ക്ഷമിച്ചു എന്നൊരു വാക്ക്...

ക്ഷമിച്ചു എന്നൊരു വാക്ക്...

ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം മുമ്പായിരിക്കണം. എറണാകുളത്തേക്ക് ആദ്യമായും ഒറ്റയ്ക്കും നടത്തിയ യാത്ര. ഉദ്ദേശ്യം മറ്റൊന്നുമായിരുന്നില്ല, സത്യദീപത്തിലൊരു നോവല്‍ കൊടുക്കണം. പത്രാധിപരെ കാണണം. പലര്‍ക്കും അറിവുള്ളതുപോലെ അന്ന് വൈറ്റില ഹബ് രൂപം കൊണ്ടിട്ടില്ല. പാലായില്‍ നിന്നുള്ള ബസുകള്‍ കലൂര്‍ സ്റ്റാന്‍ഡ് വരെയെത്തും. അവിടെ ബസിറങ്ങി ആരോടൊക്കെയോ ചോദിച്ചും പറഞ്ഞും സത്യദീപത്തിലേക്കു നടന്നു പോകുകയാണ്.

എറണാകുളം ആദ്യമായി കാണുന്നതിന്റെ സന്തോഷവും സത്യദീപത്തില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും പ്രതികരണം എന്നോര്‍ത്തുള്ള ആകാംക്ഷയും ഒക്കെ ചേര്‍ന്ന് ആലോചിച്ചു നടന്നുപൊയ്‌ക്കൊണ്ടിരിക്കവെ പിന്നില്‍ നിന്നും വന്ന ഒരു ബൈക്കുകാരന്‍ എന്റെ ചന്തിയില്‍ ആഞ്ഞുചവിട്ടിക്കൊണ്ട് കടന്നുപോയി. എന്താണ് സംഭവിച്ചതെന്നുപോലും എനിക്ക് മനസ്സിലായില്ല. ഞാന്‍ എന്താണ് ചെയ്ത തെറ്റെന്നും എനിക്കറിയില്ല.

ചവിട്ടിന്റെ ആഘാതത്തില്‍ മുമ്പോട്ട് തെറിച്ചുപോയെങ്കിലും ഭാഗ്യം! ഞാന്‍ മൂക്കുകുത്തി വീണില്ല. ചവിട്ട് കിട്ടിയതിനെക്കാളും ആരെങ്കിലും കണ്ടോയെന്നോര്‍ത്തായിരുന്നു സങ്കടം. ആരു കണ്ടാലും ഇല്ലെങ്കിലും ആരും അതേക്കുറിച്ച് ചോദിക്കാന്‍ എന്റെ അടുത്തുവന്നില്ല. വ്രണിത ഹൃദയനായി, വളരെ ആകുലപ്പെട്ട ഞാന്‍ മുന്നോട്ടുനടന്നു. ചന്തിയില്‍ പതിഞ്ഞ ഷൂസിന്റെ പാടുകള്‍ തൂത്തു കൊണ്ട്.

എന്തിനാണ് ഈ സംഭവം ഇവിടെ എഴുതുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇതാണ്. ഞാന്‍ ഇനിയും ആ സംഭവം മറന്നിട്ടില്ല. ഞാന്‍ മറക്കാത്തതാവട്ടെ എവിടെയോ ഞാന്‍ അയാളോട് പൂര്‍ണ്ണമായും ക്ഷമിക്കാത്തതു കൊണ്ടും.

ക്ഷമിച്ചുവെന്നൊക്കെയാണ് ഞാന്‍ ഇതുവരെയും കരുതിയിരുന്നത്. കാരണം ഏതോ ഒരാള്‍. മുഖംപോലും ഓര്‍മ്മയില്ലാത്ത ഒരാള്‍. വര്‍ഷമെത്രയോ കഴിഞ്ഞു പോയിരിക്കുന്നു. അറിയാവുന്നവരോ അടുപ്പമുള്ളവരോ ഒക്കെയായിരുന്നുവെങ്കില്‍ അകാരണമായി ഏറ്റ ചവിട്ടിന്റെ പേരില്‍, അപമാനത്തിന്റെ പേരില്‍ എനിക്ക് ജീവിതകാലം മുഴുവന്‍ അയാളോട് വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്താമായിരുന്നു. പക്ഷേ ഇത്...

