കിണറിന്റെ ദാഹം

പറഞ്ഞൊഴിയാത്ത മൊഴികള്‍-05
കിണറിന്റെ ദാഹം
എല്ലാ ദാഹവും ശമിപ്പിക്കുന്ന ജീവ ജലത്തിന്റെ ഉറവയെന്നു സ്വയം വിശേഷിപ്പിച്ചവന്‍തന്നെ ദാഹാര്‍ത്തനായിപ്പോകുന്നതിന്റെ പുറകിലെ പൊരുളെന്താണ്?

മൊഴി: 'എനിക്കു ദാഹിക്കുന്നു'

(യോഹ. 19:28).

ക്രൂശിതനായ യേശുവിന്റെ അന്ത്യമൊഴികളില്‍ അവിടുത്തെ മാനുഷികഭാവവും വികാരവും ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന മൊഴി. യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ അന്ത്യമൊഴി യേശു ജീവജലത്തെക്കുറിച്ചു വാചാലമാകുന്ന യോഹന്നാന്റെ സുവിശേഷത്തിന്റെ ചിന്താധാരയോട് ചേര്‍ന്നുപോകുന്ന ഒന്നാണ്. 'എനിക്കു ദാഹിക്കുന്നു' എന്ന രണ്ടേ രണ്ടു ചെറിയ വാക്കുകള്‍കൊണ്ട് അവര്‍ണ്ണനീയമായ അര്‍ത്ഥതലങ്ങളിലേക്കാണ് നാം കൂട്ടിക്കൊണ്ടു പോകപ്പെടുന്നത്. എല്ലാ ദാഹവും ശമിപ്പിക്കുന്ന ജീവജലത്തിന്റെ ഉറവയെന്നു സ്വയം വിശേഷിപ്പിച്ചവന്‍ തന്നെ ദാഹാര്‍ത്തനായിപ്പോകുന്നതിന്റെ പുറകിലെ പൊരുളെന്താണ്?

ഏതൊരു സാധാരണ മനുഷ്യനെയും പോലെ യേശുവിനു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുണ്ട്, സുവിശേഷങ്ങളിലുടനീളം. ഇടയ്‌ക്കൊക്കെ ആ വിശപ്പടക്കാനും ദാഹമകറ്റാനും പരിശ്രമിക്കുന്ന അവിടുത്തെ നാം കണ്ടു മുട്ടുകയും ചെയ്യുന്നു. ചമ്മട്ടിയടിയേല്‍ക്കുകയും മുള്‍മുടി ധരിപ്പിക്കപ്പെടുകയും ഭാരമേറിയ കുരിശുമായി പലപ്രാവശ്യം വീഴുകയും ഒടുവില്‍ കൈകാലുകള്‍ കുരിശോടുചേര്‍ത്തു ആണിയടിക്കപ്പെടുകയും ചെയ്തവനു ദാഹിച്ചു എന്നതില്‍ അതിശയോക്തിയില്ല. 'അണ്ണാക്ക് ഓടിന്റെ കഷണം പോലെ വരണ്ടു...' എന്ന സങ്കീര്‍ത്തനത്തിന്റെ ആരംഭം ഉരുവിട്ടു നില വിളിച്ചവന്‍ എനിക്കു ദാഹിക്കുന്നു എന്നു പറയാതിരുന്നാലല്ലേ അതില്‍ അസ്വാഭാവികതയുള്ളൂ. താന്‍ എല്ലാത്തരത്തിലും മനുഷ്യനാണ് എന്ന് തന്റെ മരണനേരത്തുപോലും യേശു പറയാതെ പറയുമ്പോള്‍ യോഹന്നാന്‍ സുവിശേഷകനൊരു ദൈവശാസ്ത്ര ലക്ഷ്യം കൂടിയുണ്ട്. യേശുക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയെ തിരസ്‌കരിച്ച ജ്ഞാനവാദത്തിന്റെ (Gnosticism) പശ്ചാത്തലത്തിലാണ് ഈ സുവിശേഷം എഴുതപ്പെട്ടത് എന്നതുകൊണ്ടുതന്നെ യേശുക്രിസ്തുവിനെ കരയുകയും ചിരിക്കുകയും വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന മനുഷ്യനായി ചിത്രീകരിക്കാന്‍ യോഹന്നാന്‍ ശ്രമിച്ചിട്ടുണ്ട്. അവന്റെ കുരിശിലെ ദാഹത്തെ ഈയൊരു പശ്ചാത്തലത്തില്‍ കാണുമ്പോള്‍ അതു കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

