ഓര്‍മ്മ എന്ന വരപ്രസാദം

ഓര്‍മ്മ എന്ന വരപ്രസാദം

സജീവ് പാറേക്കാട്ടില്‍

1) അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു, പുറത്തേക്ക് വന്ന്, ഗുഹാമുഖത്ത് നിന്നു. അപ്പോള്‍ അവന്‍ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? – 1 രാജാക്കന്മാര്‍ 19:13

അനുഗ്രഹീതനായിരുന്നു ഏലിയാ പ്രവാചകന്‍. അതുകൊണ്ടാണല്ലോ, "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതി ഞാന്‍ അതീവതീക്ഷ്ണതയാല്‍ ജ്വലിക്കുകയാണ്" എന്ന് അദ്ദേഹത്തിന് മറുപടി നല്കാനായത്. പരമമായ മൂന്നു ചോദ്യങ്ങളാണ് ദൈവം ഇന്നും മനുഷ്യനോട് ഉന്നയിക്കുന്നത്. ആദത്തോടു ചോദിച്ച 'നീ എവിടെയാണ്?' എന്ന ചോദ്യവും; കായേനോടു ചോദിച്ച 'നിന്റെ സഹോദരന്‍ എവിടെ?' എന്ന ചോദ്യവും; ഏലിയായോടു ചോദിച്ച 'നീ ഇവിടെ എന്തു ചെയ്യുന്നു' എന്ന ചോദ്യവും ഓരോ മനുഷ്യനോടും അവിടുന്ന് ആവര്‍ത്തിക്കുന്നുണ്ട്. നോമ്പ്, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള സവിശേഷമായ സമയമാണ്. സത്യത്തില്‍ നാം ഇവിടെ എന്തു ചെയ്യുകയാണ്?

2) പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ് – തോബിത് 12:10

മനുഷ്യന്റേതല്ല ഈ വാക്കുകള്‍. ദൈവദൂതനായ റഫായേല്‍ തോബിത്തിനോടും മകന്‍ തോബിയാസിനോടുമായി പറഞ്ഞതാണ്. വിരോധി, തനിക്കു ദോഷം ചെയ്യുന്നവന്‍, തന്നെ അമര്‍ത്തുന്നവന്‍ എന്നൊക്കെയാണ് ശത്രു എന്ന പദത്തിനര്‍ത്ഥം. നടത്തദോഷമുള്ള അമ്മ, കടമുണ്ടാക്കുന്ന അച്ഛന്‍, സുന്ദരിയായ ഭാര്യ, അറിവില്ലാത്ത മകന്‍ എന്നിവയാണ് ശത്രുചതുഷ്ടയം. (ചതുഷ്ടയമെന്നാല്‍ നാലും കൂടിയത് എന്നര്‍ത്ഥം) ഇതില്‍ ഏതെങ്കിലുമൊന്ന് അനുഭവിക്കേണ്ടി വന്നാല്‍ത്തന്നെയുണ്ടാകുന്ന മനോദുഃഖം വിവരണാതീതമാണല്ലോ. എന്നാല്‍, ഇവയേക്കാളൊക്കെ ഒരുവനു ദോഷം ചെയ്യുന്നത് അവന്‍ ചെയ്യുന്ന പാപമാണ്. പാപം സ്വന്തം ആത്മീയജീവനെ കെടുതിയിലാഴ്ത്തുന്നു. 'ആത്മാവിനെ അശുദ്ധമാക്കി സ്വര്‍ഗ്ഗ ത്തെ നഷ്ടപ്പെടുത്തുന്നു.' അങ്ങനെയെങ്കില്‍ ഒരുവന്റെ ഏറ്റവും മികച്ച ശത്രു അവന്‍ തന്നെയാണ്. നോമ്പ്, തന്നോടുതന്നെ കരുണ കാണിക്കാനുള്ള സന്ദര്‍ഭമാണ്. സ്വന്തം ആത്മാവിനോടു ദയ തോന്നാനും അനുതപിച്ച് ജീവന്റെ വഴികളില്‍ വ്യാപരിക്കുവാനുമുള്ള നേരമാണ്.

3) ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക – ബാറൂക്ക് 5:1

സൗന്ദര്യം എന്ന പദത്തിന് സുന്ദരഭാവം, അഴക് എന്നൊക്കെയാണ് അര്‍ത്ഥം. സ്ത്രീകള്‍ക്ക് പാതിവ്രത്യം, തപസ്വികള്‍ക്ക് ക്ഷമ, കുയിലിന് സ്വരം, ബ്രാഹ്മണര്‍ക്ക് വിദ്യ എന്നിവയാണ് സൗന്ദര്യ ചതുഷ്ടയം. (ഭാര്യയെ ഒഴിഞ്ഞ് അന്യയെ കാംക്ഷിക്കില്ലെന്ന വ്രതം പുരുഷന്മാര്‍ക്കും അഴകാര്‍ന്ന അനിവാര്യതയാണ്.) എന്നാല്‍, ഇവയെ എല്ലാം വെല്ലുന്നതാണ് ദൈവത്തിന്റെ മഹത്വത്തിന്റെ സൗന്ദര്യം അണിയുന്ന ആത്മാവിന്റെ അഴക്. സൗന്ദര്യചികിത്സയുംസുഖചികിത്സയുമൊക്കെ ഇന്ന് വ്യാപകമാണല്ലോ. ഔഷധത്തിന്റെ പ്രഭാവത്താല്‍ വൃദ്ധന്മാര്‍ക്ക് വീണ്ടും യൗവനമുണ്ടാക്കിത്തീര്‍ക്കുന്നതിനെയാണ് കായാകല്പം എന്ന് പറയുന്നത്. നോമ്പ്, ആത്മാവിന്റെ സൗന്ദര്യസുഖ ചികിത്സകള്‍ക്കു ള്ള സമയമാണ്. പ്രാര്‍ത്ഥനയും അനുതാപവും ഉപവാസവും ദാനധര്‍മ്മവും അനുരഞ്ജനവും ദൈവഹിതാന്വേഷണവും വഴി നഷ്ടവസന്തങ്ങള്‍ വീണ്ടെടുത്ത് ആത്മാവിന് നിത്യയൗവനം ഉറപ്പാക്കേണ്ട വേളയാണ്. ദൈവത്തിന്റെ മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായണിഞ്ഞ് ക്രിസ്തു പൂത്തുലഞ്ഞത് ജ്ഞാനസ്‌നാനവേളയിലോ രൂപാന്തരീകരണത്തിലോ പാദക്ഷാളനത്തിലോ പെസഹാവിരുന്നിലോ അല്ലെന്ന് നമുക്കറിയാമല്ലോ. അത് കാല്‍വരിയിലെ മരക്കുരിശിലായിരുന്നു. അവനെ കണ്ടവര്‍ അമ്പരന്നു പോകും വിധം (ഏശയ്യാ 52:14) തീവ്രവും, മുഖം തിരിച്ചുകളയത്തക്കവിധം (53:3) ഭയജനകവുമായിരുന്നു ആ സൗന്ദര്യം. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും സഹനങ്ങളുമെല്ലാം കുരിശില്‍ വെളിവാക്കപ്പെട്ട ആ അനുപമസൗന്ദര്യത്തോട് അനുരൂപപ്പെടാനുള്ള സന്ദര്‍ഭങ്ങളാണ്.

4) എന്റെ ദൈവമേ, എന്നെ എന്നും ഓര്‍മ്മിക്കണമേ! – നെഹെമിയാ 13:31

നെഹെമിയായുടെ പുസ്ത കം അവസാനിക്കുന്നത് ഈ പ്രാര്‍ത്ഥനയോടെയാണ്. ഇതാണ് ഏറ്റവും ലളിതവും ശക്തവും, ശുദ്ധവും സുന്ദരവും, ജ്ഞാനപൂര്‍ണവും ഭക്തിസാന്ദ്രവുമായ പ്രാര്‍ത്ഥന. കര്‍മ്മവശാല്‍ കൊടുംകള്ളനായിരുന്നിട്ടും കുരിശിലെ അള്‍ത്താരയില്‍ ഒരുവന്‍ ഈ അര്‍ത്ഥന ഉയര്‍ത്തി യേശുവിന്റെ ഹൃദയവും പറുദീസയും കവരുന്നുണ്ടല്ലോ. കള്ളന്മാരും കൊള്ളക്കാരുമൊന്നുമല്ലല്ലോ നമ്മള്‍; ദിവസത്തില്‍ ഒരിക്കലെങ്കിലും നമ്മുടെ ഹൃദയം ഇപ്രകാരം ഉരുവിടുന്നു ണ്ടോ? മരണത്തിനായി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുന്ന ഒരു പിതാവ് തന്റെ മകന് നല്കുന്ന അന്തിമോപദേശങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്. "മകനേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ ഓര്‍ക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്പനകള്‍ ലംഘിക്കുകയോ അരുത്" (തോബിത് 4:5). നമ്മുടെ ഓര്‍മ്മകളില്‍ ദൈവം നിറഞ്ഞു നില്‍ക്കേണ്ടതുെണ്ടന്ന അവബോധം ഉറപ്പിക്കാനും ദൈവത്തിന്റെ ഓര്‍മ്മകളില്‍ നമ്മെ എന്നും നിലനിര്‍ത്തണേ എന്ന അര്‍ത്ഥന ആവര്‍ത്തിക്കാനുമുള്ള കാലമാണ് നോമ്പ്. ദൈവം നമുക്കുവേണ്ടി ചെയ്തവയെ കൃതജ്ഞതയോടെയും നാം ദൈവത്തിനും അപരനും വേണ്ടി ചെയ്തുകൊണ്ടിരിക്കു ന്നവയെ അനുതാപത്തോടെ യും ഓര്‍മ്മിക്കാന്‍ കഴിയുമ്പോഴാണ് ഓര്‍മ്മ തന്നെയും വരപ്രസാദത്തിനുള്ള ഉപാധിയും മാധ്യമവുമായി മാറുന്നത്. നോമ്പ് മാത്രമല്ല, ഒരു ക്രിസ്തുവിശ്വാസി എന്ന നിലയില്‍ നമ്മുടെ ജീവിതം തന്നെയും ധന്യമാകുന്നത് അപ്പോള്‍ മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org