വിഭൂതി

[നോമ്പുകാലചിന്തകള്‍ : 01]
വിഭൂതി
നോമ്പുകാലം കുരിശെന്ന വേദപുസ്തകം ധ്യാനിച്ച് ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുന്ന ദിനങ്ങള്‍. വിഭൂതി തിരുനാളാണ് തുടക്കം. ആരാധനക്രമ വത്സരത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ ചടങ്ങ് നടക്കുന്നത് വിഭൂതിത്തിരുനാളിനാണ്. ശിരസ്സില്‍ ഒരുനുള്ള് ഭസ്മം പൂശി വൈദീകന്‍ നമ്മോട് മന്ത്രിക്കുന്നു - നീ പൊടിയാണ്. ഇതു തന്നെയാണ് നമ്മുടെ അന്ത്യയാത്രയിലും നമുക്കു ലഭിക്കുന്ന ആശംസ - 'നീ പൊടിയാണ്.' പൊടിയിലേക്കു മടങ്ങേണ്ടവനും. അവിടെ നമുക്കൊരു തിരിച്ചു വരവില്ല. എല്ലാ സാധ്യതകളും അവസാനിപ്പിച്ച് തിരികെ മടങ്ങുകയാണ്. വിഭൂതിയില്‍ അങ്ങനെയല്ല. നീ പൊടിയാണെന്ന ഓര്‍മ്മയില്‍ മുന്നോട്ടു ജീവിക്കുക എന്നാണാശംസിക്കുന്നത്. അതൊരു ഭാഗ്യമാണ്. എല്ലാം പുതുതായി തുടങ്ങാന്‍ ഒരു ഊഴം കൂടി ലഭിച്ചിരിക്കുകയാണ്.

മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ വെളിപാട് ലോകജീവിതം ഒരു പരദേശവാസമാണെന്നും ശരീരമെന്നത് ഒരു താത്കാലിക കൂടാരമാണെന്നുമുള്ള തിരിച്ചറിവാണ്. എത്രയോ വ്യര്‍ത്ഥകാര്യങ്ങള്‍ക്കു പുറകെയാണ് താന്‍ അലഞ്ഞുകൊണ്ടിരുന്നത് എന്നയാള്‍ അപ്പോള്‍ തിരിച്ചറിയുന്നു.

തന്റെ ആത്മകഥയ്ക്ക് Chronicles of wasted time (പാഴാക്കിയ സമയത്തിന്റെ ദിനവൃത്താന്തം) എന്നു പേരിട്ട ഒരു എഴുത്തുകാരനുണ്ട്. പ്രസിദ്ധ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായിരുന്ന മാല്‍ക്കം മഗെരിഡ്ജ്. ഇന്ത്യയില്‍ കുറച്ചുനാള്‍ ഉണ്ടായിരുന്നു. മദര്‍ തെരേസായെക്കുറിച്ച് ഒരു ടി വി ഡോക്യുമെന്ററി ചെയ്യാനെത്തിയതാണ്. പിന്നീട് ആ അഭിമുഖം ആധാരമാക്കി രചിച്ചതാണ് something beautiful for God എന്ന ഗ്രന്ഥം. ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം പിന്നീട് ക്രിസ്തുവിലേക്ക് ആകൃഷ്ടനാവുകയായിരുന്നു. ആത്മകഥ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1990-ല്‍ 87-ാം വയസ്സില്‍ അദ്ദേഹം കടന്നുപോയി.

ഷേക്‌സ്പിയറില്‍ നിന്ന് കടംകൊണ്ടതാണ് ഈ ശീര്‍ഷകം. തന്നെത്തന്നെ ആവിഷ്‌കരിക്കാന്‍ ഇതിലും ഉചിതമായ ഒരു പേര് കണ്ടെത്താന്‍ മഗെരിഡ്ജിന് കഴിഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തിന്റെ സന്ധ്യയില്‍ നിന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പലതും വേണ്ടിയിരുന്നില്ലെന്ന്, പാഴ്‌വേലകളായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിയുകയാണ്. ചെറുതോ വലുതോ ആകട്ടെ, ജീവിതത്തിലെ ഓരോ അനുഭവവും ദൈവം നമ്മോടു പറയുന്ന ഉപമകളാണെന്നും അതിന്റെ പൊരുള്‍ കണ്ടെത്തുകയാണ് ജീവിതത്തിന്റെ 'കല' എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

നോമ്പുകാലം ഒരു കണക്കെടുപ്പിന്റെ സമയമാണ്. പുറകോട്ടു തിരിഞ്ഞൊരു കണക്കെടുപ്പു നടത്തുമ്പോള്‍ കഥയില്ലാത്ത എത്രയോ കാര്യങ്ങള്‍ക്കുവേണ്ടിയാണ് നമ്മള്‍ അലഞ്ഞുകൊണ്ടിരുന്നത് എന്നൊരു കുറ്റബോധം അലട്ടാത്തവരുണ്ടാകുമോ? ഒടുവില്‍ എത്തിച്ചേരേണ്ട ഇടത്തെക്കുറിച്ച് തീരെ ഓര്‍മ്മയില്ലാതെ നമ്മളങ്ങനെ ജീവിക്കുകയാണ്. യേശു സങ്കടപ്പെടുന്നതുപോലെ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും അങ്ങനെ...യങ്ങനെ... ഏര്‍പ്പെട്ട കാര്യങ്ങളില്‍ നിത്യതയില്‍ നമ്മെ സഹായിക്കുന്നവ എന്തുമാത്രമുണ്ട്? പൗലോശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നതുപോലെ എല്ലാം അനുവദനീയമായിരിക്കാം. എന്നാല്‍, പ്രയോജനകരമാണോ എന്നാണു പരിശോധിക്കേണ്ടത്.

ഒരിക്കല്‍ മിടുക്കനായ ഒരു നിയമ വിദ്യാര്‍ത്ഥി വിശുദ്ധ ഫിലിപ്പ്‌നേരിയെ സമീപിച്ചു. താനൊരു വക്കീലായി പ്രവര്‍ത്തിക്കാന്‍ പോകുന്ന കാലത്തെക്കുറിച്ച് ആ ചെറുപ്പക്കാരന്‍ വാചാലനായി. ഫിലിപ്പ്‌നേരി ചോദിച്ചു: എന്നിട്ടോ? ഞാനൊത്തിരി പണം സമ്പാദിക്കും. അതിനുശേഷമോ? ചെറുപ്പക്കാരന്‍ തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഫിലിപ്പ് ചോദ്യം നിര്‍ത്തിയില്ല. ഒടുവിലവന്റെ ആവേശം തണുത്തു. പിന്നെ നിശ്ശബ്ദനായി. ആ സംഭാഷണം അവനെ പുതിയ മനുഷ്യനാക്കി. ജീവിതത്തോടുള്ള ആര്‍ത്തി അവസാനിച്ച അവന്‍ ഒന്നും സ്വന്തമില്ലാത്ത ക്രിസ്തുവിനെ അനുഗമിച്ചു.

ഓരോരോ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സ്വയം ചോദിക്കാന്‍ മറക്കരുത്: What is next?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org