കൊറോണ തുടങ്ങുന്നതിന് മുമ്പായിരുന്നു ഇടവകപ്പള്ളിയിലെ പോപ്പുലര്‍ മിഷന്‍ ധ്യാനം. വീടുസന്ദര്‍ശനത്തിന് എത്തിയത് ഫാ. ഉല്ലാസ് വി.സി. ആയിരുന്നു. പരിചയപ്പെട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ അത്ഭുതത്തോടെ പറഞ്ഞത് ഇങ്ങനെയായിരുന്നു.
'ഇവിടെ വന്നപ്പോള്‍ എല്ലാവരും അഭിമാനത്തോടെ പറഞ്ഞു തന്നു മിയ (ചലച്ചിത്ര താരം) ഈ ഇടവകക്കാരിയാണെന്ന്. പക്ഷേ വിനായക് നിര്‍മ്മല്‍ ഈ ഇടവകക്കാരനാണെന്ന് ആരും പറഞ്ഞില്ല കേട്ടോ.'
ആരും അങ്ങനെ പറയാത്തതില്‍ ഒരുപക്ഷേ അച്ചന് അത്ഭുതം തോന്നിയിട്ടുണ്ടാവാം. ആദ്യ സംഭവമല്ലാത്തതുകൊണ്ട് പക്ഷേ എനിക്ക് അതില്‍ അത്ഭുതമൊന്നും തോന്നിയില്ല. കാരണം മിയ അറിയപ്പെടുന്ന വ്യക്തിയാണ്. മതത്തിനും ജാതിക്കും അപ്പുറം പേരും പെരുമയുമുള്ള വ്യക്തി. എന്നാല്‍ ഞാനോ, ബോബിയച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗ്രാമത്തിന് വെളിയിലേക്ക് അറിയപ്പെടാത്ത ഒരു എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കണക്കെയും.
പറഞ്ഞാല്‍ നാലാള്‍ അറിയുന്ന വ്യക്തി തന്റെ നാട്ടുകാരനോ അയല്‍ക്കാരനോ കൂട്ടുകാരനോ ബന്ധുവോ ആണെന്ന് പറയുന്നതില്‍ വലിയ അഭിമാനം കൊള്ളുന്നവരാണ് ഓരോരുത്തരും. പേരും പ്രശസ്തിയും പണവുമുണ്ടോ ആളുകളൊക്കെ നമ്മോട് ചേര്‍ന്നു നില്ക്കാന്‍ വരും. എത്ര അകന്നു പോയ ചങ്ങാത്തവും ബന്ധങ്ങളും വണ്ടിപിടിച്ച് വരും. നമ്മുടെ ബന്ധങ്ങളും പദവികളും എല്ലാം നമുക്കെന്തു കിട്ടും എന്നതിന്റെ പേരിലാണ്. അറിയപ്പെടുന്നവരുടെ പേരില്‍ അറിയപ്പെടാനാണ് ഭൂരിപക്ഷത്തിന്റെയും താല്പര്യം.
നിനക്ക് പണമുണ്ടോ, പേരുണ്ടോ, ആരോഗ്യമുണ്ടോ, പദവിയുണ്ടോ എല്ലാവരും നിനക്ക് ചുറ്റിനും കാണും. ഇതൊന്നുമില്ലെങ്കില്‍ നീ ആരുമല്ല, നിനക്ക് ആരുമില്ല. നിന്റെ സങ്കടങ്ങളും നിന്റെ പരാജയങ്ങളും നിന്റെ വേദനകളും നീ മാത്രം ചുമന്ന് കയറേണ്ട കാല്‍വരിയാകുന്നു. ആ യാത്ര ദുഷ്‌കരമാക്കാന്‍ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമായി ആരെങ്കിലുമൊക്കെ പുറകെയും വരും.
വലിയ പ്രതീക്ഷയോടെ ജോയ്ന്‍ ചെയ്ത സ്ഥാപനം ഒരു വര്‍ഷത്തിനുള്ളില്‍ അകാലചരമം പ്രാപിച്ചപ്പോള്‍ കടന്നുപോയ അവസ്ഥകള്‍ ഇടയ്ക്കിടെ ഓര്‍മ്മവരും. ശരിക്കും കുരിശുയാത്ര തന്നെയായിരുന്നു. സഹായിക്കാന്‍ ആളുണ്ടായിരുന്നില്ല, കുറ്റപ്പെടുത്താനല്ലാതെ. 'നല്ലൊരു സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതിന്റെ ദൈവശിക്ഷ'യാണെന്ന് വരെ പറഞ്ഞവരില്‍ അടുത്ത ബന്ധുക്കള്‍ പോലുമുണ്ടായിരുന്നു. ഒരാള്‍ നിവര്‍ന്നുനില്ക്കുമ്പോള്‍ അയാള്‍ കരുത്തനാണ്. എന്നാല്‍ വീണുപോകുമ്പോഴോ.. പിടിച്ചെണീല്പിക്കാന്‍ പോലും ആരുമുണ്ടാവില്ല.