ക്ഷമിച്ചുവെന്ന് കരുതിയതൊക്കെയും ക്ഷമിക്കാതെ ബാക്കിയായിരിക്കുന്നു. ഇല്ല, ഞാന്‍ അയാളോട് ക്ഷമിച്ചിട്ടില്ല. അതാണ് സത്യം - ക്ഷമിക്കാത്ത കാര്യങ്ങളൊക്കെ നമ്മുടെ ഓര്‍മ്മയിലേക്ക് കടന്നുവരും, എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ജീവിക്കുമ്പോഴും. ക്ഷമിച്ച കാര്യങ്ങളാവട്ടെ ഖനനം നടത്തിയാല്‍ പോലും തിരികെ കിട്ടുകയുമില്ല.

അമ്പതും അറുപതും പിന്നിട്ട ദാമ്പത്യത്തിലും പങ്കാളിയുടെ ഒരു വാക്കിനെയും പ്രവൃത്തിയെയും പ്രതി അയാളുടെ എല്ലാ നന്മകളെയും തമസ്‌ക്കരിച്ചുകൊണ്ട് സംസാരിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇണ ചെയ്ത എല്ലാ നന്മകളെയും അവഗണിച്ചുകൊണ്ട് അയാളുടെ ഒരേയൊരു കുറവിനെയോ പ്രവൃത്തിയെയോ ഉയരത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നീരസം വച്ചുപുലര്‍ത്തുകയാണ് അവര്‍. അത് മറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് ക്ഷമിക്കാനും കഴിയുമായിരുന്നു. അതോടെ ആ ബന്ധം കൂടുതല്‍ സുന്ദരവും സുദൃഢവുമാകുമായിരുന്നു. എന്നാല്‍ സംഭവിക്കുന്നത് എന്താണ്?

സമാധാനത്തോടെ ജീവിക്കണമെങ്കില്‍, സ്‌നേഹത്തോടെ സഹവസിക്കണമെങ്കില്‍, സന്തോഷത്തോടെ കഴിയണമെങ്കില്‍ മറവിയാണ് ആവശ്യം. മറവിയുടെ മറു പദമാണ് ക്ഷമ. ഓര്‍മ്മിക്കുന്ന കാര്യങ്ങള്‍ ക്ഷമിക്കാന്‍ കഴിയാത്തവയാണ്. അത് ചെറുതോ വലുതോ ആകാം. ഇന്നലെത്തേതോ ഒരുപാട് വര്‍ഷം പിന്നിലുള്ളതോ ആകാം. ഏതുതരം ഓര്‍മ്മയിലും കയ്പും ചവര്‍പ്പുമുണ്ടെങ്കില്‍ ആ ഓര്‍മ്മകള്‍ക്ക് സൗഖ്യത്തിന്റെ ശുശ്രൂഷയും ക്ഷമയുടെ കൂദാശയും ആവശ്യമുണ്ട്.

ക്രിസ്തുവിന്റേത് സൗന്ദര്യ പൂര്‍ണ്ണമായ മരണമായിരുന്നുവെങ്കില്‍, അത് 33-ാം വയസ്സില്‍ സം തൃപ്തിയോടെയുള്ള മരണമായിരുന്നുവെങ്കില്‍ അതിന്റെ പിന്നിലെ ഒരു കാരണം ക്രിസ്തു എല്ലാവരോടും ക്ഷമിച്ചുവെന്നതാണ്. എല്ലാവരോടും ക്ഷമിക്കാന്‍ പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നതാണ്.

