പുനഃസംഗമം

പുനഃസംഗമം

മൊഴി: 'പിതാവേ, അങ്ങേ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു'

(ലൂക്കാ 23:46).

യേശുവിന്റെ ഏഴു അന്ത്യമൊഴികളില്‍ അവസാനത്തേതും ലൂക്കായുടെ സുവിശേഷത്തിലെ മൂന്നാമത്തേതുമായ അന്ത്യമൊഴിയാണിത് (ലൂക്കാ 23:46). ഈ ജന്മം പാഴായിപ്പോയി എന്നു കരുതിയവന്റെ പാഴ്‌വാക്കല്ലിത്. മറിച്ചു, തന്നെ ഏല്‍പ്പിച്ച ജീവനും ജീവിതവും ഉടയോനു സംതൃപ്തിയോടും നന്ദിയോടുംകൂടി തിരിച്ചേല്പിക്കുന്നവന്റെ കാഴ്ചസമര്‍പ്പണ പ്രാര്‍ത്ഥനയാണ്.

സമവീക്ഷണ സുവിശേഷങ്ങളൊക്കെയും അടയാളപ്പെടുത്തുന്നത് യേശു ഉച്ചത്തില്‍ കരഞ്ഞു കൊണ്ട് ജീവന്‍ വെടിഞ്ഞുവെന്നാണ് (മത്താ. 27:50; മര്‍ക്കോ. 15:37; ലൂക്കാ 23:46). എന്നാല്‍ ലൂക്കാ മാത്രം ആ കരച്ചിലിനോട് ഒരു പ്രാര്‍ത്ഥനയെ കൂട്ടിച്ചേര്‍ക്കുകയാണ്. കഠോരവേദനയോടെ പ്രാണന്‍ പിടയുമ്പോള്‍പോലും അതിനെ പിതൃകരങ്ങളിലേക്കുള്ള ആത്മസമര്‍പ്പണമാക്കി മാറ്റുകയാണ് അവിടുന്ന്. 'പുനഃസംഗമം' എന്നാണ് വേദപണ്ഡിതര്‍ ഈ പ്രാര്‍ത്ഥനയെയും അര്‍പ്പണത്തെയും വിശേഷിപ്പിക്കുന്നത്. പിതാവിന്റെ പക്കല്‍നിന്നും വന്ന താന്‍ പിതാവിന്റെ ഹിതവും പിതാവ് ഏല്‍പ്പിച്ച ദൗത്യവും പൂര്‍ത്തിയാക്കി അവിടുത്തെ സന്നിധിയിലേക്ക് തിരികെയണയുന്നതിന്റെ ധ്വനിയാണിതിനുള്ളത്. അതുകൊണ്ടുതന്നെ വേദനാജനകവും നിരാശാപൂര്‍ണ്ണവുമായ ഒരാര്‍ത്തനാദമല്ല യേശു കുരിശില്‍ മുഴക്കിയത്. താന്‍ ശരണം വയ്ക്കുന്നവനിലുള്ള സമ്പൂര്‍ണ്ണ ആശ്രയത്വമാണ് അവന്‍ ആ വാക്കുകളിലൂടെ വെളിപ്പെടുത്തിയത്.

സങ്കീര്‍ത്തനം 31:5 ഉദ്ധരിച്ചു കൊണ്ടാണ് യേശു ഈ 'സമര്‍പ്പണ പ്രാര്‍ത്ഥന' നടത്തിയത്. ഒരു വ്യക്തിവിലാപ സങ്കീര്‍ത്തനമാണത്. ദുരിതവും ദുഃഖവുമനുഭിക്കുന്ന, എല്ലാവരാലും പരിഹസിക്കപ്പെടുന്ന ഒരാളുടെ വിലാപത്തോടൊപ്പം ദൈവത്തിലുള്ള ശരണം വയ്ക്കല്‍കൂടി ഈ സങ്കീര്‍ത്തനം വരച്ചുകാട്ടുന്നു. കര്‍ത്താവ് 'എന്റെ അഭയശിലയും എനിക്ക് രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമാണെന്ന്' ഏറ്റുപറഞ്ഞു കൊണ്ടാണ് സങ്കീര്‍ത്തകന്‍ 'അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' എന്നു ശരണം വയ്ക്കുന്നത്. 31:5 ലെ ഈ സമര്‍പ്പണമാണ് ഓരോ ദിവസത്തിന്റെയും അവസാനത്തില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ചൊല്ലാന്‍ ഓരോ യഹൂദബാലനെയും അമ്മമാര്‍ പഠിപ്പിച്ചിരുന്നത്. മരണം യേശുവിനെ സംബന്ധിച്ചിടത്തോളം നിദ്ര മാത്രമായിരുന്നു. അതുകൊണ്ടാണ് ഉറങ്ങാന്‍ പോകുന്ന യഹൂദന്‍ ഉരുവിട്ടു പ്രാര്‍ത്ഥിച്ചിരുന്ന സങ്കീര്‍ത്തനം അവനുമാവര്‍ത്തിച്ചത്. പിടഞ്ഞുകൊണ്ടല്ല, പ്രാര്‍ത്ഥിച്ചു തലയിണയില്‍ ചാഞ്ഞുറങ്ങുന്നപോലെ, തലചായ്ച്ച് അവന്‍ മരിച്ചു എന്നാണ് സു വിശേഷഭാഷ്യം.

