വാക്കിലെ രഹസ്യങ്ങള്‍

വാക്കിലെ രഹസ്യങ്ങള്‍
വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പ് നമുക്ക് ചെറിയൊരു ടാസ്‌കില്‍ ഏര്‍പ്പെട്ടാലോ. ഓരോരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പറയുമ്പോഴും ബാലനായ യേശുവിനെപ്പോലെ ആയിരിക്കുക എന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ലഭിച്ചിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാവും. അതില്‍ ഒരു കാര്യം മാത്രമാണ് നമ്മുടെ ടാസ്‌കിലുള്ളത്. യേശുവിനെപ്പോലെ സംസാരിക്കാന്‍ ശ്രമിച്ചു നോക്കുക.

നോമ്പിന്റെ പാതി ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ചെറിയ ഉപേക്ഷകളിലൂടെ സ്വയം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നമ്മള്‍ നമ്മെത്തന്നെ പുതുക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ, നമ്മള്‍ ഒരു കാര്യം തിരിച്ചറിയുന്നു. ചില ഇഷ്ടങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നതിനെക്കാള്‍ എത്രയോ ക്ലേശകരമാണ് നമ്മില്‍ത്തന്നെ ചില മാറ്റങ്ങള്‍ വരുത്തുക എന്നത്. തിരുത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടും നേരെയാകാത്ത കാര്യങ്ങള്‍ എത്രയോ ആണ്. അതില്‍ തീര്‍ച്ചയായും നമ്മുടെ വാക്കുകളിലെ പിഴവുകളായിരിക്കാം കൂടുതല്‍. 'വാക്കില്‍ പിഴയ്ക്കാത്തവന്‍ അനുഗൃഹീതന്‍, അവന് പാപത്തെപ്രതി ദുഃഖിക്കേണ്ടി വരികയില്ല' എന്ന് പ്രഭാഷകന്‍. ഒരാളുടെ വാക്ക് ശുദ്ധമാണെങ്കില്‍ അയാള്‍ വിശുദ്ധനാണെന്ന് സാരം.

തിരികെച്ചെല്ലുമ്പോള്‍ നമുക്ക് ഏറ്റവും കൂടുതല്‍ കണക്കു ബോധിപ്പിക്കേണ്ടി വരിക നമ്മുടെ വാക്കുകളെക്കുറിച്ചാണ്. അതിനാല്‍ വാക്കുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു. മുറുമുറുപ്പുപോലും അവിടുത്തെ ശ്രദ്ധയില്‍പ്പെടുന്നുവെന്ന് ജ്ഞാനത്തിന്റെ പുസ്തകം അനുസ്മരിപ്പിക്കുമ്പോള്‍ നമ്മള്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധി ദിവസത്തില്‍ കണക്കുകൊടുക്കേണ്ടി വരുമെന്നാണ് യേശുവിന്റെ മുന്നറിയിപ്പ്. ഓരോ ദിവസവും പറയുന്ന എണ്ണമില്ലാത്ത വാക്കുകള്‍ക്ക് കണക്കു കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തായിരിക്കും നമ്മുടെ സ്ഥിതി!

ഹൃദയത്തിലാണ് വാക്കിന്റെ വേര്. വാക്കുകള്‍ക്ക് ജീവന്‍ കൊടുക്കാനും നശിപ്പിക്കാനും വളര്‍ത്താനും തളര്‍ത്താനും കഴിയും. വാക്കുകള്‍ നമ്മള്‍ കരുതുന്നതിനെക്കാള്‍ വലിയ പ്രതിഫലനങ്ങള്‍ ചുറ്റിലും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ വാക്കുകള്‍ നമ്മിലും മറ്റുള്ളവരിലും ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ നിരീക്ഷിച്ചാലതു പിടികിട്ടും. നമ്മളൊരാളോട് കോപിച്ചാല്‍ അയാള്‍ മാത്രമല്ലല്ലോ നമ്മളും ഭാരപ്പെടുകയല്ലേ. സ്‌നേഹത്തോടെയുള്ള സംസാരമാകട്ടെ ഇരുകൂട്ടരിലും സ്വസ്ഥതയും സമാധാനവും ഉളവാക്കുന്നു. പ്രകൃതിയില്‍ പോലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ട്.