ഒരു പുഴ കടക്കുന്ന ലാഘവത്തോടെ, ഒരു നിലാരാത്രിയിലെ നടത്തം പോലെ ഏറ്റവും സൗമ്യതയോടും ശാന്തതയോടും കൂടി ക്രിസ്തു മരണത്തിലൂടെ കടന്നുപോയി. ജീവിതത്തോടുള്ള മതിയാവാത്ത ആശകള്‍ക്കപ്പുറം ആരോടും പരിഭവമില്ലാതെ, പരാതികളില്ലാതെ, വിദ്വേഷങ്ങളില്ലാതെ ക്രിസ്തു നിത്യതയിലേക്ക് കണ്ണടച്ചു.

എത്രയെത്ര പേരോടായിരുന്നു വേണമെങ്കില്‍ ക്രിസ്തുവിന് വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്താമായിരുന്നത്. തന്നെ ബന്ധിക്കാന്‍ വന്ന പടയാളികളോട്, പുരോഹിതപ്രമുഖന്മാരോട്, ഫരിസേയരോട്, സേവകരോട്, ഒറ്റു കൊടുത്ത യൂദാസിനോട്, ഓടിപ്പോയ ശിഷ്യന്മാരോട്, നിഷേധിച്ചു പറഞ്ഞ പത്രോസിനോട്...

തനിക്കു പകരം രക്ഷപ്പെടാന്‍ ഊഴം കിട്ടിയ ബറാബാസിനോട്, വിലാപ്പുറത്ത് കുത്തിയവനോട്, കുരിശില്‍ കിടന്നും തന്നെ പരിഹസിച്ച കള്ളനോട്, അടിച്ചു പതം വരുത്തുകയും നിന്ദിക്കുകയും ചെയ്ത റോമന്‍ ഭടന്മാരോട്...

ഇതിന് പിന്നിലേക്ക് പോയാല്‍ അവിടെയും കാണും തീര്‍ച്ചയായും ക്രിസ്തുവിനെ പലപ്പോഴായി പല വിധത്തിലായി പല ഘട്ടങ്ങളിലായി പരിഹസിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്തവരുടെ നീണ്ട നിര. പിറന്നുവീഴാന്‍ നല്ലൊരിടം തരാത്തവരോട് പോലും ക്രിസ്തുവിന് വിദ്വേഷം വച്ചുപുലര്‍ത്താമല്ലോ; ഹേറോദോസിനോട്... അങ്ങനെ ആരോടെല്ലാം.

പക്ഷേ തിരിച്ചടികളില്ലാതെ, വാക്ക് പോരാട്ടങ്ങളില്ലാതെ, പ്രതികാരചിന്തയില്ലാതെ ക്രിസ്തു പറഞ്ഞത് ഒന്നുമാത്രം. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ.

നീയെന്തിനാണ് എനിക്കെതിരെ ഉപജാപങ്ങള്‍ മെനയുന്നത്, നീയെന്തിനാണ് എനിക്കെതിരെ എപ്പോഴും പിറുപിറുക്കുന്നത്, നീയെന്തിനാണ് എന്നെ അന്യനെ പോലെ കരുതുന്നത്, നീയെന്തിനാണ് എന്നെ പുറകെ നടന്ന് ദ്രോഹിക്കുന്നത്, എനിക്കെതിരെ കരുക്കള്‍ നിരത്തുന്നത്...?

സത്യം, ചെയ്യുന്നത് എന്താണെന്ന് നീ അറിയുന്നില്ല. മാടമ്പള്ളിയിലെ (മണിച്ചിത്രത്താഴ് സിനിമ) ഗംഗയെ പോലെയാണ് നമ്മള്‍. നാം ചെയ്യുന്നത് എന്താണെന്ന് നമ്മള്‍ അറിയുന്നില്ല. ഞാന്‍ ചെയ്യുന്നതിനെയെല്ലാം അത്തരമൊരു വിവേകത്തോടെ കാണാന്‍ നിനക്ക് സാധിച്ചുവെങ്കില്‍ അത് നിന്റെ വിജയമാണ്.