കുരിശില്‍ നിന്നുള്ള ഒരു വിലാപകീര്‍ത്തനം മാത്രമായിപ്പോകുമായിരുന്ന ഈ പ്രാര്‍ത്ഥനയെ കൂടുതല്‍ മഹനീയവും മനോഹരവും ഏറെ ഹൃദയസ്പര്‍ശിയുമാക്കിമാറ്റി, യേശു. 'അബ്ബാ പിതാവേ' എന്നു വിളിച്ചാണ് അവന്‍ ഈ പ്രാര്‍ത്ഥന നടത്തുന്നത്. ഞാനും പിതാവും ഒന്നാണ് എന്ന് പറഞ്ഞവന്റെ പിതാവുമായുള്ള ഒന്നാകലാണ് കുരിശില്‍ അവന്‍ നടത്തിയ ആത്മാര്‍പ്പണത്തിലൂടെ നിറവേറ്റിയത്. യേശുവിന്റെ ജീവിതം മുഴുവന്‍ പിതാവിനോടുള്ള ആത്മ സമര്‍പ്പണത്തിന്റെ മറുവാക്കായിരുന്നു. 'ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകേണ്ടവനല്ലേ?' എന്ന ആത്മാവബോധം കുഞ്ഞുനാളിലെ കാട്ടിയവന്‍, അന്ത്യനിമിഷത്തിലും ആ സമര്‍പ്പണബോധം കാത്തുസൂക്ഷിക്കുകയാണ്. പിതാവിന്റെ ഹിതമല്ലാതെ അവന്‍ എന്താണ് അന്വേഷിച്ചിട്ടുള്ളത്? അതല്ലാതെ എന്താണ് അവന്‍ നിറവേറ്റിയത്? അവന്റെ ഭക്ഷണവും പാനീയവും മറ്റെന്തായിരുന്നു? ഒടുവില്‍ ആ പിതാവിന്റെ സ്‌നേഹകരങ്ങളിലേക്ക് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവന്‍ സമര്‍പ്പിക്കുകയാണ്, 'ഇനി എന്തായാലും, സന്തോഷമായാലും സഹനമായാലും നിന്നോടൊപ്പം, നിന്നില്‍ ശരണംവച്ച്' എന്ന നിറ മനസ്സോടെ. 'പിതാവേ' എന്ന ആ വിളി നിസ്സഹായതയ്ക്കും നിരാശയ്ക്കുമപ്പുറം ആശ്രയത്വത്തിന്റെയും ആത്മബന്ധത്തിന്റെയും വിളിയാണ്.

യേശുവിനെ ദേവാലയത്തില്‍ കാഴ്ചയര്‍പ്പിച്ചപ്പോള്‍ ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാനില്ലാത്ത ദാരിദ്ര്യത്തിന്റെ നടുവില്‍ നിന്നു മറിയവും യൗസേപ്പും രണ്ടു പ്രാവുകളെ സമര്‍പ്പിക്കുന്നുണ്ട്. പ്രതീകാത്മകമായ ആ സമര്‍പ്പണത്തിന്റെ നിമിഷം മുതല്‍ അവന്റെ ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നു. താന്‍ കണ്ടുമുട്ടിയവര്‍ക്കായി, തന്നെ കണ്ടവര്‍ക്കായി അവന്‍ ഉള്ളും ഉള്ളതും സമര്‍പ്പിച്ചു. അന്ത്യ അത്താഴ വിരുന്നിലെ ഊട്ടുമേശയില്‍ വച്ച് 'ഇതെന്റെ ശരീരം! ഇതെന്റെ രക്തം' എന്നു പറഞ്ഞു സമ്പൂര്‍ണ്ണ ആത്മാര്‍പ്പണം നടത്തി. ഒടുവില്‍, ഉടുതുണിപോലുമില്ലാത്ത പരമ ദരിദ്രനായി കുരിശില്‍ കിടന്നു പ്രാണന്‍ വെടിയുമ്പോള്‍ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടായി അവന്‍ സ്വയം സമര്‍പ്പിക്കുകയാണ്. സ്വയം നിവേദ്യമായുള്ള ആ സമര്‍പ്പണം സമാനതകളില്ലാത്ത വിധം നിറവേറ്റിയെന്ന നിര്‍വൃതിയോടെയാണ് യേശു ഈ സമര്‍പ്പണപ്രാര്‍ത്ഥന ചൊല്ലിയത്.