തരക്കേടില്ലാത്ത രീതിയില്‍ ജീവിച്ചുപോകുമ്പോള്‍, ആര്‍ക്കും ബാധ്യതയാകാത്തപ്പോള്‍ എല്ലാവരും അയാളുടെ ഭാഗത്തുണ്ട്. പക്ഷേ എങ്ങനെയെങ്കിലും ഒരു തട്ടുകേട് സംഭവിച്ചാലോ? ഒരു പട്ടിയും തിരിഞ്ഞുനോക്കാന്‍ വരില്ല. സംശയമെന്ത്. രക്തബന്ധങ്ങള്‍ മുതല്‍ ജീവിതപങ്കാളി വരെ.
ഓശാന ഞായര്‍ നമുക്കൊരു പാഠമാണ്. ജെറുസലേം നഗരവീഥിയെ ശബ്ദായമാനവും വര്‍ണ്ണ ശബളവുമാക്കിയ ആ ഓശാന ഞായര്‍ നോക്കൂ. ഇഹലോകത്തിന്റെ രാജാവായി അവന്‍ അധികാരം കയ്യാളും. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന അധികാരവാഴ്ചയില്‍ ക്രിസ്തു രാജാവാകും. അതില്‍ തങ്ങളും പങ്കാളികളാകും. അങ്ങനെയൊക്കെയായിരുന്നു അവരുടെ ധാരണ.
അവന്റെ രാജത്വം ഐഹികമല്ലെന്ന് മനസ്സിലാക്കാത്ത അവര്‍ അധികാരം പങ്കുവയ്ക്കുമ്പോള്‍ ഓരോ സ്ഥാനങ്ങളും മോഹിച്ചു. അതിന്റെ പ്രകടനമായിരുന്നു അത്. ജയ് വിളികള്‍... സ്തുതിഗീതങ്ങള്‍...
എന്നാല്‍ ഒരു വെള്ളിയാഴ്ച അവന്‍ റോമന്‍ പട്ടാളക്കാരുടെ ചാട്ടവാറടിയേറ്റും ക്രൂശിക്കപ്പെട്ടും തെരുവീഥികളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് മനസ്സിലായി തങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന്. സ്വയം രക്ഷിക്കാന്‍ കഴിയാത്തവന്‍ എങ്ങനെയാണ് മറ്റുള്ളവരെ രക്ഷിക്കുന്നത്? അവനെ ചുമന്നു നടന്നിട്ട് എന്തുകിട്ടാനാണ്? ക്രിസ്തുവിനൊപ്പം മരിക്കാന്‍ സന്നദ്ധരാണെന്ന് വീമ്പിളക്കിയവര്‍ പോലും അവനെ വിട്ട് ഓടിപ്പോകുന്നത് നാം കാണുന്നു.
റിസ്‌ക്ക് എടുക്കാന്‍ ആരും തയ്യാറല്ല. അന്നും ഇന്നും. കെണിയില്‍ പെടുത്തിയാണെങ്കിലും വീണുപോയവന്‍ ഇരയാണ്. ഇരയ്‌ക്കൊപ്പം നില്ക്കുന്നതിനെക്കാള്‍ സുരക്ഷിതം വേട്ടക്കാരനൊപ്പം നില്ക്കുന്നതാണ്.