കുട്ടികള്‍ കാണിക്കുന്ന കുറുമ്പുകളോട് എത്രയോ സഹിഷ്ണുതയോടെയാണ് മാതാപിതാക്കളെന്ന നിലയില്‍ ഒരു കാലത്ത് നാം പെരുമാറിയിരുന്നത്. നമുക്കറിയാം തീയോ മണ്ണോ മലമോ എന്താണെന്ന് കുഞ്ഞുങ്ങള്‍ക്കറിയില്ലെന്ന്. മറ്റുള്ളവര്‍ ചെയ്യുന്ന ദ്രോഹങ്ങളെയെല്ലാം അത്തരമൊരു കണ്ണോടെ കാണാന്‍ കഴിഞ്ഞാല്‍ നാം ഒരു പരിധിവരെ വിജയിച്ചു.

ജീവിതപങ്കാളി എന്നോട് അകാരണമായി ദേഷ്യപ്പെട്ടത്, അവള്‍/അവന്‍ മറ്റെന്തോ പ്രശ്‌നം ഉള്ളില്‍ കൊണ്ടുനടക്കുന്നതുകൊണ്ടാണ്, ബി.പി. വേരിയേഷന്‍ അനുഭവപ്പെടുന്നതുകൊണ്ടാണ്/ഓഫീസിലെ ചില പ്രശ്‌നം ഉള്ളില്‍ കിടന്നു പുകയുന്നതുകൊണ്ടാണ്...

ഇങ്ങനെയൊരു ധാരണയിലെത്തിയാല്‍ പാതി സമാധാനമാവും, രണ്ടുകൂട്ടര്‍ക്കും. അതിന് പകരം ഇയാളെന്തിനാ എന്നെ ചാടിക്കടിക്കാന്‍ വരുന്നത് ഞാന്‍ വല്ലതും കാണിച്ചോയെന്നോ അയാള്‍ക്കെന്നോട് വെറുപ്പായിരിക്കും എന്നോ ചിന്തിച്ചുതുടങ്ങിയാല്‍ പ്രശ്‌നമാകും.

വലിയ മനസ്സുള്ളവര്‍ക്കും വിശാലമായ കാഴ്ചപ്പാടുകളുള്ളവര്‍ക്കുമാണ് ക്ഷമിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെ ആത്മീയമായ പ്രതിഛായയോ സാമൂഹികപ്രവര്‍ത്തനമോ പ്രശസ്തിയോ പ്രാര്‍ത്ഥനാജീവിതമോ ഒന്നും അയാള്‍ ക്ഷമിക്കാന്‍ കഴിയുന്ന വ്യക്തിയാണ് എന്നതിന്റെ തെളിവൊന്നുമല്ല.

സ്വാമിയച്ചന്‍ എന്ന ഫാ. സദാനന്ദ് സി.എം.ഐയുടെ ജീവചരിത്രം എഴുതിയ വേളയില്‍ സ്വാമിയച്ചനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും പിന്നീട് ആശയപരമായ വിയോജിപ്പുകളെ തുടര്‍ന്ന് അകന്നു പോകുകയും ചെയ്ത പ്രശസ്തയായ ഒരു സാമൂഹികപ്രവര്‍ത്തകയോട് സംസാരിക്കുന്നത് നല്ലതായിരിക്കുമെന്നും അവര്‍ക്ക് സ്വാമിയച്ചനെക്കുറിച്ച് വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിക്കാന്‍ സാധിച്ചേക്കും എന്നും പുസ്തകരചനയ്ക്ക് എന്നെ നിയോഗിച്ചവര്‍ പറയുകയുണ്ടായി. അതനുസരിച്ച് ഞാന്‍ ആ മഹതിയെ ഫോണ്‍ ചെയ്തു. സ്വയം പരിചയപ്പെടുത്തിയതിന് ശേഷം വിളിയുടെ ഉദ്ദേശ്യം പറയുകയും സ്വാമിയച്ചനുമായിട്ടുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു.

