കാഴ്ചയ്ക്കല്ല, കാഴ്ചപ്പാടിനാണ് തിമിരം

കാഴ്ചയ്ക്കല്ല, കാഴ്ചപ്പാടിനാണ് തിമിരം
എനിക്കില്ലാത്തവയുടെ പട്ടിക ദിനംതോറും വലുതാക്കാന്‍ ഞാന്‍ നോക്കാറുണ്ട്. എനിക്കുള്ളവയുടെ പട്ടികപ്പെടുത്തലും അവയുടെ വിനിയോഗത്തിന്റെ ഒരു ഓഡിറ്റിങ്ങും കൂടി നടത്തേണ്ടത് അനിവാര്യമല്ലേ?

മറ്റുള്ളവരെ നിശബ്ദരാക്കുന്നതിലൂടെയാണ് ഞാന്‍ എന്ന പ്രസ്ഥാനം പടര്‍ന്നു പന്തലിക്കുന്നത് എന്ന ധാര്‍ഷ്ട്യം സമൂഹത്തിലെ പല ഉന്നതരും പ്രകടമാക്കുന്ന കാലമാണിത്. നിശബ്ദതപാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള സമ്മര്‍ദ്ദങ്ങള്‍, ഭീഷണികള്‍ നേരിടാത്തവരായി ആരുണ്ട്? ഒരു ജനക്കൂട്ടമൊന്നാകെ അന്ധനായ ബര്‍ത്തമിയൂസിനോട് ആവശ്യപ്പെട്ടതും അതുതന്നെ: നീ നിശബ്ദനാകുക. ആ അന്ധന്റെ ഉള്‍ക്കാഴ്ചയുടെ തെളിച്ചം, എന്റെ കാഴ്ചപ്പാടുകളുടെ തിമിരശസ്ത്രക്രിയ നടത്തുന്ന കാലമാണ് നോമ്പ്.

  • ഞാന്‍ ഏറ്റു പറയേണ്ടതെന്ത് ?

കാഴ്ചപരിമിതര്‍ക്ക് പൊതുവെ കേള്‍വിശക്തി കൂടും എന്ന് ശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ശബ്ദ ത്തിന്റെ കാരണം ചോദിക്കുന്ന അന്ധന് അവര്‍ നല്‍കിയ മറുപടി 'നസ്രായനായ യേശുവാണത്' എന്നതായിരുന്നു. അവന്റെ അത്ഭുതങ്ങള്‍ നേരിട്ടു കണ്ടവര്‍ അവനു നല്‍കിയ ഐഡന്റിറ്റി അതാണ്. ജനക്കൂട്ടത്തിന്റെ സ്വാധീനത്താല്‍ ഒരു വ്യക്തി ആ ജനക്കൂട്ടത്തിന്റെ പെരുമാറ്റംതന്നെ തുടരും എന്ന മനഃശാസ്ത്ര സിദ്ധാന്തമാണ് ബാന്‍ഡ് വാഗണ്‍ ഇഫക്ട്. ഇതിനുവിരുദ്ധമായി, ജനക്കൂട്ടം നല്‍കിയ വിശേഷണം തള്ളി, ഇന്നുവരെ കണ്ടിട്ടില്ലാത്തവനെ അന്ധന്‍ വിളിക്കുന്നത് 'ദാവീദിന്റെ പുത്രാ' എന്നാണ്. നീയാരാണ് എന്ന് വെല്ലുവിളിച്ചവരൊക്കെ അവനെ നേരിട്ട് കണ്ടവരാണ്. എന്നാല്‍ കാഴ്ചയില്ലാത്തവന്റെ വിശ്വാസതീവ്രത എത്രയോ വലുതാണ്. ജനക്കൂട്ടത്തിന്റെ ആരവം ഏറ്റുചൊല്ലുന്നതല്ല, എന്റെ അചഞ്ചലവിശ്വാസം പ്രഘോഷിക്കുന്ന കാഴ്ചപ്പാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ സന്നദ്ധമാക്കുന്ന പ്രകിയയാകണം നോമ്പ്.

  • ഞാന്‍ പ്രയോജനപ്പെടുത്തേണ്ടതെന്ത്?