ലാഭവും നേട്ടവും നോക്കിയാണ് ഒട്ടുമിക്ക മനുഷ്യരും ബന്ധം സ്ഥാപിക്കുന്നത്. പ്രമുഖ മാധ്യമ സ്ഥാപനത്തില്‍നിന്ന് ജോലി രാജിവച്ചുപോകുമ്പോള്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തിയിരുന്ന ചില റിപ്പോര്‍ട്ടേഴ്‌സിനോട് ഇക്കാര്യം പറഞ്ഞ് ഫോണ്‍ ചെയ്തിരുന്നു. അതില്‍ ഒരാളോട് സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. 'ഇവിടെ നിന്ന് പോയാലും ഇടയ്ക്ക് വിളിക്കണം കേട്ടോ..' ഉടനെ വന്നു മറുപടി. 'ഇനി ഞാനെന്തിനാ വിളിക്കുന്നെ. ഇനി നിനക്ക് എന്റെ വാര്‍ത്തയൊന്നും പ ബ്ലിഷ് ചെയ്യാന്‍ കഴിയില്ലല്ലോ. നീ അവിടെ നിന്ന് പോകുവല്ലേ?'
സത്യത്തില്‍ വല്ലാത്തൊരു നടുക്കമാണ് തോന്നിയത്. വാര്‍ത്തകള്‍ പബ്ലീഷ് ചെയ്യുന്ന ഒരു എഡിറ്റര്‍ മാത്രമായിട്ടാണ് അദ്ദേഹം എന്നെ പരിഗണിച്ചിരുന്നതെന്നും അതിനപ്പുറം എന്നോട് യാതൊരു വിധ അടുപ്പവും അദ്ദേഹം പുലര്‍ത്തിയിരുന്നില്ലെന്നും. അക്കാലത്ത് സ്ഥിരമായിട്ടെന്നോണം ബന്ധപ്പെട്ടിരുന്ന ചില വൈദികരും മറ്റ് ചില എഴുത്തുകാരുമുണ്ടായിരുന്നു. ചാനലില്‍ പ്രഭാഷണത്തിന് അവസരം ക്രമീകരിക്കുന്നതിനും പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിക്കുന്നതിനും മാത്രമായിട്ടായിരുന്നു അവരുടെ സൗഹൃദങ്ങളെന്ന് അവരില്‍ ഒരാള്‍ പോലും അതിന് ശേഷം വിളിക്കാതിരുന്നപ്പോള്‍ മനസ്സിലായി.
അണികളും കാഴ്ചക്കാരും വ്യത്യസ്തരാണ്. അണികള്‍ പിന്നിലുള്ളവരാണ്. ആശയങ്ങളുടെ അനുകര്‍ത്താക്കളാണ്. കാഴ്ചക്കാര്‍ കളി കാണുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരു റിസ്‌ക്കുമില്ല. കളിക്കുന്നതു മുഴുവന്‍ കളിക്കാര്‍. ഓശാനഞായറിലെയും ദുഃഖവെള്ളിയിലെയും ആളുകളുടെ കാര്യം ഇതാണ് വ്യക്തമാക്കുന്നത്.
മധുവിധു നാളുകള്‍ ഓശാന ഞായറുകള്‍ പോലെയാണ്. വിരുന്നുകളും യാത്രകളും മധുരം പുരട്ടിയ വാക്കുകളും. പങ്കാളിയിലെ നന്മ മാത്രം കാണുന്ന ദിനങ്ങള്‍. കറിക്ക് എരിവു കൂടിയാലോ കുറഞ്ഞാലോ 'ഓ സാരമില്ല' എന്ന മട്ടില്‍ ആശ്വസിപ്പിക്കും. പക്ഷേ ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ കഴിയുമ്പോഴോ. കുറ്റപ്പെടുത്തല്‍ ആരംഭിക്കും. അതാവട്ടെ സഹിക്കാന്‍ കഴിയുകയുമില്ല. എത്ര പെട്ടെന്നാണ് ദമ്പതികള്‍ ദുഃഖവെള്ളിയിലേക്ക് പ്രവേശിക്കുന്നത്. പരസ്പരം കുറ്റപ്പെടുത്തലുകള്‍. പഴിചാരലുകള്‍. കല്ലേറുകള്‍. ക്രൂശിക്കലുകള്‍.
ദാമ്പത്യജീവിതം പ്രശ്‌നരഹിതമായി കടന്നുപോകുമ്പോള്‍ ഓശാനഞായറിലെ പോലെ ആളുകള്‍ പിന്നാലെ വരും. 'ഞാന്‍ കൊണ്ടുവന്ന ആലോചനയാ..' 'എന്റെ സെലക്ഷന്‍ മോശമായില്ല' എന്നിങ്ങനെയുളള മട്ടില്‍.
എന്നാല്‍ എവിടെയെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാകുമ്പോഴോ. 'നീയാ കാരണം.' 'നീ ശരിയല്ല. നിന്റെ ഇഷ്ടപ്രകാരം നടത്തിയതല്ലേ അനുഭവിച്ചോ.' ഇതാണ് അവരുടെ മട്ട്.