അപ്പോള്‍ യാതൊരു ദയയുമില്ലാതെ ആ മഹതി പറഞ്ഞ മറുപടി ഇതായിരുന്നു 'എനിക്ക് സംസാരിക്കാന്‍ താല്പര്യമില്ല, സമയവുമില്ല, എന്റെ പശു പ്രസവിക്കാറായി നില്ക്കുകയാണ് ഞാന്‍ അവിടേയ്ക്ക് പോകട്ടെ.' പറഞ്ഞതും ഫോണ്‍ കട്ട് ചെയ്തതും ഒരുമിച്ചായിരുന്നു. സ്വാമിയച്ചനോടുള്ള വിയോജിപ്പ് എന്തുമായിരുന്നു കൊള്ളട്ടെ, മരിച്ചുപോയ അദ്ദേഹത്തെക്കുറിച്ച് ഒരു നല്ലവാക്കെങ്കിലും പറയാന്‍ കഴിയാത്ത വിധത്തില്‍ അവര്‍ അദ്ദേഹത്തോട് മരണത്തിന് ശേഷവും അകല്‍ച്ച വച്ചുപുലര്‍ത്തുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഏതോ ഒരു സംഭവം ഇരുവര്‍ക്കുമിടയില്‍ അകലം വരുത്തുകയും അതിനോട് അവര്‍ക്ക് ക്ഷമിക്കാന്‍ കഴിയാതെ വരികയും ചെയ്തിരിക്കുന്നു.

നാം വൈദികനോ സന്യാസിനിയോ മെത്രാനോ അല്മായനോ പ്രശസ്തനോ പണ്ഡിതനോ ആരുമായിക്കൊള്ളട്ടെ, ആരോടെങ്കിലും ഇനിയും പൂര്‍ണ്ണമായും ക്ഷമിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ വലുപ്പക്കുറവിനെയാണ് അനാവരണം ചെയ്യുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് കിട്ടിയ ചവിട്ടിന്റെ അപമാനവും സങ്കടവും ഇന്നും ഞാന്‍ കൊണ്ടുനടക്കുന്നുണ്ടെങ്കില്‍, ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ എന്റെ മനസ്സ് അത്രത്തോളം ചെറുത് എന്നു തന്നെയാണ് അര്‍ത്ഥം.

ഞാന്‍ തെറ്റുകാരനല്ല എന്നതു കൊണ്ടു മാത്രമല്ല, ആ യാത്രകൊണ്ട് എനിക്ക് പ്രത്യേകിച്ചൊരു നന്മയും ഉണ്ടായിട്ടില്ല എന്നതുകൊണ്ടു കൂടിയാവാം ഞാന്‍ അത് മറക്കാത്തത്. അതേ സമയം ആ യാത്ര കൊണ്ട് ചവിട്ടു കിട്ടി എന്നാല്‍ പ്രയോജനവും കിട്ടിയിരുന്നുവെങ്കില്‍ എന്റെ മനോഭാവം മറ്റൊരു രീതിയിലാവുമായിരുന്നു.

വ്യക്തിപരമായ മറ്റൊരു അനുഭവം കൂടി പറയാം. പ്രശസ്തമായ ആ സ്ഥാപനത്തില്‍ നിന്ന് എന്നെ മോഹനവാഗ്ദാനങ്ങള്‍ നല്കിക്കൊണ്ടു തന്നെയാണ് അപ്പോള്‍ മാത്രം തുടങ്ങിയതും ആരും അറിഞ്ഞുതുടങ്ങിയിട്ടില്ലാത്തതുമായ ആ സ്ഥാപനത്തിലേക്ക് അദ്ദേഹം വിളിച്ചുകൊണ്ടുപോയത്. എന്റെ മക്കള്‍ പട്ടിണി കിടന്നാല്‍ പോലും ഞാന്‍ പട്ടിണിക്കിടില്ല എന്ന ഉറപ്പിനപ്പുറം എന്താണ് ഒരു വ്യക്തിയെ വിശ്വസിക്കുക? മാത്രവുമല്ല ആളുകളെ ഇപ്പോഴെന്നതിനെക്കാളേറെ അന്ധമായി വിശ്വസിക്കുന്ന ഒരു സ്വഭാവക്കാരന്‍ കൂടിയായിരുന്നു അന്ന് ഞാന്‍.

