നോമ്പുകാല ചിന്തകള്‍

സിസ്റ്റര്‍ കരോളിന്‍ CSN
സുപ്പീരിയര്‍ ജനറല്‍, സിസ്റ്റേഴ്സ് ഓഫ് നസ്രത്ത്

കഴുമരത്തെ ഫലം ചൂടുന്ന രക്ഷയുടെ ജീവന്‍റെ മരമാക്കിയത് യേശുവിന്‍റെ കുരിശിലെ സഹനമരണങ്ങളാണ്. ജറുസലേമില്‍ നിന്നും ഓടിപ്പോയവര്‍ മടങ്ങിവന്നതും, ചിതറപ്പെട്ടവര്‍ ഒരുമിച്ചുകൂടിയതും, ഭയം നീങ്ങി ധൈര്യശാലികളായതും അവന്‍റെ സാന്നിദ്ധ്യം കൊണ്ടാണ്. അപരന് ധൈര്യം പകരുന്ന രക്ഷയുടെ, പ്രതീക്ഷയുടെ അടയാളമായി മാറാന്‍ നമുക്കാകണം. തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈശോ നല്കുന്ന ഏറ്റവും വലിയ സമ്മാനം കുരിശാണ്. അനുദിനജീവിതത്തിലെ കുരിശുകള്‍ സന്തോഷത്തോടെ വഹിക്കുവാനും, കുരിശിലൂടെ അവിടുന്ന് നേടിയെടുത്ത രക്ഷ സ്വന്തമാക്കുന്നതിനുമായി ഒരിക്കല്‍ കൂടി ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തെ അനുസ്മരിപ്പിക്കുന്ന നോമ്പുകാലത്തേക്കു നാം പ്രവേശിക്കുകയാണ്. അവന്‍റെ സഹനങ്ങളിലൂടെയാണ് നമുക്കു രക്ഷയുണ്ടായത്. അവിടുത്തെ സഹന ശുശ്രൂഷകളിലൂടെയാണ് മനുഷ്യവംശം രക്ഷ കണ്ടെത്തിയത്. നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ സഹനങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ അതു നമ്മുടെ വിശുദ്ധീകരണത്തിനായി ഭവിക്കുന്നു. ക്രിസ്തുവിന്‍റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും (1 പത്രോ. 4:13). പരിഹാസത്തിന്‍റെ അടയാളമായ കുരിശ് അവിടുന്ന് ഏറ്റുവാങ്ങി. കുരിശില്‍ മരിച്ചപ്പോള്‍ കുരിശ് മാനവരാശിക്ക് മഹത്വത്തിന്‍റെ ചിഹ്നമായിത്തീര്‍ന്നു. അതുകൊണ്ടാണല്ലോ, ഞങ്ങളുടെ ഏക പ്രത്യാശയായ കുരിശേ വാഴുക (CCC. 617) എന്നു പാടിക്കൊണ്ട് സഭ കുരിശിനെ വണങ്ങുന്നത്.

കൂടുതല്‍ പ്രാര്‍ത്ഥിച്ചും പരിഹാരമനുഷ്ഠിച്ചും ഉപവസിച്ചും മാനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും വിശ്വാസികളെ സഭ പ്രത്യേകമാംവിധം ക്ഷണിക്കുകയാണ് ഈ നോമ്പുകാലത്ത്. പറുദീസായില്‍ വച്ച് നഷ്ടമായ ദൈവ മനുഷ്യബന്ധം പുനഃസ്ഥാപിക്കുവാന്‍ പിതാവായ ദൈവം ലോകത്തിലേക്കയച്ച തന്‍റെ സ്നേഹമായ പുത്രന്‍ കടന്നുപോയ സഹനവഴികളിലൂടെ ക്രൈസ്തവസമൂഹം ധ്യാനപൂര്‍വം നീങ്ങുന്ന ഈ പുണ്യകാലത്തില്‍ നമ്മുടെ നോമ്പാചരണം എങ്ങനെയുള്ളതാകണം എന്ന് സ്വര്‍ഗം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. വസ്ത്രമല്ല ഹൃദയം കീറിയാണ് നമ്മുടെ ഉപവാസം അര്‍ത്ഥപൂര്‍ണമാക്കേണ്ടത്. ഏശയ്യ 58:6-7 ല്‍ ഉപവാസത്തെക്കുറിച്ചു ഇപ്രകാരം പറയുന്നു; ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം എന്ന്. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്നു ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്ന സഹോദരസ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റേതുമായ ത്യാഗജീവിതം! ഇത് നമ്മള്‍ ബാഹ്യമായി ചെയ്തുകൂട്ടി തൃപ്തിയടയുന്ന ഭക്താഭ്യാസങ്ങളെക്കാള്‍ അര്‍ത്ഥപൂര്‍ണം എന്ന് ദൈവത്തിന്‍റെ വചനം പ്രവാചകനിലൂടെ നമ്മോടു പറയുന്നു. നമ്മുടെ ജീവിതത്തില്‍ വരുത്തേണ്ട മാനസാന്തരത്തിനൊപ്പം കാരുണ്യപ്രവര്‍ത്തികളിലൂടെയുമാണ് ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കേണ്ടത്. ഇപ്രകാരം യഥാര്‍ത്ഥ ഉപവാസമനുഷ്ഠിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം തൊട്ടടുത്ത വചനത്തിലൂടെ പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതിങ്ങനെയാണ്; അപ്പോള്‍ നിന്‍റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും. നിന്‍റെ നീതി നിന്‍റെ മുമ്പിലും കര്‍ത്താവിന്‍റെ മഹത്വം നിന്‍റെ പിന്‍പിലും നിന്നെ സംരക്ഷിക്കും. നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും.

