ല എന്ന് പീലാത്തോസ് മൂന്നുതവണ പ്രഖ്യാപിക്കുന്നുണ്ട്. എന്നിട്ടും അയാള്‍ അവിടുത്തെ കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കുകയാണ്. അത് വിജാതീയനായ പീലാത്തോസിന്റെ മാത്രം തീരുമാനമായിരുന്നില്ല, പ്രധാന പുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും നിശ്ചയമായിരുന്നു. അതിനെതിരെ സ്വന്തമായൊരു നിലപാടെടുക്കാന്‍ കഴിയാതെ പതറിയ പീലാത്തോസ് അവരുടെ നിശ്ചയത്തിന് അംഗീകാരം നല്‍കി എന്നേയുള്ളൂ.

ഇത്ര അന്യായവും ക്രൂരവുമായ ഒരു തീരുമാനത്തിലേക്ക് ഇവരെ നയിച്ച ആന്തരിക പ്രേരണ എന്തായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. ഭയം! ഭയമാണവിടെ ഭരണം നടത്തിയത്. ആ ശോക നാടകത്തില്‍ പങ്കെടുത്ത എല്ലാവരും പരസ്പരം ഭയപ്പെട്ടു. അവിടുത്തോട് അനുഭാവമുണ്ടായിരുന്ന അപ്പസ്‌തോലന്മാര്‍ പേടികൊണ്ടാണ് ഓടിപ്പോയത്. പത്രോസ് അറിയില്ലെന്ന് പറഞ്ഞതും ഭയന്നിട്ട് തന്നെ. അരിമത്തിയക്കാരന്‍ ജോസഫിനാകട്ടെ അവിടുത്തെ രഹസ്യശിഷ്യനായിരിക്കാനുള്ള ധൈര്യമേ ഉണ്ടായിരുന്നുള്ളൂ.

പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും ഭീരുക്കളായിരുന്നു. ഇവനെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവരില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധ സ്ഥലത്തെയും ജനത്തെയും നശിപ്പിക്കും എന്നവര്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ഒളിച്ചുപിടിച്ച ഭയമായിരുന്നു ദുര്‍ബലമായ ആ ന്യായീകരണത്തിനു പിന്നില്‍. അപ്പോഴും അവര്‍ റോമാക്കാരുടെ ഭരണത്തില്‍ ആയിരുന്നുവല്ലോ. യഥാര്‍ത്ഥത്തില്‍ യേശുവെന്ന മനുഷ്യനെയാണവര്‍ ഭയപ്പെട്ടത്. നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും എന്ന് വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടവനാണിവന്‍. എനിക്കു നിങ്ങളെക്കുറിച്ച് പലതും പറയാനും വിധിക്കാനുമുണ്ടെന്നു മുഖത്തുനോക്കി പറഞ്ഞിട്ടുമുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ പിന്നില്‍ തങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ചിരിക്കുന്ന തിന്മകളെയാണവന്‍ ഉന്നംവയ്ക്കുന്നതെന്ന് അവര്‍ക്കു മനസ്സിലായി. ഇവനെ ഇനി വച്ചുപൊറുപ്പിക്കരുത്. ജ്ഞാനഗ്രന്ഥത്തില്‍ കുറിച്ചിട്ടുള്ള ഈ ചിന്തകള്‍ അവരുടേതായി: ഇവന്‍ നമ്മുടെ ചിന്തകളെ കുറ്റം വിധിക്കുന്നു. ഇവനെ കാണുന്നതുതന്നെ നമുക്കു ദുഃസ്സഹമാണ്... നമുക്കവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം (ജ്ഞാനം 2:14-20).

പീലാത്തോസാകട്ടെ, തന്റെ അധികാരത്തെ ചോദ്യം ചെയ്‌തേക്കാവുന്ന ഒരനക്കത്തെപ്പോലും ഭയന്നു. ബന്ധിതനായി, രക്തത്തില്‍ നനഞ്ഞ്, താന്‍ രാജാവാണെന്നു സാക്ഷ്യപ്പെടുത്തി തലയെടുപ്പോടെ നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്‍ പീലാത്തോസിന്റെ ഭയം ഇരട്ടിപ്പിച്ചു. അനീതിയും സത്യവും നേര്‍ക്കുനേര്‍ നില്‍ക്കുകയാണിവിടെ. സത്യത്തിനു മുന്‍പില്‍ അവര്‍ക്കങ്ങനെ എത്രനേരം പിടിച്ചുനില്‍ക്കാന്‍ കഴിയും? അവരവനെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തു. പിടിച്ചുനില്ക്കാനൊരു തന്ത്രമായിരുന്നു അത്.

അതോടെ സ്വസ്ഥമായോ? ഇല്ല. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അവരുടെ ഭയത്തിനിരയായവന്‍ മൂന്നുദിവസം കഴിഞ്ഞ് ഉയിര്‍ത്തു. ഭയന്നവരാകട്ടെ ചരിത്രത്തിലെ കറുത്ത ബന്ധുക്കളായവശേഷിച്ചു. ചരിത്രത്തില്‍ അതിന്റെ തനി ആവര്‍ത്തനങ്ങളാണ് എല്ലാകാലത്തും നടന്നിട്ടുള്ളത്. സ്‌നേഹത്തിന്റെ വഴിയേ സഞ്ചരിക്കുന്നവര്‍ക്ക് യേശുവിന്റേതില്‍നിന്ന് വ്യത്യസ്തമായൊരനുഭവം പ്രതീക്ഷിക്കാനില്ല. എന്നാല്‍ ആ പീഡകളല്ല അവരുടെ അന്ത്യം എന്നാണ് അവന്റെ ഉയിര്‍പ്പു നല്കുന്ന പ്രത്യാശ.

ഭയം മനുഷ്യനെ അപകടകാരിയാക്കും. അതിനാല്‍ ഭയത്തെ നമ്മള്‍ ഭയപ്പെടണം. അത് നമ്മിലെ ഏറ്റവും നല്ലതിനെ മാത്രമല്ല മനുഷ്യത്വം പോലും കവര്‍ന്നെടുക്കും. അയാള്‍ എനിക്ക് ഭീഷണിയാണെന്ന് നമ്മള്‍ വെറുതെ നിനയ്ക്കുന്നു. പിന്നെ അയാള്‍ക്കെതിരെ കരുക്കള്‍ നീക്കാന്‍ തുടങ്ങുന്നു. എത്രയോ ഭാവങ്ങളാണതിന്. അയല്‍രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരും കീഴുള്ളവര്‍ക്കുമേല്‍ അമിതഭാരം ചുമത്തുന്നവരും ഭീരുക്കളാണ്. സ്ത്രീയെ ഭയപ്പെടുന്നവരാണ് അവളുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നത് എന്നു പറഞ്ഞാല്‍ പുരുഷന്മാര്‍ എന്നോടു കോപിക്കുമോ?

അകാരണമായ കോപം പലപ്പോഴും മറച്ചുപിടിച്ച ഭയം തന്നെ. ഒന്ന് കണ്ണടച്ച് ഒരു ആത്മവിമര്‍ശനത്തിന് നമ്മെത്തന്നെ വിധേയരാക്കേണ്ട കാലം കൂടിയാണ് നോമ്പുകാലം...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org