പക്ഷേ ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം സ്ഥാപനം അടച്ചുപൂട്ടിയപ്പോള്‍ നഷ്ടപ്പെട്ടത് മുഴുവന്‍ എനിക്ക് മാത്രമായിരുന്നു, മുങ്ങാറായ കപ്പല്‍ എന്ന് തിരിച്ചറിഞ്ഞ് എനിക്കൊപ്പമുണ്ടായിരുന്നവര്‍ എല്ലാവരും മറ്റ് ചില പിടിവള്ളികളില്‍ പിടിച്ചുകയറിയിരുന്നു. തുഴയാന്‍ അറിയാത്ത ഞാന്‍ മാത്രം നടുക്കടലിലും...

അപ്പോഴേയ്ക്കും ഒരുപാട് ബാധ്യതകള്‍ തലയിലേറ്റുകയും ചെയ്തിരുന്നു. ഒരാള്‍ പോലും ആശ്വസിപ്പിക്കാനും സഹായിക്കാനുമില്ലാതെ ശരിക്കും ജീവിതത്തിന്റെ ദുഃഖവെള്ളിയെന്തെന്ന് അറിഞ്ഞത് അന്നായിരുന്നു. ഒറ്റുകൊടുത്തവരും ചതിച്ചവരുമായിരുന്നു ചുറ്റിനും. എന്നും ഒപ്പമുണ്ടായിരിക്കുമെന്ന് കരുതിയ ചങ്ങാതി പോലും മൂന്നുവട്ടം കോഴികൂവുന്നതിന് മുമ്പ് തള്ളിപ്പറഞ്ഞിരുന്നു. എത്രയാണ് കരഞ്ഞതെന്നും ഇതിനെല്ലാം കാരണക്കാരനായ വ്യക്തിയെ എന്തുമാത്രമാണ് ശപിക്കുകയും വെറുക്കുകയും ചെയ്തതെന്നും ഇന്നും അറിയില്ല.

പക്ഷേ ആ അനുഭവങ്ങളെല്ലാം ജീവിതത്തിലെ നന്മയായി മാറുകയായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന എല്ലാവിധത്തിലുമുള്ള സ്വാതന്ത്ര്യത്തിനും കാരണക്കാരന്‍ അദ്ദേഹമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

അദ്ദേഹം എന്നെ വിളിച്ചിറക്കിക്കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍, സ്ഥാപനം അടച്ചുപൂട്ടിയില്ലായിരുന്നുവെങ്കില്‍, എന്റെ ജീവിതത്തിന് പ്രത്യേകമായി ഒന്നും സംഭവിക്കുമായിരുന്നില്ല. സാധാരണപോലെയുളള ജീവിതവുമായി ഞാന്‍ കഴിഞ്ഞുകൂടുമായിരുന്നു.

പക്ഷേ പുതിയ സാധ്യതകളെ തേടിപ്പോകാനും പ്രതിബന്ധങ്ങളെ നേരിടാനും എനിക്ക് കാരണമായത് ഈ സംഭവങ്ങളൊക്കെ തന്നെയാണ്. അതുകൊണ്ട് തളര്‍ത്തിയെങ്കിലും എന്നെ, അറിയാതെ വളര്‍ത്തിയ ആ വ്യക്തിയോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. സത്യമായും ഞാന്‍ അദ്ദേഹത്തെ നന്ദിയോടെയാണ് ഓര്‍മ്മിക്കുന്നത്. വല്ലാത്ത സ്‌നേഹത്തോടെയാണ് എന്റെ ഓര്‍മ്മകളും. ക്ഷമിക്കേണ്ട കാര്യം പോലും എനിക്ക് അദ്ദേഹത്തോട് ഇല്ല. കാരണം അദ്ദേഹം ദ്രോഹമായിട്ടൊന്നും എന്നോട് ചെയ്തിട്ടില്ല. ചെയ്തു തന്നവ ദ്രോഹകരമായിരുന്നുവെങ്കിലും അവയെല്ലാം എനിക്ക് നന്മയായിട്ടാണ് ഭവിച്ചത്. മറ്റുള്ളവര്‍ ചെയ്യുന്ന അനീതിയും അക്രമവും പോലും ദൈവം നന്മയായി മാറ്റും. ഒരു സംഘം ആളുകളുടെ ഉപജാപ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ക്രിസ്തു കുരിശിലേറിയതെങ്കില്‍ ആ കുരിശുമരണമാണ് അവിടുത്തേക്ക് ഉയിര്‍പ്പ് നല്കിയത്. നന്മകള്‍ക്ക് കാരണക്കാരായ ദ്രോഹം ചെയ്തവരോട് കാലുഷ്യം വേണ്ടേ വേണ്ട.