ചെറിയ പ്രായത്തില്‍ മക്കള്‍ക്ക് മാതാപിതാക്കള്‍ എത്രയോ അത്യാവശ്യമാണ്. മാതാപിതാക്കളെ വിട്ടൊരു ദിവസം പോലും നില്ക്കാന്‍ കഴിയാത്തത്ര വിധത്തില്‍ അവര്‍ അടുപ്പം പുലര്‍ത്തുന്നു. ഹോ മക്കള്‍ക്ക് എന്തൊരു സ്‌നേഹം എന്ന് മാതാപിതാക്കള്‍ കരുതും. പക്ഷേ ഒരു നിശ്ചിതഘട്ടം കഴിയുമ്പോഴോ? ഏറ്റവും അധികമായി ആശ്രയിച്ചിരുന്ന മാതാപിതാക്കള്‍ ബാധ്യതകളായി മാറുന്നു.
അധികാരമുളള പോലീസിനെ കാണുമ്പോള്‍ അറിയാതെ ഒരു ബഹുമാനം രൂപപ്പെടും. പക്ഷേ റിട്ടയര്‍ ചെയ്തു കഴിയുമ്പോഴോ? ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന സെലിബ്രിറ്റികളുടെ പില്ക്കാല അവസ്ഥയും സമാനം തന്നെ. സ്ഥാനങ്ങളും പദവികളും യോഗ്യതകളും അടിസ്ഥാനമാക്കി സ്‌നേഹബന്ധം സ്ഥാപിക്കുന്നവര്‍ അതൊന്നും ഇല്ലാതെ വരുമ്പോള്‍ പുറങ്കുപ്പായങ്ങള്‍ പോലും ഉപേക്ഷിച്ച് ഓടിപ്പോകും.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഓടിയെത്തുന്ന, നന്മ നിറഞ്ഞവര്‍ ഇല്ല എന്നല്ല പറയുന്നത്, സഹായിക്കാനായി ആരും ഇല്ല എന്നുമല്ല പറയുന്നത്. പക്ഷേ അത് വളരെ കുറവാണ്. വളരെ, വളരെ കുറവ്. കുരിശിന്റെ ചുവട്ടില്‍നിന്ന യോ ഹന്നാനെയും മറിയത്തെയും പോലെ അപൂര്‍വ്വം ചിലര്‍.
ഏറെ പ്രശംസകളും സ്തുതികളും മുഴങ്ങുന്ന ഓശാനഞായറിലൂടെ കടന്നുപോകുമ്പോഴും അതൊന്നും ഇല്ലാതെയാവുന്ന ഒരു ദുഃഖവെള്ളിയെക്കുറിച്ചു കൂടി നാം ധ്യാനിക്കണം. കാരണം കയ്യെത്തും ദൂരത്ത് ആ ദിനം കാത്തുനില്ക്കുന്നുണ്ട്. അത്തരമൊരു ചിന്തയുള്ളവരാണ് ഓശാന ഞായറില്‍ മതിമറക്കാത്തതും ദുഃഖവെള്ളിയില്‍ വാടിപ്പോകാത്തതും. എവിടെയോ വായിച്ചിട്ടുണ്ട് മറ്റുള്ളവരുടെ പ്രശംസയ്ക്കു വേണ്ടി ജീവിക്കുന്നവരാണ് അവരുടെ തന്നെ തിരസ്‌ക്കരണം കൊണ്ട് ആത്മഹത്യ ചെയ്യുന്നതെന്ന്.
ഒന്നും ശാശ്വതമല്ല, ഒരാളുടെയും വാക്ക് നിലനില്ക്കുന്നില്ല, ദൈവം നല്കിയ ആശ്വാസമല്ലാതെ മറ്റൊരു ആശ്വാസവും നമുക്ക് ബലമേകുകയില്ല. ആചാരങ്ങളി ലോ അനുഷ്ഠാനങ്ങളിലോ അല്ല ദൈവത്തില്‍ നിങ്ങള്‍ക്ക് എന്തുമാത്രം ജീവിതത്തിലെ ഓശാനകളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. അതുപോലെ ദുഃഖവെള്ളികളില്‍ നിങ്ങള്‍ക്ക് എത്രത്തോളം ദൈവത്തില്‍ ആശ്രയത്വം കണ്ടെത്താന്‍ കഴിയുന്നു?