ദാവീദിന്റെ പുത്രാ എന്ന അന്ധന്റെ വിളി ജനക്കൂട്ടം വിലക്കി. 'അമ്മാതിരി വിളിയൊന്നും വേണ്ട, മിണ്ടാതിരിയെടാ.' അവനാകട്ടെ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചുവത്രേ. ഇന്നായിരുണെങ്കില്‍ ആള്‍ക്കൂട്ടാക്രമണത്തിന് അന്ധന്‍ ഇരയാകുമായിരുന്നു. പക്ഷേ, ജനനായകന്‍ ആരെന്നറിയുന്നവന് ജനക്കൂട്ടത്തെ ഭയപ്പെടേണ്ടതില്ല! കാഴ്ചയില്ല എന്ന കുറവല്ല ശബ്ദമുണ്ട് എന്ന കഴിവിന്റെ ശക്തി കൂട്ടാനാണ് അവന്‍ ശ്രമിച്ചത്. ഇല്ലാത്തത് ഓര്‍ത്ത് പരിതപിച്ച് ഒതുങ്ങാനല്ല, ദാനമായി ലഭിച്ച കൃപയാല്‍ സാക്ഷ്യം നടത്താനാണ് അവന്‍ ഉത്സാഹിച്ചത്. എനിക്കില്ലാത്തവയുടെ പട്ടിക ദിനം തോറും വലുതാക്കാന്‍ ഞാന്‍ നോക്കാറുണ്ട്. എനിക്കുള്ളവയുടെ പട്ടികപ്പെടുത്തലും അവയുടെ വിനിയോഗത്തിന്റെ ഒരു ഓഡിറ്റിങ്ങും കൂടി നടത്തേണ്ടത് അനിവാര്യമല്ലേ? നിയന്ത്രണങ്ങളുടെയും വിലക്കുകളുടേയും മധ്യേ വിളി പൂട്ടാതെ, ഉള്‍ക്കണ്ണിന്റെ കരുത്തു കാട്ടിയ അന്ധന്‍ പറയുന്നു: എന്റെ വിശ്വാസത്തികവിലേക്ക്, ഇന്നെനിക്കുള്ള കൃപകളെ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ ശക്തിയാര്‍ജ്ജിക്കുന്ന കാലമാണ് നോമ്പ്.

  • ഞാന്‍ ആഗ്രഹിക്കേണ്ടത് എന്ത്?

കാഴ്ചയില്ലാത്തവന്റെ നിലവിളിയും, യാചനയും എന്തായിരിക്കണം? 'എനിക്ക് കാഴ്ചവേണം.' പക്ഷേ, 'എന്നില്‍ കനിയണമേ' എന്നാണ് അന്ധന്‍ നിലവിളിച്ചത്. കാഴ്ച ഒരു ശാരീരിക ആവശ്യവും, കനിവ് ഒരു മാനസിക ആവശ്യവുമാണ്. അടിസ്ഥാന ശാരീരിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയാണ് വൈകാരിക മാനസിക ആവശ്യങ്ങളുടെ തലം എത്തുന്നത് എന്നാണ് നീഡ് തിയറികള്‍ പറയുന്നത്. ഉദാഹരണമായി, വിശപ്പും ദാഹവുമായി പട്ടിണിയില്‍ കഴിയുന്ന ഒരാള്‍ക്ക് അന്യരുടെ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് പരാതിയുണ്ടോ? എന്നാല്‍ ഒരു റിവേഴ്‌സ് നീഡ് തിയറിയുടെ വക്താവായിരുന്നു അന്ധന്‍. കര്‍ത്താവിന്റെ കനിവാണ് പ്രധാനം. കാഴ്ച പിന്നെ വന്നുചേരും. ഇതാണ് വിശ്വാസത്തിന്റെ ഉള്‍ക്കാഴ്ച. ഭൗതികനേട്ടങ്ങളാണ് നമുക്ക് ദൈവകൃപയുടെ അളവുകോല്‍. വാര്‍ഷികധ്യാനം എന്ന ഫ്‌ളക്‌സില്‍ രോഗശാന്തിശുശ്രൂഷ എന്ന ഫ്‌ളേവര്‍ ചേര്‍ത്തില്ലെങ്കില്‍ ജനക്കൂട്ടമില്ലാതെ പോയാലോ! രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്ഥാനം കിട്ടിയതിനാല്‍ ദൈവം പ്രാര്‍ത്ഥന കേട്ടു എന്ന സാക്ഷ്യപ്പെടുത്തലുകള്‍ വൈറലാകുന്ന കാലത്ത് നമുക്കാവശ്യം കല്ല് അപ്പമാകുന്ന അത്ഭുതമാണോ? 'ഞാന്‍ നിനക്കു വേണ്ടി എന്തുചെയ്യണം' എന്ന യേശുവിന്റെ ചോദ്യത്തിന്റെ ഉത്തരമായാണ് അന്ധന്‍ കാഴ്ചയെന്ന ആഗ്രഹം അറിയിക്കുന്നത്. അവന്റെ കനിവാണ് കാഴ്ചയെന്ന് അകക്കണ്ണിന്റെ വെളിച്ചമുള്ള അന്ധന്‍ പറയുന്നു. ഭൗതികനേട്ടങ്ങള്‍ക്കായുള്ള ആഗ്രഹസാക്ഷാത്ക്കാരത്തിനല്ല, അവന്റെ കനിവിലേക്ക് ശിരസു കുനിക്കുമ്പോള്‍ എന്റെ കാഴ്ചയുടെ മറകള്‍ മായുന്ന പ്രക്രിയയാണ് നോമ്പ്.