യേശുവിന്റെ സമാപനമൊഴി എത്രയോ സമ്മോഹനമാണ് 'ഇവന്‍ എന്റെ പ്രിയ പുത്രന്‍! ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു' എന്ന് യേശുവിന്റെ ജ്ഞാനസ്‌നാനവേളയില്‍ പറഞ്ഞ അംഗീകാരമുദ്ര ചാര്‍ത്തിക്കൊടുക്കുന്ന പിതാവ്, മകന്‍ അവന്റെ പരസ്യ ജീവിതകാലത്തു തിരസ്‌കൃതനാകുമ്പോള്‍, പാനപാത്രം മാറ്റിത്തരണേ എന്നു കേഴുമ്പോള്‍, വിധിക്കപ്പെടുമ്പോള്‍, പരിഹസിക്കപ്പെടുമ്പോള്‍, അതിദാരുണമാംവിധം പീഡിപ്പിക്കപ്പെടുമ്പോള്‍, കുരിശില്‍ ഒരു കുറ്റവാളിയെപ്പോലെ തറയ്ക്കപ്പെടുമ്പോള്‍, ശരീരം തച്ചുതകര്‍ക്കപ്പെടുമ്പോള്‍, 'എന്തു കൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?' എന്നു വിളിച്ചപേക്ഷിക്കുമ്പോള്‍... ഒന്നും മിണ്ടുന്നില്ല. എന്നിട്ടും അടി പതറാത്ത ആത്മധൈര്യത്തോടെ യേശു ജീവിതത്തിന്റെ സമാപന പ്രാര്‍ത്ഥന ചൊല്ലുകയാണ്, അതേ പിതാവിന്റെ മടിയില്‍ നിദ്ര കൊള്ളാന്‍വേണ്ടി. കുരിശോളമെത്തുന്ന സമര്‍പ്പണങ്ങളാണ് പിതാവിനു സ്വീകാര്യങ്ങളായിത്തീരുകയുള്ളൂവെന്ന് അവന്റെ ആത്മസമര്‍പ്പണം നമുക്ക് പറഞ്ഞുതരുന്നു. ജീവിതത്തിന്റ തുടക്കം മുതല്‍ ഒടുക്കം വരെ ഒരുവന്‍ ദൈവത്തോടു പുലര്‍ത്തേണ്ട വിശ്വസ്തതാപൂര്‍ണ്ണമായ സമര്‍പ്പണമാണിത്. യേശു പറഞ്ഞ 'രണ്ടു പുത്രന്മാരുടെ ഉപമ'യില്‍ (മത്താ. 21:28-32) രണ്ടു പുത്രന്മാരും, താന്‍ മുന്തിരിത്തോട്ടത്തിലേക്കു പോകാമെന്നു പറഞ്ഞിട്ട് പോകാതിരുന്നവനും പോകില്ലെന്നു പറഞ്ഞിട്ട് ഒടുവില്‍ മനസ്സു തിരിഞ്ഞു പോയവനും പിതാവിന് വേദന നല്‍കുന്നവരാണ്. ഒരാള്‍ ഒടുവിലും, മറ്റെയാള്‍ തുടക്കത്തിലും എന്ന വ്യത്യാസമേയുള്ളൂ. മനസ്സു തിരിഞ്ഞവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നുവെന്നു മാത്രം. എന്നാല്‍ ആ ഉപമയില്‍ ഒരു മൂന്നാമത്തെ പുത്രന്‍ മറഞ്ഞിരിപ്പുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ പിതാവിന്റെ ഹിതം നിറവേറ്റി സമ്പൂര്‍ണ്ണാനന്ദം സമ്മാനിക്കാന്‍ കഴിയുന്നവന്‍. ആ മൂന്നാമത്തെ പുത്രന്‍ യേശുക്രിസ്തുവാണ്. ആ ക്രിസ്തുവിനോളം വളര്‍ന്നവര്‍ക്കു മാത്രമേ 'പിതാവേ, അങ്ങേ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' എന്ന ജീവിതത്തിന്റെ സമാപനപ്രാര്‍ത്ഥന ചൊല്ലാനും കഴിയൂ.

മറുമൊഴി: ക്രൂശിതനായ കര്‍ത്താവേ, ജീവിതത്തിലെപ്പോഴും, എന്റെ മരണനേരത്തും നിന്നെപ്പോലെ പിതാവിന് ആത്മസമര്‍പ്പണം ചെയ്യുവാന്‍ എന്നെ സഹായിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org