ഒരേ പന്തി, എന്നിട്ടും

ഒരേ പന്തി, എന്നിട്ടും
  • 'അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു' - യോഹ. 13:27

ഇത്രയും വൈരുധ്യം നിറഞ്ഞ ഒരു പ്രസ്താവന ബൈബിളില്‍ വേറെയില്ല. ഇത് ഞാന്‍ തന്നെയാണെന്നു പറഞ്ഞാണ് ക്രിസ്തു ആ അപ്പം അയാള്‍ക്കു പകുത്തു നല്‍കിയത്. യൂദാസ് ആദ്യകുര്‍ബാന സ്വീകരിക്കുകയാണ്! എന്നിട്ടോ, അയാളില്‍ പ്രവേശിക്കുന്നത് ക്രിസ്തുവല്ല, സാത്താനാണ്.

അവിടുത്തോടൊപ്പം തൊട്ടുരുമ്മി മൂന്നുവര്‍ഷം സഞ്ചരിച്ചവനാണ്. ഒരുമിച്ച് ഉണ്ടു, ഉറങ്ങി, അത്ഭുതങ്ങള്‍ കണ്ടു, ആ ജ്ഞാനമൊഴികള്‍ കേട്ടു. എങ്കിലും, അയാളെ ഒന്നും തൊടുന്നില്ല. ഒടുവില്‍ അവസാന രാത്രിയില്‍ തിരുവത്താഴമേശയിലെ വിരുന്നു പൂര്‍ത്തിയാകുന്നതിനുമുമ്പ് അയാള്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകുന്നു, സാത്താനാല്‍ ആവേശിതനായി. പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്കുപോയ അയാള്‍ അല്പം കഴിഞ്ഞ് യേശുവിനരികിലേക്ക് തിരികെവരും, ഒറ്റുകാരന്റെ വേഷപ്പകര്‍ച്ചയോടെ. അതോടെ ചരിത്രത്തില്‍ 'ഒറ്റുകാരന്‍' എന്ന ഒരു വിശേഷണം അയാളുടെ പേരിനോട് എന്നേക്കുമായി ചേര്‍ക്കപ്പെടും.

നമ്മള്‍ ഭക്തര്‍ക്കുള്ള ഒരു ആത്മീയ മുന്നറിയിപ്പാണ് യൂദാസ്. പ്രാര്‍ത്ഥനയും ജീവിതവും തമ്മില്‍ റെയില്‍ ട്രാക്കുപോലെ കൂട്ടിമുട്ടിക്കാതെ പോകുന്ന ഭക്തര്‍ക്കുള്ള മുന്നറിയിപ്പ്. എത്രയോ ഭക്താനുഷ്ഠാനങ്ങളിലാണ് നമ്മള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. കുമ്പസാരിക്കുന്നു, കുര്‍ബാന കാണുന്നു, പ്രാര്‍ത്ഥിക്കുന്നു, സുവിശേഷം പ്രസംഗിക്കുന്നു, നോമ്പു നോക്കുന്നു, ഉപവസിക്കുന്നു, ദാനം ചെയ്യുന്നു അങ്ങനെയങ്ങനെ... എന്നിട്ടും ഇന്നലെത്തേതിനെക്കാള്‍ മെച്ചമാകുന്നുണ്ടോ ജീവിതം? ഇയാളിതെന്തുകൊണ്ടാണിങ്ങനെ എന്ന് മറ്റുള്ളവര്‍ നമ്മെ നോക്കി അമ്പരക്കുന്നു. പള്ളിയിലേക്കിറങ്ങുന്നതിനുമുമ്പുണ്ടായ ഒരു പിണക്കം കുര്‍ബാനയ്ക്കുശേഷവും തുടരുന്നെങ്കില്‍ എങ്ങനെയിരിക്കും? യോഗ്യതയില്ലാതെ അവിടുത്തെ സ്വീകരിച്ചു എന്ന കൂടുതല്‍ ഗൗരവമേറിയ മറ്റൊരപരാധം കൂടി നമ്മള്‍ ചെയ്യുന്നു. അനുദിനജീവിതത്തിലെ പലകര്‍മ്മങ്ങളില്‍ ഒന്നുമാത്രമായി ഭക്തകൃത്യങ്ങളും തരംതാണു പോകുമ്പോഴുള്ള അപകടമാണിത്. അവര്‍ അന്ന് അവിടുത്തോട് ഇങ്ങനെ ചോദിക്കും: 'കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും പിശാചുക്കളെ പുറത്താക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?' 'അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല.'