  • ഞാന്‍ അണിയുന്ന പുറങ്കുപ്പായമെന്ത്?

സ്വന്തം പുറങ്കുപ്പായം നിലത്തുവിരിച്ച് അതില്‍ മറ്റുള്ളവര്‍ നല്‍കുന്ന ഭിക്ഷയാലാണ് അന്ധന്‍ കഴിഞ്ഞിരുന്നത്. യേശുവിനെ കാണാന്‍ കുതിക്കുന്നവന്‍ ആദ്യം ചെയ്തത് പരാശ്രയത്വത്തിന്റെ ഓവര്‍കോട്ട് എടുത്തെറിഞ്ഞു എന്നതാണ്. എന്റെ പരമാശ്രയമാകേണ്ടവന്റെ അടുത്തെത്തുമ്പോള്‍ എനിക്കെന്തിനാണ് ഈ പരാശ്രയകുപ്പായം! പല നിറത്തിലും, രൂപത്തിലുമുള്ള പുറങ്കുപ്പായങ്ങള്‍ കാഴ്ചകള്‍ മറയ്ക്കുന്ന കാലമല്ലേ? അധികാരത്തിന്റെ പുറങ്കുപ്പായമണിഞ്ഞവര്‍ കണ്‍മുമ്പില്‍ നിലവിളിക്കുന്ന ദൈന്യമുഖങ്ങളെ തിരിച്ചറിയുന്നില്ല! സമ്പത്തിന്റെ പുറങ്കുപ്പായമണിഞ്ഞവര്‍ നിയമത്തിന്റെ ശരികള്‍ കാണുന്നേയില്ല! ഓവര്‍കോട്ടു സംഘടിപ്പിക്കാനുള്ള ഓട്ടത്തില്‍ നിസ്സഹായരെ ഞാന്‍ ചവിട്ടിവീഴ്ത്തും; പ്രബലരുടെ മുമ്പില്‍ കൈ കൂപ്പി നില്‍ക്കും. പുറങ്കുപ്പായമെടുത്ത് എറിഞ്ഞ് കര്‍ത്താവിങ്കലേക്ക് പാഞ്ഞ അന്ധന്‍ ചോദിക്കുന്നു നിന്റെ പുറങ്കുപ്പായങ്ങള്‍ എത്ര നാള്‍ സുരക്ഷ നല്‍കും? അവ ഊരിമാറ്റാന്‍ കണ്ണുതുറപ്പിക്കലാണ് നോമ്പ്.

അതെ, ഈ അന്ധന്‍ ഒരു നേത്രരോഗ നിര്‍ണ്ണയ വിദഗ്ദ്ധനായി എന്റെ മുമ്പില്‍ നില്‍ക്കുന്നു. കാഴ്ചയ്ക്കല്ല, കാഴ്ചപ്പാടുകളുടെ തിമിരശസ്ത്രക്രിയ കാലമാണ് നോമ്പ് എന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു!!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org