മസാറു ഇമാട്ടോ (1943-2014) എന്ന ജപ്പാന്‍കാരനായ ഒരു എഴുത്തുകാരനാണ് വാക്കുകളുടെ ഇത്തരം സ്വാധീനത്തെക്കുറിച്ച് ചില പരീക്ഷണങ്ങള്‍ നടത്തിയത്. വാക്കുകള്‍ വെള്ളത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ എന്നാണ് അദ്ദേഹം പ്രധാനമായും പരീക്ഷിച്ചത്. അത്ഭുതകരമായിരുന്നു കണ്ടെത്തല്‍. നല്ല വാക്കുകളും ചീത്തവാക്കുകളും കേള്‍പ്പിച്ച വെള്ളവും മോശപ്പെട്ട വാക്കുകള്‍ കേള്‍പ്പിച്ച വെള്ളവും ഫ്രീസ് ചെയ്ത് അതിന്റെ ക്രിസ്റ്റലുകള്‍ പരിശോധിച്ചപ്പോഴാണ് അതിശയിപ്പിക്കുന്ന വ്യത്യാസം കണ്ടെത്തിയത് എന്നദ്ദേഹം പറയുന്നു. നല്ല വാക്കുകള്‍ കേട്ട വെള്ളത്തിന്റെ ക്രിസ്റ്റലുകള്‍ ക്രമീകൃതവും അതിമനോഹരമായി കാണപ്പെട്ടു. എന്നാല്‍, മോശം വാക്കുകള്‍ കേള്‍ക്കാനിടയായ ജലത്തിലെ ക്രിസ്റ്റലുകള്‍ വികൃതമായും ക്രമമില്ലാതെയും കാണപ്പെട്ടു. ഗ്ലാസ് ടംബ്ലറില്‍ എഴുതി ഒട്ടിച്ച വാക്കുകളോടുപോലും സമാനമായ പ്രതികരണമാണ് ഉണ്ടായത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഈ കണ്ടെത്തലുകള്‍ The Hidden message in water എന്ന പേരില്‍ ഒരു പുസ്തകമാക്കിയിട്ടുണ്ട്. 2004 ല്‍ എഴുതിയ ഈ പുസ്തകം ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇത്രയും പറഞ്ഞത് എത്രമേല്‍ വിലപ്പെട്ടതാണ് നമ്മുടെ ഓരോ വാക്കും എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പ് നമുക്ക് ചെറിയൊരു ടാസ്‌കില്‍ ഏര്‍പ്പെട്ടാലോ. ഓരോരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പറയുമ്പോഴും ബാലനായ യേശുവിനെപ്പോലെ ആയിരിക്കുക എന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ലഭിച്ചിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാവും. അതില്‍ ഒരു കാര്യം മാത്രമാണ് നമ്മുടെ ടാസ്‌കിലുള്ളത്. യേശുവിനെപ്പോലെ സംസാരിക്കാന്‍ ശ്രമിച്ചു നോക്കുക. അതുമതി.

  • വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് ഒരേട്: ദിവ്യകാരുണ്യത്തില്‍ ഈശോയെ ഞാന്‍ സ്വീകരിക്കുമ്പോള്‍ എന്റെ നാവുമൂലം എന്റെ ദൈവത്തെയോ എന്റെ സഹോദരങ്ങളെയോ വേദനിപ്പിക്കാതിരിക്കാന്‍ എന്റെ നാവിനെ സൗഖ്യപ്പെടുത്തണമെന്നു ഞാന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു... നാവു ചെയ്യുന്ന ദ്രോഹം എത്ര വലുതാണ്. നാവു നിയന്ത്രിച്ചില്ലെങ്കില്‍ ആത്മാവിനു വിശുദ്ധി പ്രാപിക്കാന്‍ സാധ്യമല്ല (നമ്പര്‍ 92).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org