യോഹന്നാന്റെ സുവിശേഷത്തില്‍ സമരിയക്കാരിയും യേശുവുമായുള്ള സുദീര്‍ഘമായ സം ഭാഷണങ്ങള്‍ക്കൊടുവില്‍ 'ഞാന്‍ നല്‍കുന്ന ജലം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല' എന്നും കൂടാരത്തിരുന്നാളിന്റെ മഹാ ദിനത്തില്‍ 'ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അയാള്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ' എന്നും പറഞ്ഞവന്‍ ദാഹിച്ചു വലയുന്നത് ഒരുവേള നമ്മളെ സ്തബ്ധരാക്കിയേക്കാം. 'എനിക്കു ദാഹിക്കുന്നു' എന്ന യേശുവിന്റെ വാക്കുകള്‍ തിരുവെഴുത്തുകളുടെ പൂര്‍ത്തീ കരണത്തിനാണെന്നു സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'ഭക്ഷണമായി അവര്‍ എനിക്കു വിഷം തന്നു. ദാഹത്തിന് അവര്‍ എനിക്ക് വിനാഗിരി തന്നു' എന്ന സങ്കീര്‍ത്തന (69:21) ഭാഗമാണ് ഇവിടെ വിവക്ഷയെന്നു കാണാം. ദുരിതക്കയത്തിലാണ്ടു പോയവന്‍ വിമോചനത്തിനായി കേഴുന്ന ഈ സങ്കീര്‍ത്തനഭാഗം ആരംഭിക്കുന്നത് തന്നെ കഴുത്തോളം വെള്ളത്താല്‍ ചുറ്റപ്പെട്ടവന്റെ വിലാപത്തോടെയാണ്. ആഴമുള്ള വെള്ളത്തില്‍ താണുപോകുമ്പോഴും തൊണ്ട വരണ്ടുപോകുന്ന ദുരവസ്ഥയിലാണയാള്‍. പിതാവ് ഭരമേല്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയവന്‍ 'എനിക്ക് ദാഹിക്കുന്നു' എന്ന് പറഞ്ഞു കേണത് അതുകൊണ്ടുതന്നെ വെള്ളത്തിനുവേണ്ടി മാത്രം ദാഹിച്ചിട്ടല്ല എന്ന് വ്യക്തം. അന്ധതയും ക്രൂരതയും ഹൃദയകാഠിന്യവും ബാധിച്ചവരാല്‍ വലയം ചെയ്യപ്പെട്ടവന്റെ നൊമ്പരമാണിത്. ജീവജലത്തിലേക്കു മനുഷ്യരെ നയിക്കാന്‍ പരിശ്രമിച്ചപ്പോള്‍ തിരസ്‌കരണവും നിസ്സംഗതയും തെറ്റിദ്ധാരണയും പ്രതിഫലമായി ലഭിച്ചവന്‍ തിരുവെഴുത്തുകള്‍ നിറവേറാന്‍ വേണ്ടി 'എനിക്കു ദാഹിക്കുന്നു' എന്ന് സ്വരമുയര്‍ത്തുമ്പോള്‍ അതിന്റെ പുറകില്‍ ഈയൊരു വേദനയുടെ നിഴലുണ്ട്.

യേശുവിന്റെ കുരിശിലെ ദാഹം നമ്മില്‍ ഒരുപാടു ചിന്തകളും ചോദ്യങ്ങളുമുയര്‍ത്തുന്നു. മരു ഭൂമിയില്‍ വലഞ്ഞ ഹാഗാറിനും കുഞ്ഞിനും പിന്നീട് ഇസ്രായേലിനും ഏലിയായുടെ കാലത്തു പ്ര വാചകര്‍ക്കും ദാഹജലം കൊടുത്ത ദൈവം സ്വപുത്രന്റെ ദാഹത്തിന് എന്തിന് ഇടവരുത്തി? സഹനത്തിലൂടെ സമ്പൂര്‍ണ്ണമാകുന്ന സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്താനും മനുഷ്യവേദനകളോട്താന്‍ എത്രമാത്രം സ്വപുത്രനിലൂടെ താദാത്മ്യപ്പെടുന്നു എന്ന് വെളിപ്പെടുത്താനും ആയിരുന്നു ഇത് എന്നു ചിന്തിക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം? താന്‍ കുടിക്കാനിരിക്കുന്ന പാനപാത്രം പിതാവിനോട് ചോദിച്ചു വാങ്ങുന്നവന്റെ ദാഹമല്ലേയത്?

ക്രൂശിതന്റെ ദാഹം ഇന്നും തുടരുകയാണ്, ഭൂമിയിലൂടെയും മനുഷ്യരിലൂടെയും. ചിന്തയും വിവേകവുമില്ലാത്ത മനുഷ്യപ്രവൃത്തികൊണ്ടു കാടുകള്‍ തുടച്ചു നീക്കി മഴയെ ഇല്ലാതാക്കിയതും ജലാശയങ്ങള്‍ മലിനമാക്കപ്പെടുന്നതും ഭൂമിയെയും മനുഷ്യരെയും ദാഹാര്‍ത്തരാക്കുന്നു. നീരുറവകള്‍ വറ്റിയും നദീതടങ്ങള്‍ വരണ്ടും ജനസമൂഹങ്ങള്‍ വെള്ളത്തിനുവേണ്ടി ദാഹിക്കുന്നു. ക്രൂശിതന്റെ ദാഹമൊഴിയെ ധ്യാനിക്കുമ്പോള്‍ ജലത്തിനുവേണ്ടി മുറിവേറ്റ ഭൂമിയുടെ ഈ കരച്ചിലും നമ്മെ അസ്വസ്ഥരാക്കട്ടെ!

മറുമൊഴി: ക്രൂശിതനായ കര്‍ത്താവേ, നിന്നെപ്പോലെ, ഞാന്‍ കുടിക്കാനുള്ള പാനപാത്രത്തിനുവേണ്ടിയുള്ള ദാഹം എന്നില്‍ ജനിപ്പിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org