ഒരാളോട് ക്ഷമിക്കുമ്പോള്‍ ആ വ്യക്തിക്ക് അതുകൊണ്ട് പ്രത്യേകിച്ച് നന്മയൊന്നും ഉണ്ടാകുന്നതായി എനിക്ക് തോന്നുന്നില്ല. മറിച്ച് ക്ഷമിച്ച നമുക്ക് തന്നെയാണ് ഗുണം. അവനവന്റെ ആത്മസന്തോഷത്തിനും മനസ്സുഖത്തിനും വേണ്ടിയാണ് നാം ക്ഷമിക്കേണ്ടത്. പല രോഗങ്ങളും അബോധമനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്ന നെഗറ്റീവ് വികാരങ്ങളുടെ പ്രതിഫലനമാണ്.

ക്ഷമിക്കാത്ത, ആരോടെങ്കിലുമുള്ള വെറുപ്പും വിദ്വേഷവും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് ആത്മാര്‍ത്ഥമായി സന്തോഷിക്കാനോ സ്‌നേഹിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ഒരേ കുടുംബത്തിലോ അടുത്ത ബന്ധത്തിലോ ഉള്ളവരുമായി അകല്‍ച്ച മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്.

നിന്റെ മുഖമെന്താ വാടിയിരിക്കുന്നത് എന്ന ദൈവത്തിന്റെ ചോദ്യം ഇന്ന് അവിടുന്ന് നമ്മള്‍ ഓരോരുത്തരോടും ചോദിക്കുന്നുണ്ട്. ക്ഷമിക്കാത്തതാണ് അതിന് കാരണം.

പക്ഷേ ക്ഷമിക്കുക എന്നത് മാനുഷികമായ ഒരു പ്രവൃത്തിയല്ല. ദൈവികമായ കടാക്ഷം അതിന് കൂടിയേതീരൂ. ക്രിസ്തുവിന്റെ ആ അന്ത്യമൊഴി അതാണ് വ്യക്തമാക്കുന്നത്. പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ എന്നായിരുന്നുവല്ലോ അവിടുന്ന് പറഞ്ഞത്. അതായത് അത് പിതാവിനോടുള്ള പുത്രന്റെ പ്രാര്‍ത്ഥനയായിരുന്നു. അതുകൊണ്ട് നമുക്കും ആ പ്രാര്‍ത്ഥന ഏറ്റുചൊല്ലാം.

പിതാവേ മറ്റുള്ളവര്‍ അറിഞ്ഞും അറിയാതെയും എന്നോട് ചെയ്ത ദ്രോഹങ്ങള്‍ ക്ഷമിക്കാന്‍, അവരെ സ്‌നേഹിക്കാന്‍ എനിക്ക് ശക്തി നല്കണമേ. ക്ഷമിക്കുമ്പോള്‍ സ്‌നേഹിക്കാനും സ്‌നേഹിക്കുമ്പോള്‍ സന്തോഷിക്കാനും സന്തോഷിക്കുമ്പോള്‍ ശാന്തതയോടെ ജീവിക്കാനും കഴിയുമെന്ന ഉറച്ചബോധ്യം എനിക്ക് നല്കണമേ. ആമ്മേന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org