നോമ്പ് ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നമുക്ക് പൊതുവേ താല്പര്യം കൂടുതലുണ്ട്. വിശുദ്ധ കുര്‍ബാന എന്ന മഹാവിസ്മയത്തെ - ദൈവത്തിന്റെ മഹാദാനത്തെ - നമ്മള്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നുകൂടി പരിശോധിക്കേണ്ട കാലമാണിത്. യോഗ്യതയില്ലാതെ അവിടുത്തെ സ്വീകരിക്കുന്നവര്‍ സ്വന്തം ശിക്ഷാവിധിതന്നെയാണ് ഭക്ഷിക്കുന്നത് എന്ന വിശുദ്ധ പൗലോസിന്റെ ഓര്‍മ്മപ്പെടുത്തലിനെ കുറച്ചുകൂടി ഗൗരവത്തിലെടുക്കേണ്ടതുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുംമുമ്പ് വൈദികന്‍ താഴ്ന്ന സ്വരത്തില്‍ ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന ശ്രദ്ധിച്ചിട്ടുണ്ടോ? കര്‍ത്താവേ, നിന്റെ തിരുശരീരം എനിക്ക് ശിക്ഷാവിധിക്ക് ഹേതുവാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. അഗാധവിനയത്തോടെ നമ്മളും ആവര്‍ത്തിക്കേണ്ട പ്രാര്‍ത്ഥനയാണിത്.

ഒരുമിച്ച് ഒരേ പ്രാര്‍ത്ഥനകള്‍ ഉരുവിടുകയും ഒരേ ആത്മീയ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് അവരെല്ലാം രക്ഷയിലും പങ്കാളികളാകണമെന്നില്ല എന്നൊരു മുന്നറിയിപ്പ് ബൈബിള്‍ നല്കുന്നുണ്ട്. പുറപ്പാട് യാത്രയിലെ പിതാക്കന്മാരെയാണ് വിശുദ്ധ പൗലോസ് ചൂണ്ടിക്കാണിക്കുന്നത്. അവരെല്ലാം മോശയോടൊപ്പം മേഘത്തിലും കടലിലും സ്‌നാനമേറ്റു. ദൈവം നല്‍കിയ മന്നയായിരുന്നു എല്ലാവരും ഭക്ഷിച്ചത്. ഒരേ ആത്മീയപാനീയം അവര്‍ പാനം ചെയ്തു. എങ്കിലും അവരില്‍ മിക്കവരിലും ദൈവം പ്രസാദിച്ചില്ല (1 കൊറി. 19:16). നമുക്കുമൊരു ഓര്‍മ്മപ്പെടുത്തലാണത്. യൂദാസ് ഏതൊരു വിശ്വാസിയുടെയും ഉള്ളിലെ സാധ്യതയാണ് എന്നോര്‍ക്കണം. സ്വന്തം ഹൃദയത്തെ ജാഗരൂഗതയോടെ കാത്തില്ലെങ്കില്‍ എത്തിച്ചേരാവുന്ന സാധ്യത. ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരുമിച്ച് ആര്‍ത്തു പാടുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും നിയമങ്ങളെല്ലാം മുറപോലെ അനുഷ്ഠിക്കുമ്പോഴും 'ഈ ജനം വാക്കുകൊണ്ട് മാത്രം എന്നെ സമീപിക്കുകയും അധരം കൊണ്ടുമാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍ നിന്ന് അകന്നിരിക്കുന്നു. എന്റെ നേര്‍ക്കുള്ള ഭക്തി മനഃപ്പാഠമാക്കിയ മാനുഷിക നിയമമാണ്' (ഏശയ്യ 28:13) എന്ന് അവിടുന്ന് നമ്മെ നോക്കി സങ്കടപ്പെടുന്നുണ്ടാകുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org