കേവലം ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക എന്നതിനപ്പുറം കരുണയുടെ പ്രവൃത്തികള്‍കൊണ്ട് ഈ നോമ്പുകാലം സമ്പന്നമാക്കാം. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല (1 Jn. 4/20b). ബലഹീനതകളും പോരായ്മകളും നിറഞ്ഞ മനുഷ്യപ്രകൃതി ക്ഷമയും കരുണയും സഹിഷ്ണുതയും അര്‍ഹിക്കുന്നുണ്ട്. അതു കൊടുക്കുമ്പോള്‍ നാം ചെയ്യുന്നത് ഔദാര്യമല്ല, പിന്നെയോ നീതിയാണ്. അനുനിമിഷം നാം സ്വീകരിക്കുന്ന ദൈവകരുണ ആര്‍ക്ക് അളക്കാനാവും! സഹോദരന്‍റെ കണ്ണിലെ നനവ് എന്‍റെ ഹദയത്തിലെ നനവായി മാറണം. അത് നമ്മുടെ ആത്മാവില്‍ ഉറവെടുക്കുന്ന അരുവിയായി മാറും. യോഹന്നാന്‍റെ സുവിശേഷം 7/37 ല്‍ പറയുന്നതുപോലെ ജീവജലത്തിന്‍റെ അരുവി. നമ്മുടെ കുടുംബങ്ങളില്‍, സമൂഹങ്ങളില്‍ കൂടുതല്‍ പ്രകാശമുള്ള വ്യക്തികളായിത്തീരുവാന്‍ നമ്മെ സഹായിക്കുന്ന സുവിശേഷമൂല്യങ്ങളെ ജീവിതത്തിലേക്കു പകര്‍ത്തുവാനുള്ള ത്യാഗം ഏറ്റെടുക്കാന്‍ നമുക്കാകണം. ചാക്കുടുത്തും ചാരം പൂശിയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിച്ചും ബാഹ്യമായ പ്രകടനങ്ങള്‍ നടത്താന്‍ നമുക്ക് എളുപ്പമാണ്. എന്നാല്‍ വ്യക്തിബന്ധങ്ങളിലെ വിള്ളലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍, ആത്മാര്‍ത്ഥമായി അപരന് മാപ്പുകൊടുക്കാന്‍ നമുക്കത്ര എളുപ്പമല്ല. വിശുദ്ധ ഫൗസ്റ്റീനായോട് ഈശോ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: കുരിശിന്‍റെ വഴിയല്ലാതെ സ്വര്‍ഗത്തിലേക്കു വേറൊരു വഴിയുമില്ല. ഞാന്‍ ആദ്യം അതു സ്വീകരിച്ചു. ഏറ്റവും ഉറപ്പുള്ളതും ദൂരം കുറഞ്ഞതുമായ പാത ഇതാണെന്ന് നീ തീര്‍ച്ചയായും മനസ്സിലാക്കണം (ഡയറി 1487). സകലതിനും എളുപ്പവഴികള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. പക്ഷേ മഹത്വത്തിലേക്കുള്ള വഴി കഷ്ടപ്പാടുകളുടെയും സഹനങ്ങളുടേതുമാണ്. വിത്തുകള്‍ നിലത്തുവീണ് അഴിഞ്ഞ് അര്‍ത്ഥം കണ്ടെത്തുന്നതുപോലെ പീഡാനുഭവങ്ങളിലൂടെ പരുവപ്പെടാനും മഹത്വത്തിന്‍റെ കിരീടം സ്വന്തമാക്കുവാനും സാധിക്കണം. സഹജീവികളുടെ ദൗര്‍ബല്യങ്ങളെയും മുറിവുകളെയും കുറ്റപ്പെടുത്താതെ കാരുണ്യത്തിന്‍റെ ഔഷധവുമായി അവയെ സുഖപ്പെടുത്തുവാന്‍ നമ്മെ പഠിപ്പിക്കുന്ന യേശുവിന്‍റെ/സഭയുടെ മുഖപ്രസാദം നമ്മില്‍ തെളിയുമ്പോള്‍ നമ്മുടെ നോമ്പാചരണം അര്‍ത്ഥവത്താകും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org